പൊതുജനങ്ങളെ വഴിയില്‍ തടയുന്ന പ്രാകൃത സമരരീതിക്കെതിരെ പ്രതികരിക്കണം: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: അത്യാവശ്യവും അടിയന്തരവുമായ യാത്രയ്ക്കായി റോഡിലിറങ്ങുന്ന പൊതുജനങ്ങളെ പൊരിവെയിലില്‍ മണിക്കൂറുകളോളം തടഞ്ഞിട്ടു ക്രൂശിക്കുന്ന കിരാതവും പ്രാകൃതവുമായ സമരമുറകള്‍ക്ക് അവാസാനമുണ്ടാകണമെന്നും ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പല പ്രസ്ഥാനങ്ങളും നടത്തുന്ന സമരമുറകളുടെഭാഗമായി പൊതുജനങ്ങളെ നിരന്തരം ക്രൂശിക്കുന്നത് എതിര്‍ക്കാതെ തരമില്ല. പലപ്പോഴും ഇതിന്റെ പേരില്‍ ബലിയാടാകുന്നത് അത്യാവശ്യ കാര്യങ്ങള്‍ക്കായി യാത്രയിലാകുന്ന സാധാരണക്കാരായ പൊതുജനങ്ങളാണ്. ഇക്കൂട്ടത്തില്‍ പഠനത്തിനും പരീക്ഷയ്ക്കും സമയബന്ധിതമായി യാത്ര ചെയ്യുന്നവരും ആശുപത്രിയിലേയ്ക്ക് യാത്ര ചെയ്യുന്ന രോഗികളും ഓഫീസുകളിലേയ്ക്കുള്‍പ്പെടെ വിവിധങ്ങളും അടിയന്തരവുമായ ആവശ്യങ്ങള്‍ക്കു പോകുന്നവരുമുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറെ ആവശ്യക്കാര്‍ മാത്രമാണ് യാത്ര ചെയ്യുന്നതും. ഇവരെയെല്ലാം പൊതുനിരത്തില്‍ തടഞ്ഞിടുവാന്‍ ആര്‍ക്കും അവകാശമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധിക്കുവാനുള്ള അവകാശം ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തിന് കൂച്ചുവിലങ്ങിട്ടാവരുത്. ഇത്തരം സമരമുറകളെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയപ്പെടുന്നത് ദുഃഖകരമാണ്.

പെട്രോളിന്റെ കുതിച്ചുയരുന്ന വിലയില്‍ എല്ലാവര്‍ക്കും പ്രതിഷേധമുണ്ട്. പെട്രോള്‍ നികുതി കുറച്ച് ജനങ്ങളെ സഹായിക്കുവാന്‍ കേന്ദ്രത്തിനുള്ളതുപോലെ ഉത്തരവാദിത്വം സംസ്ഥാനത്തിനുമുണ്ട്. പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കുന്നവര്‍ വിരല്‍ചൂണ്ടേണ്ടതും വഴിയില്‍ തടയേണ്ടതും പൊതുജനങ്ങളെയല്ല, വിലവര്‍ദ്ധനവിന് കൂട്ടുനില്‍ക്കുന്ന മന്ത്രിമാരേയും ജനപ്രതിനിധികളെയും ഇതിന് സ്തുതി പാടുന്ന രാഷ്ട്രീയ നേതാക്കളെയുമാണ്. അവരുടെ മുമ്പില്‍ ഓഛാനിച്ചു നില്‍ക്കുന്നവരും നട്ടെല്ലു വളയുന്നവരും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ജനങ്ങളുടെമേല്‍ കുതിരകയറുന്നതും ക്രൂശിക്കുന്നതും അനുവദിക്കാനാവില്ലെന്നും ഇത്തരം ജനദ്രോഹ സമരമാര്‍ഗ്ഗങ്ങള്‍ക്കെതിരെ പൊതുസമൂഹം സംഘടിച്ചു പ്രതികരിക്കുവാന്‍ മുന്നോട്ടു വരണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആഹ്വാനം ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News