പണ്ട് എന്റെ ചെറുപ്പത്തി നടന്ന കഥയാണ്. ചെറുപ്പകാലം പ്രേതകഥകളുടെ കാലമാണല്ലോ. കാടും പടലും പിടിച്ച വഴിയോരങ്ങളുള്ള എന്റെ ഗ്രാമം. ഇലക്രിസിറ്റി എത്തിയിട്ടേ ഇല്ല. നാട്ടുപാത എന്ന് പറയാനില്ല. കഷ്ടിച്ച് കാളവണ്ടിക്കും സൈക്കിളിനും മാത്രം സഞ്ചരിക്കാം. പാത തന്നെ കല്ലും മുള്ളും നിറഞ്ഞതാണ്. ഇടക്കിടെ പണക്കാരുടെ, ഇടത്തരക്കാരുടെ, പാവപ്പെട്ടവരുടെ വീടുകള്‍. അവിടെ വീടിനു ചുറ്റും മാവും, പ്ലാവും, മറ്റു ഫലവൃക്ഷങ്ങളും സുലഭം. അങ്ങനെ ആ ഗ്രാമത്തിലെ വഴിയോരത്ത് ചായക്കട നടത്തിവന്ന ചാക്കോയുടെ മകള്‍ മധുരപതിനേഴുകാരി പൊന്നമ്മ ആത്മഹത്യ ചെയ്ത വാര്‍ത്ത, ഞങ്ങള്‍ ഗ്രാമീണരെ ഞെട്ടിച്ചു. പലരും മൂക്കത്ത് വിരല്‍ വെച്ചു, കഷടം! കല്ക്കണ്ടകനിപോലെ ഇരുന്ന മാദക സുന്ദരി. ആരും ഒന്നൂടെ നോക്കിപോകും. റോഡിലൂടെ പോകുന്ന പൂവാലന്മാരുടെ കാമശരമേറ്റ അവളുടെ വളര്‍ച്ച പെട്ടന്നായിരുന്നു, വയലാറിന്റെ പാട്ടുപോലെ…..
പാവാട പ്രയത്തില് നിന്നെ ഞാന്‍ കണ്ടപ്പം താമര മൊട്ടായിരുന്നു നീ ഡാവണി പ്രായത്തി പാതിവിടര്‍ന്ന നീ പൂഞ്ചേലപരവത്തില് പൂവായി….
എന്ന വിധം. കരിയിലയുടെ കിലുക്കം പോലെയായിരുന്നു അവളുടെ ശബ്ദം. അരയന്ന പിടപോലെയായിരുന്നു അവടെ നടത്തം. എന്തായാലും ഞങ്ങളു ഗ്രാമീണരുടെ ഉറക്കം കെടുത്തിയ ആ സുന്ദരി ഒരു വെളുപ്പാന്‍ കാലത്ത്, ചായക്കടക്ക് അരികിലുള്ള വലിയ വരിക്കപ്ലാവിന്റെ ഒന്നരയാള്‍ പൊക്കമുള്ള താഴത്തെ കൊമ്പില്‍ കെട്ടിതൂങ്ങി ചത്തു. ചാക്കോ ഞെട്ടി, ചാക്കോയുടെ ഭാര്യ ഞെട്ടി. അവര്‍ക്കും പിടി കിട്ടിയില്ല, ആത്മഹത്യയുടെ ഹേതു.
പക്ഷേ, ഗ്രാമത്തില്‍ പതുക്കെ അതു പാട്ടായി. ചായക്കടയില്‍ സ്ഥിര പറ്റുകാരനായിരുന്ന പ്രൈമറി സ്കൂള്‍ അദ്ധ്യാപകന് കുര്യക്കോസാറുമായി അവള് പ്രണയത്തിലായിരുന്നെന്ന്. ദുഷ്ടനായ കുര്യാക്കോസ് ഇതിനെടെ ലപ്പടിച്ച്, പുതുതായി ചാര്‍ജ്ജെടുത്ത ശോശാമ്മ ടീച്ചറെ കല്യാണം കഴിച്ചതാണ് കാരണമെന്ന് ജനസംസാരമായി. അതല്ല, ശോശാമ്മ ടീച്ചര്‍ പാവം കുര്യക്കോസാറിനെ വളച്ചതാണന്ന് മറ്റൊരു കൂട്ടര്. ങാ, ആര്‍ക്കറിയാം, നിജ്ജസ്ഥിതി! അക്ഷരാഭ്യാസം കുറവായിരുന്ന പൊന്നമ്മക്ക് ആത്മഹത്യാക്കുറപ്പ് എഴുതാനും കഴിഞ്ഞില്ല. നാലു മൈലു ദൂരയുള്ള ചെറു പട്ടണത്തുനിന്ന് സൈക്കിളു ചവുട്ടി ഒരു പോലീസ് ഏമാന് വന്നു, മഹസറ് തയ്യാറാക്കാന്‍. എമാന്, ചാക്കോ ഒരു പത്തിന്റെ വെള്ളിരൂപാ പേക്കറ്റിലിട്ടു കൊടുത്തു, കൂട്ടത്തി രണ്ടു പഴംപൊരീം, ഒരു ചൂടു ചായേം! എമാന് മഹസര്‍ തയാറാക്കി, ആത്മഹത്യ! അല്ലെങ്കിലും പോസ്റ്റ്മോര്‍ട്ടം എന്ന എടപാട് അന്നില്ലായിരുന്നു. അങ്ങനെ പൊന്നമ്മയുടെ ആത്മകഥ മാഞ്ഞുകൊണ്ടേയിരുന്നു.
ചാക്കോയുടെ ചായക്കടയും അധികം താമസിയാതെ അപ്രത്യക്ഷമായി. ചാക്കോയും, കെട്ട്യോളും അവിടം വിറ്റേച്ച് മലബാറിന് പോയി എന്നുകേട്ടു. പെട്ടന്ന് പേര്‍ഷ്യേന്നു വന്ന ഒരു പ്രവാസി മലയാളി ആ സ്ഥലം വാങ്ങി അവിടെ ഒരു ബംഗ്ലാവ് വെച്ചു താമസമാക്കി. പക്ഷേ ചിന്നമ്മ തൂങ്ങിയ വരിക്കപ്ലാവ് മാത്രം അയാള്‍ വെട്ടിയില്ല. അല്ലെങ്കിലും ആ തേന്‍വരിക്ക എങ്ങനെ വെട്ടും! ചിന്നമ്മ തൂങ്ങിയേ പിന്നെ ആ പ്ലാവ് എത്രതവണ കായ്ച്ചു, താഴത്തെ കൊമ്പു മുതല്‍ മുകളറ്റം വരെ. എങ്കിലും ഒരു കുഴപ്പം, പേര്ഷ്യക്കാരന് വീട്ടില്‍ ആണ്ടിലൊരിക്കലേ എത്തൂ. പിന്നെ അവിടെ രാത്രി കാവിലിനൊരു കുഞ്ഞപ്പന് വന്നു കിടക്കും. കുഞ്ഞപ്പനാണേ ഷാപ്പടക്കും വരെ അവിടിരിക്കും. പിന്നെ വേച്ചു വേച്ചു വന്നു കിടക്കും. പിന്നെ പോത്തു പോലെ ഉറങ്ങും. അതാ പതിവെന്ന് നാട്ടു സംസാരം.
പിന്നീട് പലരാത്രി ചൂട്ടും വീശി ഞാനാവഴി വന്നിട്ടൊണ്ട്. വരുമ്പഴൊക്കെ ആ സ്ഥലത്തു വരുമ്പം ഞാന്‍ ചൂട്ടു ആഞ്ഞു വീശും. യക്ഷിക്കും, മറുതക്കും, പ്രേതങ്ങള്‍ക്കും തീയേ പേടിയായിരിക്കുമെന്നാ വെറുതേ ഒരു പറച്ചില്. വഴിയില്‍ ഇറങ്ങി കിടക്കുന്ന മൂര്‍ഖന്‍ പാമ്പിനെയോ, പ്രേതപിശാചുക്കളയോ ഭയമില്ലാത്ത ഗ്രാമീണരില്ല. ചൂട്ടു വീശാതെ ഗതികേടിന് ചിലപ്പം ആ വഴി രാത്രി വരുമ്പം അവിടെ ആ പ്ലാവിനു മുമ്പിലെത്തുമ്പോള്‍ എന്റെ മനസ്സില്‍ പ്രിയകവി കുമാരനാശാന്റെ കവിത ഓര്‍മ്മ വരും.
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു…..
ആ വീണപൂവ് കൊഴിഞ്ഞലിഞ്ഞ് മണ്ണായല്ലോ എന്നോര്‍ത്ത് നടക്കുമ്പോള്‍, അവിടെങ്ങും ഒരൊച്ച കേട്ടാല്‍ ഞാന്‍ നടുങ്ങുമായിരുന്നു. എന്തിന് കുഞ്ഞപ്പനൊണ്ടല്ലോ എന്ന് വിചാരിക്കാനും മേല. രാത്രി ഇരുട്ടി ഷാപ്പടക്കുമ്പഴേ കുഞ്ഞപ്പന് വരൂ, വന്നാതന്നെ പോത്തുപോലെ ഒറങ്ങും, ഈ ഭൂലോകം ഇടിഞ്ഞു വീണാലും ഇത്രനാളും ആ വഴി രാത്രികളില്‍ ചൂട്ടുമായും ചൂട്ടില്ലാതെയും വന്നിട്ട്, പൊന്നമ്മയുടെ പ്രേതത്തെ ഒരിക്കലും കണ്ടിട്ടില്ല. എങ്കിലും കാറ്റടിച്ചാല്‍, കാറ്റടി കൊണ്ട് മര്‍മ്മര ശബ്ദം കേട്ടാല്‍, കരിയില അനങ്ങിയാല്‍, പട്ടി കുരച്ചാല്‍, ഓരി ഇട്ടാല്‍, ഞാന്‍ പലതവണ ഞെടുങ്ങിയിട്ടുണ്ട്. ചിലപ്പം ചാറ്റമഴയൊള്ളപ്പം ചൂട്ടു വീശിയാല്‍ ആ കോപ്പ് ചീറ്റിക്കത്തി ഒടുവി കെടും. അപ്പഴാ പേടി കൂടുതല്‍! പിന്നെ എന്റെ എളേ അമ്മാച്ചന് പട്ടാളത്തിപോയി അവധിക്കു വന്നപ്പം എനിക്കൊരു ടോര്‍ച്ച് ലൈറ്റ് തന്നു. ഒരു പോക്കറ്റ് ടോര്‍ച്ച് ലൈറ്റ്, ഒരു ബാറ്ററി ഇടാവുന്നത്. അധികം വെട്ടമില്ലേലും അതൊരാശ്വാസമായി. ഇനി ചൂട്ടും കോപ്പും വേണ്ടല്ലോന്നോര്ത്ത്.
അക്കാലത്ത് ഞാന്‍ എസ്എസ്എല്‍സിക്ക് പഠിക്കുവാരുന്നു. അന്നൊരിക്കല്‍ വിമോചനം സമരം വന്നപ്പം ഏതോ പാര്‍ട്ടിക്കാരടെ ജീപ്പേ കേറി ആലപ്പുഴക്കു പോയി. ബോട്ട് പിക്കറ്റു ചെയ്യാന്‍ ‘ഒരണാസമരം’. പോലീസു വന്ന് അറസ്റ്റു ചെയ്ത് ഉപദേശിച്ച് സ്കൂളിന്റെ പടിക്കെവിട്ടപ്പം, അര്‍ദ്ധരാത്രി പന്ത്രണ്ടു മണി. ഇനി വീട്ടിലോട്ട് നാലു മൈലു നടക്കണം. വീട്ടി ചെന്നാലോ എന്താകും പുകില്! അല്ലെങ്കിലും എന്തിനാ ആലപ്പുഴക്കു പോയേന്ന് ചോദിച്ചാ, അതൊരാവേശം! പിന്നെ എന്റെ അപ്പന് വിമോചന സമരത്തിന്റെ മുമ്പി നിക്കുന്ന ആളായതുകൊണ്ട് വലിയ ശകാരമുണ്ടാകില്ല എന്നൊരു തോന്നല്‍. എങ്കിലും പന്ത്രണ്ടു മണിയായില്ലേ അമ്മ മണ്ണെണ്ണ വെളക്കും കത്തിച്ച് കാത്തരിപ്പാരിക്കും. പെറ്റ തള്ളയല്ലേ!
ആ വീട്ടലേക്കുള്ള നടപ്പില്‍ ഞാനൊന്ന് പേടിക്കാതെയുമിരുന്നില്ല. ഇന്നുവരെ നട്ടപ്പാതിരാക്ക് ഞാനാവഴി നടന്നിട്ടില്ല, ഏറിയാ രാത്രി എട്ടു മണി. നോക്കണെ, കഷ്ടകാലത്തിന് ചന്നംപിന്നം മഴ പെയ്യുന്നുണ്ട്, ശക്തമല്ലാത്ത കൊള്ളിയാനും എടക്കുമിന്നുന്നുണ്ട്. ഒരു ബാറ്ററി ടോര്‍ച്ച് എപ്പോഴും കൈയ്യിലുള്ളത് ഒരാശ്വാസമായി. ഇടി വെട്ടാണ്ടിരിക്കുന്നത് തന്നെ മറ്റൊരാശ്വാസം. രാത്രിക്ക് അത്ര കറപ്പില്ലെന്നൊരു തോന്നല്‍. ഇടക്കിടെ കാര്‍മേഘത്തിന്റെ നേരിയ പാടയില്‍ ചന്ദ്രക്കല മിന്നായം പോലെ കാണാം. പക്ഷേ ഒന്നോര്‍ത്ത് ഞെട്ടി. ഇന്ന് വെള്ളയാഴ്ച!, സകല ചെകുത്താമ്മാരും എറങ്ങുന്ന ദിവസം! അടുത്ത പനയന്നാറു കാവിലെ യക്ഷി പരുമല നിന്ന് പറന്ന് പമ്പയാറിന്റെ മുകളിലൂടെ തേരോട്ടം നടത്തുന്നത് വെള്ളിയാഴ്ച പന്ത്രണ്ടു മണി കഴിഞ്ഞാണ് എന്ന് ജനസംസാരം. പല കേവു വള്ളക്കാരെയും യക്ഷി വകവരുത്തിയുട്ടണ്ടന്നാണ് കേള്‍വി. ആകെ അങ്കലാപ്പായി. നടന്നു നടന്ന് പൊന്നമ്മ തൂങ്ങിയ സ്ഥലത്തെത്തി. പെട്ടന്നൊരു ചിറകടി! അകവാളു വെട്ടി. അയ്യോ! ശബ്ദംപോലും പുറത്തേക്കു വരുന്നില്ല. പൊന്നമ്മയുടെ പ്രേതം! രക്ഷിക്കണെ, പരുമല പള്ളീ, പുതുപള്ളീലെ പുണ്യാളച്ചാ! കൈയ്യിലിരുന്ന ടോര്‍ച്ച് യാന്ത്രികമായി അടിച്ചു. ചിറകടിച്ചു പറന്നത് ഒരു കടവാവലായിരുന്നു, ആശ്വാസം. ഒരുപക്ഷേ, പൊന്നമ്മ തന്നെ കടവാവല് രൂപം പൂണ്ട് പറന്നതാണോ! ആണേ തന്നെ, പൊന്നമ്മ എന്തിനാ എന്നെ ഉപദ്രവിക്കുന്നെ! ഞാനവളെ പ്രേമിച്ചിട്ടില്ല, ആരയും തന്നെ. പക്ഷേ, ആഗ്രഹിച്ചിട്ടൊണ്ടോന്ന് ചോദിച്ചാ, അതു വേറെ കാര്യം! അല്ലേലും മിക്ക ചെറുപ്പക്കാരും അങ്ങനെ അല്ലിയോ!
അങ്ങനെ ഓര്‍ത്തു നിന്നപ്പം, കൊള്ളിയാന്‍ വെളിച്ചത്തി ഒരു മിന്നായം കണ്ടു. പൊന്നമ്മ തൂങ്ങിയ പ്ലാവേന്ന് ഒരു ചക്ക ഒരു കയറില്‍ ഇറങ്ങിവരുന്നു. അയ്യോ, രക്ഷിക്കണെ!
ഇക്കുറി ശബ്ദം പുറത്തേക്കു വന്നു, കുരീലു കരയും പോലെ. ഇതു പൊന്നമ്മ തന്നെ. ഇത്തരമൊരു കയറേലാ അവളു തൂങ്ങിയെ. ചാക്കോടെ കറാച്ചി പശൂനെ കെട്ടാം വാങ്ങിയ പുതിയ കയറെ! പെട്ടന്ന് എന്തോ നിലത്തേക്ക് വീണു, മറ്റൊരു ചക്ക വെട്ടിയിട്ട പോലെ!
അയ്യോ! പൊന്നമ്മ കലിപൂണ്ടിരിക്കുന്നു. ഇന്ന് എന്നെ അവളു തട്ടും! ഇന്നു വെള്ളിയാഴ്ച രാത്രി, പന്ത്രണ്ടുമണി കഴിഞ്ഞ സമയം. സര്‍വ്വ ചക്കേം വെട്ടീട്ട്, കയറേ കൂടവള് എറങ്ങിവരുന്നു. ഒരു കള്ളിയങ്കാട്ടു നീലിയെപ്പോലെ.
ഞാന്‍ വലിയവായിലൊരലര്ച്ച! അയ്യോ, എന്നെ കൊല്ലുന്നെ, പൊന്നമ്മേടെ പേതം! ആ കാറിച്ച അടുത്ത പമ്പയാറ്റിലെ ഓളങ്ങളില്‍ തട്ടി പ്രതിഫലിച്ച്, എന്റെ ചെവിക്കാത്തോട്ടുതന്നെ തുളച്ചു കേറി.
പെട്ടന്നാരോ പറന്നു വന്ന് എന്റെ വായ് മൂടി. കുഞ്ഞുമോനെ, ശബ്ദമൊണ്ടാക്കതെ! എന്റെ വയറ്റി പെഴപ്പിന്റെ കഞ്ഞീ കല്ലിടാതെ. ഞാന്‍ ഒന്നു ഞെട്ടി കുളിരു കോരി, പിന്നെ സമനില വീണ്ടെടുത്ത് ടോര്‍ച്ചടിച്ച് അവന്റെ മൊഖത്തേക്കു നോക്കി! ‘കള്ളന് പാക്കരന്’!
എന്നേക്കാള്‍ മൂന്നാലു വയസ് മൂത്തവന്. എന്റെ കൂടെ ബഞ്ചേലിരുന്ന് നാലാം ക്ലാസുവരെ പഠിച്ചവന്. അവന് ചില്ലറ പാക്ക് മോഷണം ഒണ്ടാരുന്നു. ആരോ മൊതലാളിമാര് പിടിച്ച് നാലു പെട കൊടുത്തേന് കഴിഞ്ഞ കൊല്ലം അവനെങ്ങോ പൊറപ്പെട്ട് പോയന്ന് കേട്ടതാ! സ്വരം വീണ്ടെടുത്ത് ആശ്വാസത്തി ഞാന്‍ ചോദിച്ചു – നീയെപ്പഴാ വന്നേ? ഇന്നലെ വന്നേയുള്ളൂ എവിടാരുന്നു? ആറിനക്കരെ. അവിടെ സ്ഥിരം മോട്ടിക്കാനൊക്കുമോ, പിടി കൂടത്തില്ലിയോ! അപ്പോ, നീയാ ഒടുവി ചക്കവെട്ടിയിട്ട പോലെ വീണത്, അല്ലേ? താഴെവരെ എറങ്ങിവന്ന് ചാടിയതാ!
ഓ, ഞാനോര്‍ത്തു, അവള് ആ പൊന്നമ്മ! അവടെ പ്രേതം എന്നെ ആവാഹിക്കാന്‍ വരുവാന്ന്. പാക്കരന് ചിരിച്ചു, കള്ളന്റെ ചിരി! മാക്രിയുടെ ശബ്ദത്തില്‍, എന്നിട്ടു പറഞ്ഞൂ- എന്റെ പൊന്നു കുഞ്ഞമോനെ, എന്നെപോലുള്ള കള്ളമാര് പറഞ്ഞൊണ്ടാക്കുന്നതല്ലേ, “ഭൂതോം,പ്രേതോം!” സത്യത്തി അങ്ങനൊന്നൊണ്ടോ, അല്ലേതന്നെ കള്ളമ്മാരെ അവക്കൊക്കെ പേടിയാ, പേടിക്കേണ്ടത് ജീവനൊള്ള മനുഷ്യനേയാ!!
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news