ഭോപ്പാലില്‍ ‘ആശ്രമം 3’ വെബ് സീരീസിന്റെ സെറ്റുകൾ ബജ്‌രംഗ് ദൾ തകർത്തു

ഭോപ്പാൽ:   ബജ്രംഗ് ദൾ പ്രവര്‍ത്തകര്‍ വെബ് സീരീസ് ‘ആശ്രമം 3’യുടെ സെറ്റുകള്‍ നശിപ്പിക്കുകയും ചിത്രീകരണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. സംവിധായകൻ പ്രകാശ് ഝായ്ക്ക് നേരെ കരിമഷി എറിയുകയും ചെയ്തു.

ഭോപ്പാലിലെ പഴയ ജയിലിൽ വെബ് സീരീസിന്റെ മൂന്നാം സീസണിന്റെ ചിത്രീകരണവേളയിലാണ് ബജ്‌രംഗ് ദൾ അംഗങ്ങൾ സ്ഥലത്തെത്തി സെറ്റുകൾ നശിപ്പിക്കാന്‍ തുടങ്ങിയത്. അവർ ചില ക്രൂ അംഗങ്ങൾക്ക് പരിക്കേൽപ്പിക്കുകയും കല്ലെറിയുകയും ഝായ്ക്ക് നേരെ മഷി എറിയുകയും, വെബ് സീരീസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ബോബി ഡിയോളിനെ തിരയുകയും ചെയ്തു.

സംഭവം നടന്നയുടൻ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തെത്തുടർന്ന്, ഭോപ്പാൽ ഡിഐജി ഇർഷാദ് വാലി എല്ലാ അക്രമികളെയും പരിസരത്ത് നിന്ന് ഒഴിവാക്കിയതായും ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും മാരകമായി പരിക്കേറ്റിട്ടില്ലെന്നും പറഞ്ഞു.

ഉത്തരവാദികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കും. സമാനമായ സാഹചര്യം ഇനി ആവർത്തിക്കില്ലെന്ന് എല്ലാവർക്കും ഉറപ്പ് നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മധ്യപ്രദേശിൽ സിനിമാ വ്യവസായം പ്രോത്സാഹിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും, ആളുകൾക്ക് തൊഴിൽ ലഭിക്കണമെന്നും, എന്നാൽ ഈ ഭൂമി ഹിന്ദു സമാജത്തെ അപമാനിക്കാൻ ഉപയോഗിക്കരുതെന്നും ബജ്‌രംഗ് ദൾ ഭോപ്പാൽ നേതാവ് സുശീൽ സുഡെലെ മാധ്യമങ്ങളോട് പറഞ്ഞു.

“പരമ്പരയുടെ ആദ്യ ഗഡുവിൽ, ആശ്രമത്തിനുള്ളിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുവെന്ന് കാണിച്ചിരുന്നു, അങ്ങനെയാണോ? ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തുന്നത് നിർത്തുക, അദ്ദേഹത്തിന് പ്രശസ്തി നേടണമെങ്കിൽ, മറ്റേതെങ്കിലും മതത്തിന്റെ പേര് നൽകുക,” ” സുശീല്‍ സുഡെല പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment