ലഖിംപൂർ ഖേരി അക്രമക്കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

ന്യൂഡൽഹി: എട്ട് പേരുടെ മരണത്തിനിടയാക്കിയ ലഖിംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് (തിങ്കളാഴ്ച) പരിഗണിക്കും.

ഒക്‌ടോബർ മൂന്നിന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ കർഷകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് നാല് കർഷകരടക്കം എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. കർഷകരെ ഒരു എസ്‌യുവി ഇടിച്ചു വീഴ്ത്തുകയും രണ്ട് ബിജെപി പ്രവർത്തകരെയും ഡ്രൈവറെയും രോഷാകുലരായ പ്രതിഷേധക്കാർ മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു. അക്രമത്തിൽ ഒരു പ്രാദേശിക മാധ്യമ പ്രവർത്തകനും കൊല്ലപ്പെട്ടു.

ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് നടന്ന അക്രമസംഭവങ്ങൾ വൻ രാഷ്ട്രീയ കൊടുങ്കാറ്റിന് ഇടയാക്കി, സംസ്ഥാനത്തെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു.

ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

സാക്ഷികൾക്ക് 2018ലെ സാക്ഷി സംരക്ഷണ പദ്ധതി പ്രകാരം സംരക്ഷണം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി ഒക്ടോബർ 26ന് നിർദേശിച്ചിരുന്നു.

നാല് കർഷകരെ വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷം മാധ്യമ പ്രവർത്തകനെയും മറ്റൊരാളേയും ജനക്കൂട്ടം മർദിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് സ്റ്റാറ്റസ് റിപ്പോർട്ടും ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ സിബിഐയെ കൂടി ഉൾപ്പെടുത്തി ഉന്നതതല ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിനെ തുടർന്നാണ് സുപ്രീം കോടതി വിഷയം പരിഗണിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ നിരവധി പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment