തങ്ങളുടെ സേവനം മതവിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് ഫെയ്സ്ബുക്കിന് അറിയാമായിരുന്നു: റിപ്പോർട്ട്

2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിനിടെ വാട്ട്‌സ്ആപ്പ് ‘അക്രമത്തിനും കിംവദന്തികൾക്കും’ പ്രേരണ നൽകിയെന്നും ഫേസ്ബുക്കിന് അതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവരുടെ സേവനം അക്രമം പ്രേരിപ്പിക്കുന്നതിന് ഉപയോഗിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് ഗവേഷകർ തയ്യാറാക്കിയ റിപ്പോർട്ട് വെളിപ്പെടുത്തി.

ഇന്ത്യയിലെ ഹിന്ദുത്വ ഗ്രൂപ്പുകൾ എങ്ങനെയാണ് മുസ്ലീം വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്നതെന്ന് സോഷ്യൽ മീഡിയ കമ്പനിയുടെ ആഭ്യന്തര രേഖകൾ വെളിപ്പെടുത്തുന്നുവെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാല്‍, അവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.

ഇന്ത്യയിൽ ഫെഡറൽ പിന്തുണയുള്ള വ്യാജവാർത്തകൾ തടയുന്നതിൽ ഫേസ്ബുക്ക് പരാജയപ്പെട്ടതെങ്ങനെയെന്ന് ഫേസ്ബുക്ക് വിസിൽ ബ്ലോവർ ഫ്രാൻസെസ് ഹൗഗനും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ഫെയ്‌സ്ബുക്കിന്റെ നിയമങ്ങൾ സ്വാധീനമുള്ളവരോട് വിധേയത്വം പുലര്‍ത്തുന്നുണ്ടെന്നും, അക്രമത്തിന് പ്രേരിപ്പിക്കുന്നതിനും ദുർബലരായ ആളുകളെ ടാർഗെറ്റു ചെയ്യുന്നതിനും അതിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും കമ്പനിയുടെ ആഭ്യന്തര രേഖകൾ കാണിക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ പറഞ്ഞു.

‘ഇന്ത്യയിലെ വർഗീയ സംഘർഷം ഭാഗം 1’ (Communal Conflict Part 1 in India) എന്ന തലക്കെട്ടിലുള്ള 2020 ജൂലൈയിലെ രേഖയിൽ, 2019 നും 2020 നും ഇടയിൽ, ഫെയ്‌സ്ബുക്കിന്റെ പ്ലാറ്റ്‌ഫോമിലേക്ക് വ്യാജ വാർത്തകൾ കൊണ്ടുവന്ന മൂന്ന് പ്രധാന സംഭവങ്ങൾ ഇന്ത്യയിൽ നടന്നതായി ഗവേഷകർ കണ്ടെത്തി.

വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധമാണ് ഇതിലെ ആദ്യ സംഭവം. ഇക്കാലയളവിൽ വ്യാജവാർത്തകൾ അല്ലെങ്കിൽ കിംവദന്തികൾ, വിദ്വേഷ പ്രസംഗങ്ങൾ തുടങ്ങിയവയുടെ എണ്ണം ‘മുമ്പത്തെ അപേക്ഷിച്ച് 300 ശതമാനം വർദ്ധിച്ചു.’

അതിന് ശേഷം ഡൽഹി കലാപ സമയത്തും ഇതേ സ്ഥിതി തുടർന്നു. ഈ സമയത്ത്, പ്രത്യേകിച്ച് വാട്ട്‌സ്ആപ്പ് വഴി, കിംവദന്തികളും അക്രമത്തിന് പ്രേരിപ്പിക്കുന്നതും തിരിച്ചറിഞ്ഞു.

മൂന്നാമത്തെ സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, കോവിഡ് -19 പകർച്ചവ്യാധിയുടെ തുടക്കത്തിൽ ഫേസ്ബുക്കിന്റെ സേവനങ്ങളിലെ അത്തരം ഉള്ളടക്കങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ഇന്ത്യയിൽ കൊറോണ വ്യാപനത്തിന് മുസ്ലീങ്ങളെ, പ്രത്യേകിച്ച് തബ്ലീഗി ജമാഅത്തിനെ, കുറ്റപ്പെടുത്തി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു.

‘ഹിന്ദുക്കൾ അപകടത്തിലാണ്’, ‘മുസ്‌ലിംകൾ നമ്മെ നശിപ്പിക്കാൻ പോകുന്നു’ തുടങ്ങിയ സന്ദേശങ്ങൾ ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ലഭിക്കുന്നുണ്ടെന്ന് ഒരു ഹിന്ദു വ്യക്തി പറഞ്ഞതായി ഗവേഷകർ അവരുടെ റിപ്പോർട്ടിൽ എഴുതി.

അതേ സമയം, മുംബൈയിൽ താമസിക്കുന്ന ഒരു മുസ്ലീം മനുഷ്യൻ ഫേസ്ബുക്കിൽ “വെറുപ്പിന്റെ അന്തരീക്ഷം” ഉണ്ടെന്നും ഇത് മൂലം “തന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം” എന്ന് അദ്ദേഹം ഭയപ്പെടാൻ തുടങ്ങി. 10 വർഷത്തോളം സോഷ്യൽ മീഡിയ ഇങ്ങനെ തുടർന്നാൽ വെറുപ്പിന്റെ അന്തരീക്ഷം മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

ഭൂരിഭാഗം ഉപയോക്താക്കളും ഫെയ്സ്ബുക്കിനെയാണ് ഇതിന് കുറ്റപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്.

വാൾസ്ട്രീറ്റ് ജേർണൽ അതിന്റെ റിപ്പോർട്ടിൽ ‘അപകടകരമായ ഹാനികരമായ നെറ്റ്‌വർക്കുകൾ – ഇന്ത്യ കേസ് പഠനം’ (Adverse Harmful Networks – India Case Study) എന്ന തലക്കെട്ടിലുള്ള മറ്റൊരു രേഖയെ പരാമർശിച്ചു, അതിന്റെ അടിസ്ഥാനത്തിൽ ഹൗഗൻ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ (എസ്ഇസി) പരാതി നൽകി.

യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനു (എസ്ഇസി) നൽകിയ പരാതിയിൽ ഹൗഗൻ ഉദ്ധരിച്ച ‘അഡ്‌വിസോറിയൽ ഹാംഫുൾ നെറ്റ്‌വർക്കുകൾ – ഇന്ത്യ കേസ് സ്റ്റഡി’ (Advisorial Harmful Networks – India Case Study) എന്ന ആഭ്യന്തര രേഖയും വാള്‍ സ്‌ട്രീറ്റ് ജേണല്‍ അവലോകനം ചെയ്തിട്ടുണ്ട്.

മുസ്ലീം വിരുദ്ധ വിവരണ സന്ദേശങ്ങൾ അക്രമാസക്തവും പ്രകോപനപരവുമായിരിക്കുക എന്ന ഉദ്ദേശത്തോടെ ഹിന്ദു അനുകൂല ജനവിഭാഗങ്ങളെ ലക്ഷ്യമിടുന്നതായി ഫേസ്ബുക്കിന് അറിയാമായിരുന്നെന്ന് രേഖ വെളിപ്പെടുത്തി. ആർഎസ്എസ് ഗ്രൂപ്പുകളെയും ഉപയോക്താക്കളെയും പേജുകളെയും ഭയം പരത്തുന്നതായി അത് പ്രത്യേകം കുറ്റപ്പെടുത്തി.

മുസ്ലീങ്ങളെ ‘പന്നികളോടും’ ‘പട്ടികളോടും’ താരതമ്യം ചെയ്യുന്ന ഇത്തരം മനുഷ്യത്വരഹിതമായ നിരവധി പോസ്റ്റുകൾ എഴുതപ്പെടുന്നു,” ഒരു രേഖ പറയുന്നു. അതോടൊപ്പം, തങ്ങളുടെ വീട്ടിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ പുരുഷന്മാർക്ക് ഖുർആനിൽ അനുവാദമുണ്ടെന്ന കിംവദന്തികളും പ്രചരിച്ചിരുന്നു.

ഇത്തരം പോസ്റ്റുകൾ കണ്ടെത്തി നടപടിയെടുക്കാനുള്ള സാങ്കേതിക ശേഷി കമ്പനിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഹിന്ദിയിലോ ബംഗാളിയിലോ ഉള്ള ഇത്തരം ഉള്ളടക്കം പിടിക്കാൻ കമ്പനിയുടെ സംവിധാനത്തിന് സാധിക്കാത്തതാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, ഇന്ത്യയിൽ ‘ഇൻഫ്ലമേറ്ററി ഉള്ളടക്കം പിടിച്ചെടുക്കാൻ’ ഒരു സാങ്കേതിക സംവിധാനം നിർമ്മിക്കുന്നതിന് ഫേസ്ബുക്ക് കൂടുതൽ നിക്ഷേപം നടത്താൻ ഗവേഷകർ ശുപാർശ ചെയ്തിട്ടുണ്ട്. വാട്‌സ്ആപ്പിനായി ഇത്തരമൊരു സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വർഷം തയ്യാറാക്കിയ മറ്റൊരു ആഭ്യന്തര രേഖ ബജ്‌റംഗ്ദൾ “അക്രമം പ്രോത്സാഹിപ്പിക്കാൻ വാട്ട്‌സ്ആപ്പ് ഉപയോഗിച്ചു” എന്ന് കണ്ടെത്തിയതായി വാൾസ്ട്രീറ്റ് ജേണൽ പത്രം പറഞ്ഞു. അപകടകരമായ ഗ്രൂപ്പായി ഇതിനെ തരംതിരിച്ചിട്ടുണ്ട്. ഇതിന്റെ പേജ് നീക്കം ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നു. ബജ്‌റംഗ്ദൾ ഇപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമാണ്.

ഈ രേഖകളിൽ ചിലത് കൺസൾട്ടേഷനായി തയ്യാറാക്കിയതാണെന്നും അന്തിമമല്ലെന്നും നയപരമായ ശുപാർശകൾ അടങ്ങിയിട്ടില്ലെന്നും ഫേസ്ബുക്ക് വക്താവ് ആൻഡി സ്റ്റോൺ പത്രത്തോട് പറഞ്ഞു. വിദ്വേഷ പ്രസംഗം പിടിക്കാൻ സാങ്കേതിക വിദ്യയിൽ കമ്പനി ധാരാളം നിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment