ബംഗ്ലാദേശ് ആക്രമണം: കെഎച്ച്എഫ്സി (കാനഡ) പ്രതിഷേധിച്ചു

കാനഡ: ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ഹിന്ദു ഉന്മൂലന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (KHFC) അപലപിക്കുകയും ശക്തമായ പ്രതിഷേധവും അതിയായ ദുഖവും രേഖപ്പെടുത്തുകയും ചെയ്തു. പാക്കിസ്താന്‍ തീവ്രവാദ സഘടനകൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളോളമായി നടത്തിവരുന്ന ഹിന്ദു ഉന്മൂല പ്രവർത്തനത്തിന്റെ ഭാഗമാണ് ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജാ ദിനത്തിൽ കണ്ടതെന്ന് കെ‌എച്ച്‌എഫ്സി ആരോപിച്ചു.

ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളിലും, ഇന്ത്യയിലും സമാന ചിന്താഗതിയുള്ള സഘടനകളുമായി കൂട്ടുചേര്‍ന്ന് പാക്കിസ്താന്‍ ആക്രമണത്തിന് വഴിവെക്കുകയാണെന്ന് കെഎച്ച്എഫ്സി പറഞ്ഞു. സൈബർ തീവ്രവാദത്തിന്റെ മറ്റൊരു മാര്‍ഗമായ വ്യാജ വാർത്തകൾ, അഭിപ്രായങ്ങൾ, പ്രസ്താവനകൾ, ചിത്രങ്ങൾ എന്നിവ വ്യാജ പേരുകളിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് സാധാരണക്കാരായ മതവിശ്വാസികളിൽ വിദ്വേഷം ജനിപ്പിക്കുകയും, ആക്രമണത്തിലേക്കും കലാപത്തിലേക്കും നയിക്കുന്ന രീതിയാണ് ബംഗ്ലാദേശിൽ സംഭവിച്ചത്. സോഷ്യൽ മീഡിയയയിലൂടെ വ്യാജ പ്രസ്താവനയിറക്കി ഹിന്ദു ഉന്മൂലനത്തിലേക്ക് നയിച്ച ബംഗ്ലാദേശ് ആക്രമണത്തിൽ പത്തോളം ഹിന്ദുക്കൾക്ക് (കണക്കുകൾ കൂടും എന്ന് പറയപ്പെടുന്നു) ജീവഹാനിയും, നൂറു കണക്കിന് ഹിന്ദുക്കൾ മൃതപ്രായരാകുകയും ചെയ്തു. അറുപതിൽ പരം പ്രാര്‍ത്ഥനാലയങ്ങൾ അടിച്ചു തകര്‍ക്കുകയും നിരവധി വീടുകൾ, ഹിന്ദു സ്ഥാപനങ്ങൾ, വാഹനങ്ങൾ, കൃഷിസ്ഥലങ്ങൾ എന്നിവ അഗ്നിക്കിരയാക്കുകയും ചെയ്തതായി പറയുന്നു. എന്നാല്‍, ഈ നിഷ്ഠൂര പ്രവര്‍ത്തി അറിഞ്ഞിട്ടും നിരവധി മാധ്യമങ്ങൾ നിശ്ശബ്ദരാകുന്നത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് നയത്തെയാണ് വിളിച്ചോതുന്നതെന്ന് കെഎച്ച്‌എഫ്സി അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ പലഭാഗങ്ങളിൽ സംഘടിതമായി ഹിന്ദുക്കൾക്ക് എതിരെ നടന്നുവരുന്ന വംശീയ ഉന്മൂലന ആക്രമണങ്ങളെ ജനാധിപത്യപരമായും സഹിഷ്ണുതാപരമായും നേരിടുന്നതിന് ഹിന്ദു കൂട്ടായ്മകൾ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടത് സമകാലികതയുടെ ആവശ്യകതയാണെന്ന് കെ‌എച്ച്‌എഫ്സിയുടെ അടിയന്തിര യോഗം ഊന്നി പറഞ്ഞു.

മതേതരത്വവും സ്വന്തം മത വിശ്വാസ സംരക്ഷണവും പിറന്ന മണ്ണിൽ ജീവിക്കുവാനുള്ള അവകാശവും ഭരണഘടനാപരമായി ഓരോ പൗരന്റെയും മൗലികാവകാശമാണ്. പൗരന്റെ ജീവനും സ്വത്തിനും എന്നതുപോലെ അവന്റെ മതപരമായ ആചാരാനുഷ്ടാനങ്ങളെയും വിശ്വാസങ്ങളേയും ആരാധനകളെയും സംരക്ഷിക്കേണ്ടത് ഒരു സർക്കാരിന്റെ ഉത്തരവാദിത്വവും കൂടിയാണെന്ന് യോഗം വിലയിരുത്തി.

ബംഗ്ലാദേശിൽ സംഭവിച്ചതുപോലെ ഇതര രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദു ഉന്മൂലന നരഹത്യയിൽ ബലിയാടുകളായ ഹിന്ദു സമൂഹത്തിനുവേണ്ടി സംഘടിപ്പിച്ച കെഎച്ച്‌എഫ്‌സിയുടെ അടിയന്തിര യോഗത്തിൽ പ്രാർത്ഥനയും ഉണ്ടായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment