കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞ ആറംഗ കുടുംബത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാവാലി: കൂട്ടിക്കല്‍ ഉരുള്‍ പൊട്ടലില്‍ വീട് ഒലിച്ചുപോയി ജീവൻ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ ആറു പേരുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച കൂട്ടിക്കൽ കാവാലി സെന്റ് മേരീസ് പള്ളിയിൽ സംസ്കരിച്ചു.

മാർട്ടിൻ (48), അമ്മ ക്ലാരമ്മ (65), ഭാര്യ സിനി മാർട്ടിൻ (45), സ്നേഹ മാർട്ടിൻ (14), സോനാ മാർട്ടിൻ (12), സാന്ദ്ര മരിൻ (10) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് (തിങ്കളാഴ്ച) സംസ്ക്കരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഒരു സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ കാവാലി സെന്റ് മേരീസ് പള്ളിയിലേക്ക് കൊണ്ടുപോയി.

പാലക്കാട് നിന്ന് കൊണ്ടുവന്ന സിനിയുടെ മാതാപിതാക്കളായ സേവ്യറിന്റെയും ബേബിയുടെയും കരച്ചിൽ എല്ലാവരെയും കണ്ണീരണിയിച്ചു. പാലാ ബിഷപ്പ് തോമസ് കല്ലറങ്ങാട്ട്, അസിസ്റ്റന്റ് ബിഷപ്പ് മാർ ജോസഫ് മുരിക്കൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്കാര പ്രാർത്ഥന.

സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ, പാര്‍ലമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണൻ, എം.എൽ.എ.മാരായ സെബാസ്റ്റിയൻ കുളത്തുങ്കൽ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, വാഴൂർ സോമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, വൈസ് പ്രസിഡന്റ് ടി എസ് ശരത് എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

രണ്ടു ദിവസം മുൻപ് വരെ തങ്ങളോടൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അതീവ ദു:ഖത്തോടെ നൂറ് കണക്കിന് ആളുകളാണ് കാവാലി പള്ളിയിലെത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment