(പ്രമേയം: ഒരിക്കൽ ഹംഗറി എന്ന രാജ്യത്തിൽ ഒരു ശിശുവിന്റെ മാതൃത്വം രണ്ടു സ്ത്രീകൾ ഒരുമിച്ചു അവകാശപ്പെടുകയുണ്ടായി. അപ്പോൾ രാജാവും അതിബുദ്ധിമാനുമായ സോളമൻ അവരിൽ യഥാർത്ഥ മാതാവാരാണെന്നു തന്ത്രപൂർവ്വം കണ്ടുപിടിച്ച രസകരമായ കഥ കാവ്യരൂപത്തിൽ. എ.ഡി. 1053 നും 1087 നും മധ്യേ ഹംഗറി ഭരിച്ച വിശ്വവിഖ്യാതനായ രാജാവാണ് സോളമൻ)
പണ്ടു പണ്ടൊരു കാലം ‘ഹംഗറി’ നഗരത്തിൽ
രണ്ടു നാരികൾ ഒരു കുഞ്ഞിനായ് വഴക്കിട്ടു!
കണ്ഠത്തിൽ വരും വേണ്ടാ വാർത്തകൾ വിളിച്ചോതി
ശണ്ഠ തൻ മൂർദ്ധന്യത്തിൽ പിടിയും വലിയുമായ്!
കണ്ടു നിന്നവരെല്ലാം വീക്ഷിച്ചു സകൗതുകം
കണ്ടിട്ടില്ലാത്തതുപോൽ ഇതുപോലൊരു ദൃശ്യം!
നീതി ന്യായത്തിൽഅഗ്രഗണ്യനാം സോളമന്റെ
നീതിപീഠത്തിൻ മുന്നിൽ എത്തിച്ചേർന്നിരുവരും!
തന്റേതാണീ കൈകുഞ്ഞെന്നോതിനാരിരുവരും
തന്റേടത്തോടെ തന്നെ സോളമ സമക്ഷത്തിൽ!
സോളമൻ ചൊന്നാൻ, സത്യ മെന്താണെന്നറിയുവാൻ
സൗമ്യമായ് പ്രയോഗിച്ച മാർഗ്ഗങ്ങൾ പിഴച്ചപ്പോൾ,
“മാതൃത്വമിരുവരും അവകാശപ്പെടുമ്പോൾ
മാതൃകാ പരമൊരു മാർഗ്ഗം ഞാൻ നിർദ്ദേശിക്കാം!
പൈതലെയിരുവർക്കും തുല്യമായ് നിമിഷത്തിൽ
പകുത്തു നൽകാം” തീർച്ചയാക്കിനാൻ സലോമനും!
ഇരുവരിലൊരുത്തി യോതിനാൾ കുലങ്കുഷം
കാരുണ്യവാനാം മഹാരാജനോടിദമുടൻ:
“പൈതലിൻ പാതിയേലും ലഭ്യമെന്നാലും തെല്ലും
വൈക്ലബ്യമെനിക്കില്ല, തൃപ്ത ഞാൻ ലഭിപ്പതിൽ”!
കണ്ണുനീർ പൊഴിച്ചുകൊണ്ടോതിനാളടുത്തവൾ
“പൊന്നു തമ്പുരാനേയെൻ പൈതലെ പകുക്കല്ലേ!
അവളേ മുഴുവനായ് കുഞ്ഞിനെ എടുത്തോട്ടെ
ആയുസ്സോടതു നീണാൾ സൗഖ്യമായിരിക്കട്ടെ”!
സംവാദം സമസ്തവും സശ്രദ്ധം ശ്രവിച്ചിട്ടു
സർവ്വജ്ഞപീഠംപൂകുംസോളമൻകൽപ്പിച്ചിദം:
“പൈതലിൻ യഥാർത്ഥമാം മാതാവിനു കൈക്കുഞ്ഞും
കൈതവ മാർഗ്ഗം പൂണ്ട നാരിക്കു കൈയാമവും”!
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news