‘മെയ്ഡ് ഇൻ ഇന്ത്യ’യുടെ ശക്തി നമ്മള്‍ കാണിച്ചു; 100 കോടി വാക്സിന്‍ ഡോസുകള്‍ മറികടന്നത് ഭാരതത്തിന്റേ നേട്ടമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി:  100 കോടി കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകൾ മറികടന്ന രാജ്യത്തിന്റെ അഭിമാനകരമായ നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ ഈ പോരാട്ടത്തിൽ നമ്മുടെ രാജ്യം വൻ വിജയമാണ് നേടിയത്. ഇന്നലെ 100 കോടിയുടെ നാഴികക്കല്ല് നേടി, അസാധാരണമായ ഒരു നേട്ടമാണിത്. അത് ഇന്ത്യയുടെ വിജയമാണ്. നമ്മുടെ രാജ്യത്തെ 130 കോടി ജനങ്ങളുടെ പരിശ്രമമാണ് ഇത് സാധ്യമാക്കിയത് … ‘100 കോടി വാക്സിൻ ഡോസുകൾ’ ഒരു സംഖ്യ മാത്രമല്ല, നമ്മുടെ കഴിവിന്റെ പ്രതിഫലനമാണ്. ഇതാണ് ‘നയാ ഭാരത’ത്തിന്റെ ചിത്രം. ബുദ്ധിമുട്ടുള്ള ഒരു ലക്ഷ്യം എങ്ങനെ നിർണയിക്കാമെന്നും അത് എങ്ങനെ നേടാമെന്നും നമ്മളറിയണം. നമ്മുടെ വാക്സിനേഷൻ ഡ്രൈവിനെ മറ്റ് രാജ്യങ്ങളുമായി പലരും താരതമ്യം ചെയ്യുന്നു,” മോദി പറഞ്ഞു.

വാക്സിനെടുക്കാന്‍ മടിക്കുന്നവരെക്കുറിച്ച് മോദി പറഞ്ഞു… ” സംഘടിതമായ പരിശ്രമത്തിലൂടെ ആ ആളുകളെ പോലും വാക്സിനേഷൻ പദ്ധതിയിൽ കൊണ്ടുവരാൻ കഴിയുമെന്ന് ഇന്ത്യ ലോകത്തിന് തെളിയിച്ചു.”

നൂറു കോടി നേട്ടത്തിന് പിന്നാലെ എല്ലാവർക്കും മുഴുവൻ ഡോസ് വാക്സിനും ഉറപ്പ് വരുത്താനുള്ള നടപടികൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരിത്ര നേട്ടത്തെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയും അനുമോദിച്ചു.

പ്രായപൂർത്തിയായവരിൽ 75 ശതമാനത്തിനും ആദ്യ ഡോസ് വാക്സിൻ നൽകി. 31 ശതമാനം പേർക്ക് രണ്ട് ഡോസുകളും നൽകുകയും ചെയ്തു. 12 കോടി വാക്സിൻ നൽകിയ ഉത്തർപ്രദേശാണ് ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ സംസ്ഥാനം.മഹാരാഷ്ട്ര (9.23 കോടി), പശ്ചിമ ബംഗാൾ (6.82 കോടി), ഗുജറാത്ത് (6.73 കോടി), മധ്യപ്രദേശ് (6.67 കോടി), ബിഹാർ (6.30 കോടി), കർണ്ണാടക (6.13 കോടി), രാജസ്ഥാൻ (6.07 കോടി) സംസ്ഥാനങ്ങളും മികച്ച നേട്ടം സ്വന്തമാക്കി.

മോദി സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ

രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം നൂറ് കോടി പിന്നിട്ട സാഹചര്യത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് കോൺഗ്രസ് എം പി ശശി തരൂർ. ഇത് രാജ്യത്തിന് ആകെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ നേട്ടം നമുക്കെല്ലാവർക്കും അഭിമാനകരമാണ്. ഇതിന്റെ ക്രെഡിറ്റ് നമുക്ക് സർക്കാരിന് നൽകാം. രണ്ടാം തരംഗവുമായി ബന്ധപ്പെട്ട വീഴ്ചകളും പോരായ്മകളും കേന്ദ്ര സർക്കാർ മറികടന്നിരിക്കുകയാണെന്നും ശശി തരൂർ പറഞ്ഞു.

2021 ജനുവരി 16 ന് രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിലാണ് രാജ്യം 100 കോടി പേർക്ക് വാക്സിൻ വിതരണം പൂർത്തിയാക്കുന്നത്. നൂറ് കോടി ഡോസ് വാക്സിൻ നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞിരുന്നു. ഇന്ത്യ ചരിത്രം രചിച്ചിരിക്കുകയാണ്. ഇന്ത്യൻ ശാസ്ത്ര മേഖലയുടെയും ദൃഢനിശ്ചയത്തിന്റെയും 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ ആത്മവിശ്വാസത്തിന്റെയും വിജയത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഈ നേട്ടം കൈവരിക്കാൻ പ്രയത്നിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യ മേഖലയിലെ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെ വിജയമാണ് നൂറ് കോടി വാക്‌സിനേഷന്‍: അനുരാഗ് ഠാക്കൂര്‍

ഇന്ത്യ ഏത് ലക്ഷ്യവും നേടുമെന്നതിന്റെ തെളിവാണ് നൂറ് കോടി വാക്സിനേഷനെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍. പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെ വിജയമാണിത്. ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകരുടേത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

21-ന് രാവിലെ ഒമ്പതേമുക്കാലോടെയാണ് രാജ്യം ചരിത്ര നേട്ടത്തിലേക്ക് കുതിച്ചത്. ജനുവരി 16 ന് തുടങ്ങിയ വാക്സിനേഷന്‍ യജ്ഞം 9 മാസത്തിനുള്ളിലാണ് 100 കോടി പിന്നിട്ടത്. ഇതോടെ ചൈനക്ക് പിന്നാലെ വാക്സിനേഷനില്‍ നൂറ് കോടി പിന്നിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.

കഴിഞ്ഞ ദിവസം 99.7 കോടി പിന്നിട്ട വാക്സിനേഷന്‍ സെക്കന്‍റില്‍ 700 ഡോസ് എന്ന വിധം നല്‍കിയാണ് നൂറ് കോടി മറി കടന്നത്. അതിനാല്‍ നൂറ് കോടി തികഞ്ഞപ്പോള്‍ വാക്സീന്‍ സ്വീകരിച്ചത് ആരാണെന്നറിയുക ബുദ്ധിമുട്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment