പുരാതന കാലം മുതൽ നീതിക്കു വേണ്ടി മുറവിളി കൂട്ടുന്ന സമൂഹങ്ങളെയും രാജ്യങ്ങളെയും വ്യക്തികളെയും പറ്റി നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ, ഇന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇത് അതിന്റെ മൂർദ്ധന്യ സ്ഥിതിയിൽ എത്തിയിരിക്കുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും, ഓരോ ദിവസത്തെയും ന്യൂസ് പേപ്പർ, ടി.വി, സോഷ്യൽ മീഡിയ തുടങ്ങിയ മാധ്യമങ്ങൾവഴി. എന്താണ് ഇതിന് കാരണം, ചിന്തിച്ചാൽ എളുപ്പത്തിൽ തന്നെ നമുക്ക് ഉത്തരം കിട്ടും, ഒന്നേയുള്ളു നമുക്ക് നീതി ബോധം നഷ്ടപ്പെട്ടു. ഒരു രാജ്യത്തിന്റെ സര്‍ക്കാരിന്റെയോ, മതത്തിന്റെയോ, വ്യക്തിയുടെയോ തെറ്റായ നയങ്ങൾ ഒരു ജനതയുടെ മേൽ അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ മേൽ അടിച്ചേല്പിക്കുമ്പോൾ, ആ ജനങ്ങളുടെ, സമൂഹത്തിന്റെ, വ്യക്തിയുടെ ഉള്ളിൽ ഉണ്ടാക്കുന്ന മാനസിക വികാരങ്ങൾ ആണ് പലപ്പോഴും ക്രമസമാധാനം നഷ്ടപ്പെടുത്തുന്നത്. ഇത് ഇന്നുള്ള നമ്മുടെ എല്ലാ ഭരണകൂടങ്ങളും, അധികാരികളും, നമ്മളെപോലുള്ള ഓരോ സാധാരണ വ്യക്തികളും മനസ്സിലാക്കിയാൽ ഇന്ന് ഓരോ രാജ്യങ്ങളിലും, സമൂഹങ്ങളിലും, മതങ്ങളിലും, സംഘടനകളിലും, എന്തിന് നമ്മുടെ ഓരോ കുടുംബങ്ങളിൽ പോലുമുള്ള അസ്ഹഹിഷ്ണുത, അസമാധാനം ഇല്ലാതാക്കാൻ പറ്റും.
ലോകത്തിലുള്ള എല്ലാവര്ക്കും അവരുടേതായ അവകാശങ്ങൾ ഉണ്ട്. അത് നമുക്കെല്ലാവർക്കും ഈ ലോകത്തിൽ പിറന്നുവീഴുമ്പോഴേ പ്രകൃതി, അല്ലെങ്കിൽ സർവ്വശക്തനായ ദൈവം തരുന്ന അവകാശമാണ്. അത് മറ്റുള്ളവരാൽ നിഷേധിക്കപ്പെടുമ്പോഴാണ് എത്ര നല്ല സ്വഭാവമുള്ളവരായാലും പലപ്പോഴും പല അക്രമ പ്രവർത്തനങ്ങക്ക് മുതിരുന്നത്. അതുകൊണ്ട് സംഭവിക്കുന്ന ഒന്നാമത്തെ ദോഷം നമ്മുടെ ഇടയിൽ ക്രിമിനലുകൾ കൂടുന്നു, ശാന്തിയും സമാധാനവും നഷ്ടപ്പെടുന്നു എന്നുള്ളതാണ്. നീതിബോധമില്ലാത്ത ഭരണകർത്താക്കളും, ന്യായാധിപന്മാരും, മത മേലധ്യക്ഷന്മാരും മറ്റ് ഉന്നത സ്ഥാനം വഹിക്കുന്ന പല ഉന്നതന്മാരുമാണ് ഇന്ന് ഒരു പരിധി വരെ പല രാജ്യങ്ങളിലും ജനങ്ങളെ തെറ്റിലേക്ക് നയിക്കുന്നത്. അതിന് നിരപരാധികളായ സാധാരണ ജനങ്ങളെ പഴിച്ചിട്ട് കാര്യമില്ല. യഥാർഥത്തിൽ തെറ്റുകാർ നിങ്ങളൊക്കെ തന്നെയാണ്. അത് കാലം വരുംയുഗങ്ങളിൽ നിങ്ങള്‍ക്ക് മനസ്സിലാക്കിത്തരും.
കുറെ വര്‍ഷങ്ങളായി ലോകത്തിൽ മൊത്തത്തിലും നമ്മുടെ ഇന്ത്യയിലും, എന്തിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമ്മൾ പറയുന്ന നമ്മുടെ കേരളത്തിൽ പോലും അനുദിനം നടക്കുന്ന നീചവും, ക്രൂരവും, നീതിരഹിതവുമായ സംഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോള്‍ ഓർത്തുപോകുകയാണ്, ലോകത്തെ നീതിമാർഗ്ഗത്തിലേക്കു നയിക്കാൻ നൂറ്റാണ്ടുകൾക്കു മുൻപ് ഈ ലോകത്തിൽ അവതരിച്ച യേശൂ ക്രിസ്തുവും, പ്രവാചകനായ മുഹമ്മദ് നബിയും, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നുള്ള മഹത് വാക്യമോതി തന്ന മഹാത്മാവായ ശ്രീനാരായണ ഗുരുദേവനും ഒക്കെ ഒന്നുകൂടി വന്നെങ്കിൽ എന്ന്. പണത്തിനും, പ്രകൃതിവിരുദ്ധമായ സ്വന്തമോഹങ്ങൾക്ക് വേണ്ടിയും സ്വന്തം ഭർത്താവിനെയും ഭാര്യയെയും ക്രൂരമായി കൊലപ്പെടുത്തിയ എത്രയോ സംഭവങ്ങൾ ചുരുങ്ങിയ കാലങ്ങൾകൊണ്ട് നമ്മുടെ കേരളത്തിൽ തന്നെ നടന്നു.
ഒരു നല്ല നാളെക്കായി നമുക്ക് ആത്മാർഥമായി പ്രാർഥിക്കാം….നമ്മൾ ഓരോരുത്തരും ശ്രമിച്ചാൽ നമ്മുടെ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റാൻ കഴിയും.
കുര്യാക്കോസ് മാത്യു
ആല്‍ബനി, ന്യൂയോര്‍ക്ക്
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news