മുങ്ങൽ വിദഗ്ധൻ കടലിൽ നിന്ന് 900 വർഷം പഴക്കമുള്ള കുരിശു യുദ്ധ വാൾ പുറത്തെടുത്തു

കുരിശുയുദ്ധക്കാരന്റെ ആയുധമെന്ന് പറയപ്പെടുന്ന 900 വർഷം പഴക്കമുള്ള വാൾ മെഡിറ്ററേനിയൻ കടലിന്റെ അടിയിൽ നിന്ന് ഇസ്രായേലിൽ നിന്നുള്ള മുങ്ങൽ വിദഗ്ദ്ധൻ ശ്ലോമി കാറ്റ്സ് പുറത്തെടുത്തു. കടലിനടിയില്‍ കിടന്നിരുന്ന വാൾ ആദ്യം കണ്ടപ്പോൾ വിശ്വസിക്കാനായില്ല എന്നു കാറ്റ്സ് പറയുന്നു.

ഒക്ടോബർ 16 -നാണ് ഇസ്രയേലില്‍ മെഡിറ്ററേനിയന്‍ ആഴക്കടലില്‍ നിന്ന് അദ്ദേഹം ഇത് കണ്ടെടുത്തത്. ഈ ആയുധത്തിനു പുറമെ, കടലിനടിയില്‍ നിന്ന് അദ്ദേഹം മറ്റ് പല പുരാതന വസ്തുക്കളും കണ്ടെത്തി.

കടല്‍ കക്കകളാല്‍ പൊതിഞ്ഞ നിലയില്‍ കണ്ടെടുത്ത വാള്‍ കുറഞ്ഞത് 900 വർഷമെങ്കിലും പഴക്കമുള്ള യഥാർത്ഥ കുരിശുയുദ്ധ വാള്‍ ആണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

കാറ്റ്സിൻ ഇസ്രായേൽ പുരാവസ്തു അതോറിറ്റിക്ക് കൈമാറിയ ശേഷമാണ് വാളിനെക്കുറിച്ച് പഠിച്ച് പരിശോധന നടത്തിയത്. പകരമായി, നല്ല പൗരനാണെന്നുള്ള അഭിനന്ദന സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് ലഭിച്ചു.

വാൾ ഇരുമ്പ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതും അത് അതിന്റെ യഥാര്‍ത്ഥ അവസ്ഥയില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും ഇസ്രയേൽ പുരാവസ്തു അതോറിറ്റിയിലെ പ്രിവന്‍ഷന്‍ ഓഫ് റോബറി വകുപ്പിന്റെ ഇൻസ്പെക്ടർ നിര്‍ ഡിസ്റ്റല്‍‌ഫെഡ് പറഞ്ഞു.
ഇത്തരമൊരു വസ്തു നമ്മള്‍ നേരിട്ടു കാണുമ്പോള്‍, നമ്മളെ 900 വർഷങ്ങൾക്കു മുമ്പുള്ള വ്യത്യസ്ത കാലഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കാറ്റ്സിൻ കടലിൽ നിന്ന് പുറത്തെടുത്ത എല്ലാ ഇനങ്ങളും പുനഃരുദ്ധാരണത്തിനു ശേഷം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുമെന്ന് പുരാവസ്തു അതോറിറ്റി പറഞ്ഞു.

സമീപകാലത്ത് ഇസ്രായേലിൽ നിരവധി പുരാവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഈ മാസമാദ്യം, ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ മധ്യ പട്ടണമായ യാവനിൽ ഒരു വലിയ പുരാതന വൈൻ നിർമ്മാണ ഫാക്ടറി കണ്ടെത്തിയിരുന്നു.

1500 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ സ്ഥലത്ത് ആയിരക്കണക്കിന് പാത്രങ്ങളും അഞ്ച് വൈൻ പ്രസ്സുകളും കളിമൺ സംഭരണ ​​പാത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ചൂളകളും സൂക്ഷിച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ പുരാവസ്തു അതോറിറ്റി ഫെയ്സ്ബുക്കിൽ 2 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ പുറത്തിറക്കി. പുരാതന കാലത്ത് യവനിൽ നിർമ്മിച്ച വീഞ്ഞിനെ “ഗാസ അല്ലെങ്കിൽ ആഷ്കെലോൺ വൈൻ” എന്ന് വിളിച്ചിരുന്നു. അക്കാലത്ത് പാനീയം ഉയർന്ന നിലവാരമുള്ള വീഞ്ഞായി കണക്കാക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.

പ്രതിവർഷം രണ്ട് ദശലക്ഷം ലിറ്റർ വീഞ്ഞ് ഉത്പാദിപ്പിക്കാൻ ഈ സൗകര്യം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഗവേഷകരുടെ സംഘം കണക്കാക്കി. ഈജിപ്ത്, തുർക്കി, ഗ്രീസ് എന്നിവയുൾപ്പെടെ മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള പല രാജ്യങ്ങളിലേക്കും ഇവിടെ നിന്ന് വീഞ്ഞ് കൊണ്ടുപോയിരുന്നു.

മാത്രമല്ല, പുരാതന കാലത്ത് വീഞ്ഞ് ഒരു പ്രധാന കയറ്റുമതി ഇനവും ആസ്വാദനത്തിന്റെ ഉറവിടവുമായിരുന്നു എന്നും പറയപ്പെടുന്നു. അതിനപ്പുറം, ഇത് പോഷകാഹാരത്തിന്റെ ഒരു പ്രധാന സ്രോതസ്സായിരുന്നു. വീഞ്ഞ് സുരക്ഷിതമായ പാനീയമായിരുന്നു. കാരണം, വെള്ളം പലപ്പോഴും മലിനീകരിക്കപ്പെട്ടിരുന്നു. അതിനാൽ അവർക്ക് സുരക്ഷിതമായി കുടിക്കാവുന്നത് വീഞ്ഞ് ആണ്.

ബൈസന്റൈൻ കാലഘട്ടത്തിൽ മുതിർന്നവരും കുട്ടികളും വീഞ്ഞ് കുടിക്കുന്നത് സാധാരണമായിരുന്നുവെന്ന് പറയപ്പെടുന്നു. ജലത്തിന്റെ മോശം ഗുണനിലവാരമാണ് ഇതിന് പ്രധാന കാരണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment