പുനീത് രാജ്കുമാറിനെ ബെംഗളൂരുവിലെ പിതാവിന്റെ ശവകുടീരത്തിന് സമീപം സംസ്കരിക്കും

ബെംഗളൂരു: കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്കുമാറിന്റെ ഭൗതികാവശിഷ്ടം അദ്ദേഹത്തിന്റെ പിതാവും കന്നഡ സിനിമയിലെ ഇതിഹാസ നടനുമായ ഡോ. രാജ്കുമാറിന്റെ ബംഗളൂരുവിലെ ശവകുടീരത്തിന് സമീപം സംസ്കരിക്കും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. മഞ്ജുനാഥ് പ്രസാദാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് പുനീത് രാജ്കുമാർ അന്തരിച്ചത്. ബെംഗളൂരുവിലെ ഡോ രാജ്കുമാറിന്റെ ശവകുടീരത്തിന് സമീപമുള്ള ശ്രീ കണ്ഠീരവ സ്റ്റുഡിയോ വളപ്പിൽ നടന്റെ അന്തിമ ചടങ്ങുകൾ നടത്തുന്നതിന് ആവശ്യമായ നടപടികൾ ആരംഭിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദ്ദേശം നൽകിയതായി ഉത്തരവിൽ പറയുന്നു.

പുനീത് രാജ്കുമാറിന്റെ അമ്മ പാർവതമ്മയുടെ ശവകുടീരവും ഇതേ സ്ഥലത്തു തന്നെയാണുള്ളത്. കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് തീരുമാനം. ബെംഗളൂരുവിലെ സിവിൽ ഏജൻസിയോടും പോലീസ് വകുപ്പിനോടും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പുനീത് രാജ്കുമാറിന്റെ മൃതദേഹം ശനിയാഴ്ച വൈകീട്ട് വരെ കണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് അന്ത്യോപചാരം അർപ്പിക്കാൻ ഒഴുകിയെത്തുന്നത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അടക്കം എല്ലാ പ്രമുഖരും പുനീത് രാജ്കുമാറിന് അന്തിമോപചാരം അർപ്പിച്ചു. ധാർവാഡിൽ നടക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ദേശീയ എക്സിക്യൂട്ടീവ് ബോർഡ് യോഗവും യുവനടന്റെ അകാല മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും വേദന താങ്ങാൻ ദൈവം ശക്തി നൽകട്ടെയെന്ന് ആർഎസ്എസ് പ്രാർത്ഥിക്കുന്നു, ആർഎസ്എസ് മേഖലാ കോഓർഡിനേറ്റർ വി. നാഗരാജ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News