കെപിഎസി ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: പ്രശസ്ത നടി കെപിഎസി ലളിതയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞയാഴ്ച തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടിയെ ഞായറാഴ്ചയാണ് കൊച്ചിയിലേക്ക് മാറ്റിയത്. ആദ്യം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ഇവരെ തിങ്കളാഴ്ച മുറിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വക്താവ് പറഞ്ഞു.

കേരള ലളിതകലാ അക്കാദമി ചെയർപേഴ്സണാണ് ലളിത. രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാർഡും അവർ നേടിയിട്ടുണ്ട്.

ലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) ജനറൽ സെക്രട്ടറി ഇടവേള ബാബുവുമായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞു. പ്രമേഹം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ അവര്‍ക്കുണ്ടായിരുന്നു. കരൾ രോഗങ്ങളിലേക്ക് നയിക്കുന്ന ബാക്ടീരിയ അണുബാധയുണ്ട്. കൂടുതൽ രോഗനിർണയത്തിന് ശേഷം അടുത്ത ചികിത്സ തീരുമാനിക്കുമെന്ന് ബാബു പറഞ്ഞു. ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും നേരത്തേതിനെക്കാള്‍ മെച്ചപ്പെട്ടെന്നും പറഞ്ഞു. കരള്‍ മാറ്റി വെയ്ക്കുകയാണ് പരിഹാരം. എന്നാല്‍, പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ എന്നാണ് ബാബു പറയുന്നത്.

കുറച്ചു കാലമായി ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. പത്ത് ദിവസമായി താരം ആശുപത്രിയിലാണ്. കെ.പി.എ.സിയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

നടിയായും സ്വഭാവ നടിയായും തിളങ്ങിയ കെപിഎസി ലളിത കൈകാര്യം ചെയ്യാത്ത വേഷങ്ങളില്ല. ആലപ്പുഴയിലെ കായംകുളമാണ് കെപിഎസി ലളിതയുടെ സ്വദേശം. മഹേശ്വരി അമ്മ എന്നാണ് യഥാര്‍ഥ പേര്. കെപിഎസി നാടകങ്ങളിലൂടെയാണ് അവര്‍ കലാരംഗത്ത് സജീവമായതും ആ പേര് വന്നതും. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലിച്ചിത്ര ലോകത്തേക്ക് കെപിഎസി ലളിതയുടെ രംഗപ്രവേശം. മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ കെപിഎസി ലളിതയിലൂടെ മലയാളികള്‍ പിന്നീട് കണ്ടു.ചെറുപ്പത്തില്‍ തന്നെ നൃത്തം പഠിച്ച അവര്‍ നാടകങ്ങളില്‍ കുട്ടിക്കാലം മുതലേ അഭിനയിച്ചുതുടങ്ങിയിരുന്നു. പിന്നീട് പ്രമുഖ നാടക സംഘമായ കെപിഎസിയില്‍ ചേരുകയായിരുന്നു.

നാടകങ്ങളില്‍ അഭിനയം തുടങ്ങിയതോടയാണ് ലളിത എന്ന പേര് സ്വീകരിച്ചത്. സിനിമയിലെത്തിയതോടെ കെപിഎസി ലളിത എന്നറിയപ്പെടാന്‍ തുടങ്ങി. നടിയായും സഹനടിയായും തിളങ്ങിയ കെപിഎസി ലളിത അമ്മ വേഷത്തിലും അതുല്യമായ പ്രകടനം കാഴ്ചവച്ചു. അന്യഭാഷാ ചിത്രങ്ങളിലും വേഷമിട്ടു. പൂര്‍ണ ആരോഗ്യത്തോടെ അവര്‍ വീണ്ടുമെത്തട്ടെ എന്നാണ് സിനിമാ രംഗത്തുള്ളവരുടെയും ആരാധകരുടെയും പ്രാര്‍ഥന.

ഭര്‍ത്താവ് ഭരതന്‍ എന്ന മഹാപ്രതിഭയുടെ പത്നിയാകാനും കെപിഎസി ലളിതയ്ക്ക് സാധിച്ചു. ഗോഡ്ഫാദര്‍, തേന്മാവിന്‍ കൊമ്പത്ത്, തിളക്കം, കഥ തുടരുന്നു, വടക്കുനോക്കിയന്ത്രം, ഭരതം, വെങ്കലം തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment