സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വിതുരയില്‍ പതിനഞ്ച് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് ഒരു വീട് പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. വന മേഖലയില്‍ കനത്ത മഴ പെയ്യുകയാണ്. ആര്‍ക്കും ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. പ്രദേശത്തുള്ളവരെ മീനാങ്കല്‍ താത്ക്കാലിക അഭയകേന്ദ്രമായ ട്രൈബൽ സ്കൂളിലേക്ക് മാറ്റി. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അടുത്ത മൂന്ന് മണിക്കൂർ സംസ്ഥാനത്ത് വ്യാപകമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണം ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി കിഴക്കന്‍ കാറ്റ് സജീവമായതും തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം.

തിങ്കളാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31വരെയുള്ള തുലാവര്‍ഷ സീസണില്‍ കിട്ടേണ്ട 98.5% മഴയും ഇതിനകം തന്നെ സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും പുലര്‍ച്ചയോടെ മഴ ശമിച്ചിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി നാലായിരത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്

മഴ മുന്നറിയിപ്പ് മാറി വരുന്ന സാഹചര്യത്തില്‍ എല്ലായിടത്തും മുന്‍കരുതലെടുത്തെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. ആളുകളെ രക്ഷിക്കുക എന്നതിനാണ് രക്ഷാദൗത്യത്തില്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ദുരന്ത ഭൂമിയിലേക്ക് ഒരു കാരണവശാലും ആരും അനാവശ്യമായി യാത്ര ചെയ്യരുത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment