തോമസ് മാർ അത്തനാസിയോസിന്റേത് അപകട മരണമായിരുന്നില്ല, കൊലപാതകമായിരുന്നെന്ന്; പോലീസ് കേസെടുത്തു

കൊച്ചി: 2018 ഓഗസ്റ്റ് 24-ന്, പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനും കാര്യക്ഷമമായ ഭരണാധികാരിയുമായിരുന്ന മലങ്കര ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവത്തിന് നിര്‍ണ്ണായക വഴിത്തിരിവ്. അദ്ദേഹം ബറോഡയിൽ നിന്ന് ട്രെയിനില്‍ മടങ്ങിവരുന്ന വഴി എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് പുല്ലേപ്പടി മേൽപ്പാലത്തിന് സമീപം റെയിൽവേ ട്രാക്കിലേക്ക് വഴുതി വീണ് മരണമടഞ്ഞത്.

എന്നാല്‍, അദ്ദേഹത്തിന്റേത് അപകട മരണമായിരുന്നില്ലെന്നും കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി പുത്തൻകുരിശ് സ്വദേശി തോമസ് ടി പീറ്റർ നൽകിയ പരാതിയിലാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശ പ്രകാരം നോർത്ത് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസിൽ ഗീവർഗീസ് മാർ യൂലിയോസ് രണ്ടാം പ്രതിയും മലങ്കര സഭാ സെക്രട്ടറി ബിജു ഉമ്മൻ മൂന്നാം പ്രതിയുമാണ്. ഐ.പി.സി. 302, 120 ബി എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തമോ വരെ ശിക്ഷയോ ലഭിക്കാവുന്ന വകുപ്പുകളാണിത്.

പ്രതികൾ മാർ അത്താനാസിയോസിനെ കൊലപ്പെടുത്താനായി ഗൂഢാലോചന നടത്തിയെന്നും അഹമ്മദാബാദ്-എറണാകുളം
ട്രെയിനില്‍ യാത്ര ചെയ്തുകൊണ്ടിരുന്ന മാർ അത്താനാസിയോസിനെ എറണാകുളം പുല്ലേപ്പടി ജങ്ഷന് സമീപത്തുവെച്ച് തീവണ്ടിയിൽനിന്നു പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്.

2018-ല്‍ നടന്ന സംഭവം അപകട മരണമാണെന്ന് എറണാകുളം നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും അന്വേഷണം അവസാനിപ്പിക്കുകയുമായിരുന്നു. മാർ അത്താനാസിയോസിന്റെ മരണം സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് സ്വദേശി തോമസ് ടി. പീറ്റർ കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും കേസന്വേഷിക്കാൻ ഉത്തരവായത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment