ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും, 8 വയസ്സുകാരന്റെ മൃതദേഹവും ; മാതാവും കാമുകനും അറസ്റ്റില്‍

ഹൂസ്റ്റണ്‍: ഒരു വര്‍ഷത്തോളം പഴക്കമുള്ള 8 വയസ്സുകാരന്റെ അഴുകിയ മൃതശരീരത്തോടൊപ്പം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളെ കണ്ടെത്തിയ സംഭവത്തില്‍ കുട്ടികളുടെ മാതാവിനെയും കാമുകനെയും ഹൂസ്റ്റണ്‍ പോലീസ് ഒക്ടോബര്‍ 26 ന് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല.

മൂന്നു കുട്ടികളില്‍ 15 വയസ്സുള്ളവനാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തന്നോടൊപ്പം 10 ഉം 7 ഉം വയസ്സുള്ള കുട്ടികള്‍ കൂടി ഉണ്ടെന്നും 15 വയസ്സുകാരന്‍ അറിയിച്ചതായി ഹാരിസ് കൗണ്ടി ഷെരീഫ് ഗോണ്‍സാല്‍വസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2020 ലായിരിക്കും 8 വയസ്സുകാരന്‍ മരണപ്പെട്ടതെന്ന് ഷെരീഫ് പറഞ്ഞു.

മാതാവ് ഗ്ലോറിയ വില്യംസ് (35) കാമുകന്‍ ബ്രയാന്‍ കോള്‍ട്ടര്‍ (31) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്.

മാതാവും കാമുകനും 15 മിനിറ്റ് ദൂരപരിധിയിലാണ് താമസിച്ചിരുന്നത്., ഇടക്കിടക്ക് മാതാവ് കുട്ടികള്‍ക്ക് ചില സാധനങ്ങള്‍ ഭക്ഷിക്കാന്‍ നല്‍കിയിരുന്നുവെങ്കിലും ഇവര്‍ക്ക് ശരിയായ ഭക്ഷണം നല്‍കിയിരുന്നത് അയല്‍വാസികളായ രണ്ടു പേരായിരുന്നു. മാതാവ് തങ്ങളെ ഭയപ്പെടുത്തിയിരുന്നതിനാലാണ് വിവരം പുറത്തു പറയാതിരുന്നതെന്ന് 15 വയസ്സുകാരന്‍ പറഞ്ഞു. പോഷകാഹാര കുറവ് മൂലം വളരെ ശോഷിച്ച നിലയിലായിരുന്നു മൂന്നു കുട്ടികളും.

തിങ്കളാഴ്ച മാതാവിനെയും കാമുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ചൊവ്വാഴ്ച രണ്ടു പേരെയും അറസ്റ്റ് ചെയ്തു. എട്ടു വയസ്സുകാരന്റെ കൊലപാതകമാണ് കാമുകനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികളെ ഉപേക്ഷിച്ചതിനാലാണ് മാതാവിന്റെ അറസ്റ്റ്.

കുട്ടികള്‍ മൂന്നുപേരെയും ശിശു സം‌രക്ഷണ ഏജന്‍സി ഏറ്റെടുത്തു. ഒരു കൊല്ലം മുമ്പ് നടന്ന കൊലപാതകത്തെക്കുറിച്ച് അറിയാതിരുന്ന അപ്പാര്‍ട്ട്‌മെന്റ് കോം‌പ്ലക്സിലെ മറ്റു താമസക്കാരുടെ ഭീതി ഇതുവരെ വിട്ടുമാറിയിട്ടില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment