കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന ഭാര്യയേയും സംഘത്തെയും പോലീസ് അറസ്റ്റു ചെയ്തു

കാസർകോട്: ഭര്‍ത്താവിനെ കാമുകന്റേയും കൂട്ടാളികളുടേയും സഹായത്തോടെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തില്‍ ഭാര്യയേയും കാമുകനടക്കം അഞ്ച് പേരെയും പോലീസ് അറസ്റ്റു ചെയ്തു. കാസര്‍ഗോഡ് കുന്താപുരത്താണ് സംഭവം നടന്നത്. കുന്താപുരം അമ്പാറു മൊഡുബഗെ വിവേക് നഗറിലെ നാഗരാജിനെയാണ് (36) വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട പോലീസ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഭാര്യയേയും കാമുകനടക്കം അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്.

ശിവമൊഗ്ഗ സ്വദേശിയായ നാഗരാജും മമതയും പത്തു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. നാഗരാജ് ലഹരിക്ക് അടിമയായി വിഷാദ രോഗിയായതുകൊണ്ട് തൂങ്ങി മരിച്ചതാണെന്നാണ് മമത പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍, ശരീരത്തില്‍ കണ്ട പാടുകള്‍ പോലീസിന് സംശയം ജനിപ്പിച്ചു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലിലാണ് മമതയുടെ സുഹൃത്തുക്കളായ ദിനകർ, കുമാർ, പ്രായപൂർത്തികാത്ത 2 കുട്ടികൾ എന്നിവരും നാഗരാജിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതും അവരെ അറസ്റ്റു ചെയ്തതും.

നാഗരാജിന്റെ സഹോദരി നാഗരത്ന കുന്താപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഒരാഴ്ച മുൻപ് നാഗരാജ് തന്നെ ഫോണിൽ വിളിച്ച് ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞിരുന്നെന്നും നാഗരത്ന പരാതിയിൽ പറഞ്ഞിരുന്നു. തുടർന്നു മമതയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് നാഗരാജിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്നു വ്യക്തമായത്. മമതയുടെ കാമുകനും കൂട്ടാളികളും ചേർന്നാണു കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment