ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ന്യൂഡല്‍ഹി: ജി 20യോടനുബന്ധിച്ചുള്ള ഔദ്യോഗിക ചടങ്ങുകള്‍ക്കായി റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സീസ് മാര്‍പാപ്പായെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള തന്റെ ആഗ്രഹം ഇതിനോടകം ഫ്രാന്‍സീസ് പാപ്പ പ്രകടിപ്പിച്ചിട്ടുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പലതവണ പറഞ്ഞെങ്കിലും ഇക്കാലമത്രയും യാതൊരു നടപടികളുമുണ്ടായിട്ടില്ല. മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്് ഇന്ത്യയിലെ കത്തോലിക്കാസഭ നേതൃത്വത്തിന് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും നേരിട്ടു നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല.

ഈ മാസം 30, 31 തീയതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കായി 29ന് വെള്ളിയാഴ്ച റോമിലെത്തുന്ന സന്ദര്‍ഭം നല്ലൊരു അവസരമാക്കി മാര്‍പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ച നടത്തുന്നതിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് പ്രതീക്ഷയേകുന്ന തീരുമാനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് രാജ്യവും ക്രൈസ്തവ സമൂഹവും സസന്തോഷം സ്വാഗതം ചെയ്യുമെന്നും വി.സി. സെബാസ്റ്റിയന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment