വിദേശ ഡോക്ടര്‍മാര്‍ ചമഞ്ഞ് പണം തട്ടുന്ന ദമ്പതികളെ അറസ്റ്റു ചെയ്തു

തൃശൂർ: വിദേശത്ത് ഡോക്ടര്‍മാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ വശീകരിച്ച് പണം തട്ടുന്ന മണിപ്പൂര്‍ സ്വദേശികളായ ദമ്പതികളെ സൈബര്‍ ക്രൈം യൂണിറ്റിന്റെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്തു.

ഫെയ്സ്ബുക്ക് വഴി സ്ത്രീകളെ പരിചയപ്പെടുകയും പിന്നീട് അവര്‍ക്ക് വിദേശത്തുനിന്ന് പണവും സ്വര്‍ണ്ണവും അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് പ്രോസസ്സിംഗ് ഫീ ഇനത്തില്‍ വന്‍ തുക തട്ടിയെടുക്കുകയും ചെയ്തുകൊണ്ടിരുന്ന മണിപ്പൂർ ഈസ്റ്റ് സര്‍ദാര്‍ ഹില്‍സ് സേനാപതി തയോങ്ങ് സ്വദേശികളായ റുഗ്‌നിഹുയ് കോം, ഭര്‍ത്താവ് ഹൃഗ്‌നിതേങ് കോം എന്നിവരാണ് സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്.

റുഗ്‌നിഹുയ് ആണ് ഫെയ്സ്ബുക്കു വഴി സ്ത്രീകളെ പരിചയപ്പെടുന്നതും ചാറ്റിംഗിലൂടെയും ഫോണിലൂടെയും തട്ടിപ്പിന് തുടക്കമിടുന്നത്. ഇതിനാവശ്യമായ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുകയും സിം കാര്‍ഡ് സംഘടിപ്പിക്കുകയുമാണ് ഭര്‍ത്താവു ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ തൃശൂര്‍ സ്വദേശിനിക്ക് 70000 യുകെ പൗണ്ടും സ്വര്‍ണവും അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച്‌ 35 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

ഫെയ്‌സ് ബുക്കില്‍ ഫ്രന്റ് റിക്വസ്റ്റ് അയച്ച്‌ പരിചയപ്പെട്ട ശേഷം വിദേശത്തു നിന്നു വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്നു ഇവര്‍ സ്ത്രീകളെ വിശ്വാസിപ്പിക്കും. അതിനു ശേഷം ഇവ ഇന്ത്യയില്‍ എത്തിയെന്നും അതിനായുള്ള നികുതി, ഇന്‍ഷുറന്‍സ്, പണം ഇന്ത്യന്‍ രൂപയായി മാറ്റാനുള്ള പ്രൊസസിങ്ങ് ഫീസ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് വന്‍ തുക വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനു പിന്നില്‍ വലിയ ഒരു സംഘം തന്നെയുണ്ടെന്ന് സിറ്റി സൈബര്‍ പൊലീസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment