“ഹലാല്‍” മാംസത്തിന്റെ പേരില്‍ വിവാദം സൃഷ്ടിച്ച ഹോട്ടല്‍ ഉടമ തുഷാര അജിത്തും ഭര്‍ത്താവും അറസ്റ്റില്‍

കൊച്ചി: എറണാകുളം ജില്ലയിലെ വിവാദമായ ‘നോൺ-ഹലാൽ’ റസ്റ്റോറന്റ് ഉടമ തുഷാര അജിത്തിനെയും അവരുടെ ഭർത്താവിനെയും നവംബർ 2 ചൊവ്വാഴ്ച വധശ്രമക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ചാട്ട് സ്റ്റാൻഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുഷാരയും മറ്റ് കടയുടമകളും തമ്മിൽ നടന്ന വാക്കേറ്റമാണ് കേസിനാധാരം. തുഷാരയ്ക്കും ഭർത്താവിനുമൊപ്പം മറ്റ് രണ്ട് കൂട്ടാളികളും പിടിയിലായിട്ടുണ്ട്.

വിദ്വേഷം പ്രചരിപ്പിച്ചതിന് തുഷാരയ്‌ക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കാക്കനാട്ട് ഹലാൽ ഇതര റസ്റ്റോറന്റ് ആരംഭിച്ചതിനും പന്നിയിറച്ചി വിളമ്പിയതിനും ജിഹാദികൾ തന്നെ ആക്രമിച്ചുവെന്ന വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തുഷാര അടുത്തിടെ വാർത്തയില്‍ നിറഞ്ഞുനിന്നിരുന്നു. പോലീസ് തനിക്കെതിരാണെന്നും കേസിലെ പ്രതികളെ സഹായിക്കുകയാണെന്നും അവർ ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ പോലീസ് നിഷേധിച്ചു.

ഇൻഫോപാർക്കിന് സമീപത്താണ് സംഭവമുണ്ടായത്. ചിൽസേ ഫുഡ് സ്‌പോട്ട് എന്ന ഫുഡ് കോർട്ടിൽ കട നടത്തുന്ന നകുൽ, സുഹൃത്ത് ബിനോജ് ജോർജ് എന്നിവരെയാണ് തുഷാരയും സംഘവും ആക്രമിച്ചത്. ഫുഡ് കോർട്ടിൽ ബോംബേ ചാട്ട്, ബേൽപൂരി എന്നിവ വിൽക്കുന്ന നകുലിന്റെ പാനിപൂരി സ്റ്റാൾ തുഷാരയും സംഘവും പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും ബിനോജ് ജോർജിനെയും ഇവർ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.

വെട്ടേറ്റ ബിനോജ് ശസ്ത്രക്രിയയെ തുടർന്ന് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഫുഡ് കോർട്ടിലെ കടയിൽ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു തുഷാര ആക്രമണം നടത്തിയത്. എന്നാൽ, ഫുഡ് കോർട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച് കേസുകൾ നിലവിലുണ്ടെന്നും വിശദമായ അന്വേഷണത്തിനൊടുവിൽ പൊലീസ് കണ്ടെത്തി.

നോൺ ഹലാൽ ബോർഡ് വച്ചതിന് യുവാക്കൾ തന്നെ ആക്രമിച്ചെന്നായിരുന്നു തുഷാര ആദ്യം സോഷ്യൽ മീഡിയയിലൂടെ പ്രചരിപിച്ചത്. വിശദമായ അന്വേഷണത്തിൽ ഇത് വ്യാജപ്രചരണമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ച സംഭവം മറച്ചുവച്ചായിരുന്നു തുഷാരയുടെ വാദങ്ങൾ. തുഷാരയുടെ വാദങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തിരുന്നു.

“സംഘർഷം നടന്നതിന് തൊട്ടു പിന്നാലെ ഒക്ടോബർ 24 ന് തന്നെ കേസ് രജിസ്റ്റർ ചെയ്തു. നാല് പേർ – തുഷാര, അജിത്ത്, സുനിൽ, വിനൂപ് എന്ന അപ്പു – അറസ്റ്റിലായി. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു. കൊലപാതക ശ്രമത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം നാലുപേരെയും നവംബർ 3 ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ഇൻഫോപാർക്ക് സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് പറഞ്ഞു.

ആറ് മാസം മുമ്പാണ് തുഷാര തന്റെ ‘നോൺ ഹലാൽ’ ഭക്ഷണശാലയുടെ രണ്ടാമത്തെ ശാഖയ്ക്കായി കൊച്ചിയിലെ കെട്ടിടത്തിൽ സ്ഥലം വാടകയ്ക്ക് എടുത്തത്. എന്നാൽ, ഉടമസ്ഥാവകാശ തർക്കം കാരണം, ആർക്കൊക്കെ ഏത് സ്ഥലം ഉപയോഗിക്കാമെന്നതിനെച്ചൊല്ലി കേസ് കോടതിയില്‍ നടക്കുകയാണ്.

സംഘർഷത്തെ തുടർന്ന് നകുലിനെയും കടയുടമ ബിനോയിയെയും കാലുകൾക്ക് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വിഷയത്തിൽ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഒന്ന് തുഷാരയ്ക്കും അവരുടെ ഭർത്താവിനും രണ്ട് കൂട്ടാളികൾക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 326 (സ്വമേധയാ അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കുക) പ്രകാരം; തന്നോട് മോശമായി പെരുമാറിയെന്ന തുഷാരയുടെ പരാതിയെ തുടർന്ന് ബിനോയിക്കും നകുലിനുമെതിരെ മറ്റൊരു കേസുമുണ്ട്.

ഈ സംഭവം ചില പ്രാദേശിക മാധ്യമങ്ങളും കേരളത്തിലെ ബിജെപിയും ഉൾപ്പെടെ പലരും പര്‍‌വ്വതീകരിക്കുകയും തെറ്റായി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അവർ വിഷയത്തിൽ വർഗീയത കൂടി ചേര്‍ത്തതോടെ സംഘ്‌പരിവാറും ബിജെപിയും പ്രശ്നം ഏറ്റെടുത്തു. തുഷാര അജിത്ത് കടുത്ത ബിജെപിക്കാരിയാണെന്നാണ് മറ്റുള്ള കടക്കാരും പ്രദേശത്തുകാരും പറയുന്നത്. തുഷാരയുടെ ഹോട്ടലിനു മുമ്പില്‍ ‘ഹലാല്‍ നിഷിദ്ധം’ എന്ന ബോര്‍ഡ് വെച്ചതുതന്നെ പ്രകോപിപ്പിക്കാനാണെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പി നേതാക്കളും സംഘപരിവാർ അനുഭാവികളും ചില മൗലിക ക്രിസ്ത്യൻ ഗ്രൂപ്പുകളും ‘ഹലാൽ ഭക്ഷണത്തിലൂടെയുള്ള ജിഹാദി അധിനിവേശത്തെക്കുറിച്ച്’ സോഷ്യൽ മീഡിയയിൽ വർഗീയ നിറമുള്ള നിരവധി പരാമർശങ്ങൾ നടത്തി. എന്നാൽ, കേസിൽ അത്തരത്തിലുള്ള ഒരു വശവും ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

അതിനിടെ, തുഷാര അജിത്ത് ആക്രമിക്കപ്പെട്ടെന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിൽ മാപ്പ് ചോദിച്ച് രാഹുൽ ഈശ്വറും രംഗത്തെത്തി. ട്വീറ്റിലൂടെയാണ് രാഹുലിന്റെ മാപ്പ് അപേക്ഷ. പാലാരിവട്ടത്ത് നോൺ ഹലാൽ ഫുഡ് ബോർഡ് വെച്ച് നന്ദൂസ് കിച്ചൺ എന്ന സ്റ്റോറന്റ് നടത്തുന്ന തുഷാര അജിത്ത് ആക്രമിക്കപ്പെട്ടു എന്ന വാർത്ത ഇസ്ലാമോഫോബിയയിൽ നിന്ന് ഉടലെടുത്ത കെട്ടിചമച്ച വാർത്തയാണെന്നും ഇത്തരം വാർത്തകൾ ഇനി വരുമ്പോൾ ശ്രദ്ധിക്കുമെന്നും രാഹുൽ ട്വീറ്റിലൂടെ അറിയിച്ചു.

 

https://twitter.com/RahulEaswar/status/1453987843806613515

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment