ജോജു ഇനിയും ഇതുവഴിയെ വരുമോ ആനകളെയും മേയിച്ച്

പെട്രോള്‍ വിലക്കയറ്റത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ്സ് നടത്തിയ ഉപരോധ സമരം കാരണം റോഡില്‍ കുടുങ്ങിയ സിനിമാ നടന്‍ ജോജു സമരക്കാരുമായി നടത്തിയ വാക്കേറ്റം കേരളത്തില്‍ മറ്റൊരു വിവാദത്തിന് തിരികൊളുത്തി. വാക്കേറ്റം ഒടുവില്‍ ജോജുവിന്‍റെ വിലകൂടിയ കാറിന്‍റെ ഗ്ലാസ് ചില്ലില്‍ ഒരെണ്ണം തകര്‍ത്തതോടെ അത് വിവാദം മാത്രമല്ല പോലീസ് കേസ്സില്‍ വരെയെത്തി. ചാനലുകള്‍ അത് അന്തിചര്‍ച്ചയ്ക്കു തുടക്കമിട്ടെങ്കില്‍ സോഷ്യല്‍ മീഡിയ അത് ആഘോഷമാക്കി. ജോജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമരക്കാരുടെ പ്രവര്‍ത്തിയെ അംഗീകരിച്ചും അധിക്ഷേപിച്ചും പലരും രംഗത്തു വന്നു കഴിഞ്ഞപ്പോള്‍ അതില്‍ ആരുടെ ഭാഗമാണ് ശരിയെന്നും തെറ്റെന്നുമുള്ളത് ഒരു ഉത്തരമില്ലാത്ത ചോദ്യമായി മാറിക്കഴിഞ്ഞു. തെറ്റും ശരിയുമെന്നതിനേക്കാള്‍ ഇരുകൂട്ടരുടെയും പ്രവര്‍ത്തികള്‍ക്ക് രാഷ്ട്രീയ നിറം നല്‍കിക്കൊണ്ട് പലരും രംഗത്തു വന്നതാണ് ഏറെ രസകരം.

സമരം നടത്തിയത് കോണ്‍ഗ്രസ്സായതുകൊണ്ട് സി.പി.എം. ആ സമരത്തിനിടയില്‍ അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്വം കോണ്‍ഗ്രസ്സിന്‍റെ തലയിലും ജോജുവിന് വിശുദ്ധ പരിവേഷവും നല്‍കി.

ജോജുവനെതിരെയുള്ള സമരക്കാരുടെ പ്രകടനം ആദ്യം വിലയിരുത്തിയത് സി.പി.എം. ആയിരുന്നു. കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ അപക്വതയായിരുന്നുയെന്നാണ് സി.പി.എം. വിലയിരുത്തിയത്. മഗ്ദലന മറിയത്തിന്‍റെ ചാരിത്ര്യത്തെക്കുറിച്ച് വാസവദത്ത പരിഹസിക്കുന്നതിനു തുല്യമായ പ്രതികരണമായിരുന്നു സി.പി.എം. ന്‍റേത്. സമരക്കാരുടെ മര്യാദ എന്തെന്ന് കഴിഞ്ഞ ആറേഴു പതിറ്റാണ്ട് കൊണ്ട് കേരളത്തിനു കാണിച്ചുകൊടുത്ത സി.പി.എം. എന്തുകൊണ്ടും സമര തീച്ചൂളയിലെ സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളാണ്. പ്രതിപക്ഷത്തിരുന്നപ്പോഴേക്ക് തീര്‍ത്തും ഗാന്ധിയന്‍ മാതൃകയില്‍ സമരം നടത്തി സമാധാനപരമായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ളവരാണ് സി.പി.എം. എന്ന് എത്രയോ സമരങ്ങളില്‍ക്കൂടി തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ധനകാര്യ മന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരെ നിയമസഭയില്‍ നടത്തിയ സമരം മാണിയുടെ മകന്‍ മറന്നുപോയെങ്കിലും മാണിയെ അംഗീകരിക്കുന്നവരും അല്ലാത്തവര്‍പ്പോലും അത് മറന്നു പോകാന്‍ ഇടയില്ല. കോടതിയില്‍ ആ കേസ് പല വകുപ്പ് പ്രകാരം പ്രതിചേര്‍ത്തപ്പെട്ടിരിക്കുകയാണ്. പൊതു മുതല്‍ നശിപ്പിക്കല്‍ തുടങ്ങി സംഘം ചേര്‍ന്ന് ആക്രമിക്കല്‍ വരെയുള്ള വകുപ്പുകള്‍ വരെ അതില്‍ പലതുമുള്‍പ്പെട്ടിട്ടുണ്ട്. അതിന്‍റെ പേരില്‍ നിയമ നടപടി ശക്തമാക്കിക്കൊണ്ട് കോടതി കേസ് തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്.

87-ല്‍ അന്നത്തെ കരുണാകരന്‍ സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയത്തിനെതിരെയും സ്വകാര്യ പോളിടെക്നിക്കല്‍ അനുവദിച്ചതിന്‍റെ പേരിലും പ്രീഡിഗ്രി വിഭജനത്തിന്‍റെ പേരിലും ഡി.വൈ.എഫ്.ഐ. നടത്തിയ വഴിതടയലും മറ്റു സമര മാര്‍ഗ്ഗങ്ങളും നടത്തി പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചത് നേരിട്ടനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അങ്ങനെ അനവധി നിരവധി അനുഭവങ്ങള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള സി.പി.എം. ആണ് എറണാകുളത്തു നടന്ന അനിഷ്ട സംഭവങ്ങളില്‍ കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തുന്നത്.

എറണാകുളത്ത് നടന്ന അനിഷ്ടസംഭവങ്ങള്‍ ന്യായീകരിക്കുന്നില്ല. ചില്ലുകള്‍ തകര്‍ത്ത സംഭവം സംഭവിക്കാന്‍ പാടില്ലാത്തതു തന്നെയാണ്. എന്നാല്‍ സമര മുഖത്തേക്ക് സിനിമാ നടന്‍ എന്ന ഹുങ്കില്‍ പ്രതികരിച്ചുകൊണ്ട് വന്നത് അയാളുടെ പക്വതയില്ലായ്മയെന്നെ പറയാന്‍ കഴിയൂ. സഞ്ചാരസ്വാതന്ത്ര്യം എല്ലാ പൗരډാര്‍ക്കുമുണ്ട്. അതുപോലെ തന്നെ പ്രതിഷേധിക്കാനും പ്രതികരിക്കാനും അവകാശമുണ്ട്. ജനകീയ വിഷയങ്ങളില്‍ പ്രതികരിക്കുകയും ഭരണകര്‍ത്താക്കളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്നത് ജനകീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ ഭാഗവും രീതിയുമാണ്. ഇന്ത്യയില്‍ മാത്രമല്ല ജനാധിപത്യ വ്യവസ്ഥയില്‍ക്കൂടി പോകുന്ന രാജ്യങ്ങളിലെല്ലാം പ്രതിഷേധപ്രകടനങ്ങള്‍ കാണാറുണ്ട് നടത്താറുമുണ്ട്. എന്നാല്‍ അക്രമത്തിന്‍റെ മാര്‍ഗ്ഗത്തിലേക്ക് പോകുന്നത് ശരിയായ രീതിയല്ല.

സമരങ്ങളില്ലാത്ത അമേരിക്കയില്‍ പോലും പലപ്പോഴും ജനകീയ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാറുണ്ട്. കറുത്ത വര്‍ഗ്ഗക്കാരനായ ഒരാളെ പോലീസ്സുകാര്‍ കൊന്നതിനെ തുടര്‍ന്ന് നടന്ന പ്രതിഷേധപ്രക്ഷോഭങ്ങള്‍ അമേരിക്കയുടെ പലഭാഗങ്ങളിലും നടക്കുകയും അത് ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ജനകീയ വിഷയങ്ങളില്‍ ഇടപെടുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ചില ആളുകളുടെ അഭിപ്രായത്തില്‍ കേരളത്തില്‍ മാത്രമാണെന്നുള്ളു ഇത്തരം സമരമാര്‍ഗ്ഗമെന്ന് തോന്നിപ്പോകും. അത്തരത്തിലൊരു സമര മാര്‍ഗ്ഗമാണ് കോണ്‍ഗ്രസ്സ് എറണാകുളത്ത് സംഘടിപ്പിച്ചത്.

പണ്ടൊക്കെ എപ്പോള്‍ വേണമെങ്കിലും കേരളത്തില്‍ സമരം നടത്താന്‍ അനുവാദമുണ്ടായിരുന്ന മിന്നല്‍ സമരമെന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന സമരങ്ങള്‍ കേരളത്തില്‍ നടത്തിയിരുന്നു. അതില്‍ ഏറെയും നടത്തിയ ചരിത്രം സി.പി.എം. ആയിരുന്നു. എന്നാല്‍ ആ രീതി മാറി. ഇപ്പോള്‍ സര്‍ക്കാര്‍ സമരം നടത്തുന്നതിന് നിബന്ധനകളും നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ സമരക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടാകാതെയിരിക്കാന്‍ പോലീസും ഭരണകൂടങ്ങളും ശക്തമായ നിര്‍ദ്ദേശവും നിയമ വ്യവസ്ഥയും വയ്ക്കാറുണ്ട്. പൊതുജനത്തിന് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കുന്ന തരത്തില്‍ നിര്‍ദ്ദേശങ്ങളടങ്ങിയ വ്യവസ്ഥയില്‍ ഒപ്പിട്ടിട്ടാണ് സമരത്തിനനുവാദം നല്‍കുന്നത്.

ഹര്‍ത്താലും ഉപരോധവും നടത്തണമെങ്കില്‍ ജില്ലാ ഭരണകൂടത്തിനെ മുന്‍കൂട്ടി അറിയിക്കുകയും അവരുടെ അനുമതിയും വേണം. ആര് ഏത് പ്രസ്ഥാനം എന്നത് വ്യക്തമാക്കിക്കൊണ്ടുള്ള അപേക്ഷയായിരിക്കണം ജില്ലാഭരണകൂടത്തിന് നല്‍കേണ്ടത്. സംസ്ഥാനമൊട്ടാകെയാണെങ്കില്‍ ഡി.ഡി.പി. ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. പോലീസിന്‍റെയും ഭരണനേതൃത്വത്തിന്‍റെയും അനുമതിയില്ലാതെ ഹര്‍ത്താലും ഉപരോധവും ഉള്‍പ്പെടെയുള്ള സമര മാര്‍ഗ്ഗങ്ങള്‍ നടത്താന്‍ കഴിയില്ല. ഇവരുടെ അനുമതി ലഭിച്ചു കഴിയുമ്പോള്‍ മാത്രമാണ് വാര്‍ത്താ മാധ്യമങ്ങളില്‍ക്കൂടി സമര വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുക.

ഇങ്ങനെ ഉപരോധന സമരങ്ങളുടെ ചട്ടവട്ടങ്ങളെല്ലാം പാലിച്ചുകൊണ്ട് നടത്തിയ സമരത്തിനിടയിലേക്ക് ആക്രോശമുയര്‍ത്തിയ നടന്‍റെ നടപടി അപലപിക്കുന്നതാണ്. ഹര്‍ത്താലും ഉപരോധവും നടത്തുമ്പോള്‍ അത്യാവശ്യ സര്‍വ്വീസുകളെയും ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവരെയും ഒഴിവാക്കും. ഇവിടെ നടന്‍റെ വികലമായ ന്യായീകരണം അതിലേറെ കഷ്ടമാണ്. ഒരു സ്ത്രീ കുഞ്ഞുമായി ഓട്ടോറിക്ഷയില്‍ ഉപരോധത്തിന്‍റെ കുരുക്കില്‍പ്പെട്ടപ്പോള്‍ അവരെ കടത്തിവിടാനായിരുന്നു താന്‍ രോഷാകുലനായിയെന്ന ന്യായമാണ് അയാള്‍ പറഞ്ഞത്. അതില്‍ യാതൊരു സാങ്കേതിക വശവുമില്ല. അത്യാസന്നനിലയിലുള്ള രോഗികളാണെങ്കില്‍ അവര്‍ ആംബുലന്‍സിനെയാണ് ആശ്രയിക്കുന്നത്. ആശ്രയിക്കേണ്ടതും. എത്ര സമരമായാലും ആംബുലന്‍സ് കടത്തിവിടാന്‍ അനുവാദമുണ്ട്. മനുഷത്വമെന്നത് എല്ലാ പ്രവര്‍ത്തകരിലും അല്പമെങ്കിലും കാണും.

അത്ര ഗുരുതരമല്ലാത്ത രോഗാവസ്ഥയിലുള്ളവരാണെങ്കില്‍ അവര്‍ക്ക് അവിടെ നില്‍ക്കുന്ന പോലീസുകാരോട് സഹായമഭ്യര്‍ത്ഥിക്കാം. ഇങ്ങനെ പല മാര്‍ഗ്ഗങ്ങളുണ്ടെന്നതാണ് ഒരു യാഥാര്‍ത്ഥ്യം. സഹായിക്കാന്‍ നിയമപാലകരുണ്ടായിരിക്കെ ഗതാഗത കുരുക്കില്‍പ്പെട്ട സിനിമാനടനെ തേടിപ്പിടിച്ച് സഹായമഭ്യര്‍ത്ഥിച്ചവര്‍ ആ സിനിമാനടനെ പിന്തുണച്ചുകൊണ്ട് ഒരിടത്തുമെത്താത്തതെന്ത്. എന്തോ എവിടെയോ ഒരു അസത്യമുണ്ടോ അതില്‍. എല്ലാവര്‍ക്കും അസൗകര്യവും അലോസരവുമുണ്ടാകുന്ന ഒരു വസ്തുതയാണ് ഗതാഗത തടസ്സമുണ്ടായി റോഡില്‍ കിടക്കുന്നത്. ഇവിടെ നടന്‍റെ വാദഗതിയോട് വിയോജിപ്പു തന്നെയുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വഴി തടയല്‍ സമരം നടത്തിയപ്പോള്‍ ആ വഴി ഒഴിവാക്കി മറ്റുവഴിയെ പോകാമായിരുന്നു. ആ ഒരു വഴി മാത്രമല്ല ഒരു പ്രദേശത്ത് ഉള്ളത് എന്നുകൂടി ഓര്‍ക്കണം.

കേരളത്തിന്‍റെ ശാപമായ ഗതാഗത കുരുക്കില്‍പ്പെട്ട് മണിക്കൂറുകളോളം കിടന്നിട്ടുള്ളവരാണ് ഒട്ടുമിക്ക മലയാളികളും. ഈ ഗതാഗതകുരുക്കില്‍പ്പെടുമ്പോള്‍ ഈ നടന്‍ ആരോട് ക്ഷോഭിക്കും. കൊച്ചിയില്‍ ഗതാഗത കുരുക്കെന്നത് ഒഴിഞ്ഞ നേരമില്ല. രണ്ടും മൂന്നും മണിക്കൂര്‍ റോഡില്‍ കഴിയേണ്ട അവസ്ഥയുണ്ടായിട്ടുണ്ട് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും കൊച്ചിയിലെ ഗതാഗത കുരുക്ക് ഒരു ദുഃസ്വപ്നം പോലെയാണ്. ആ ഗതാഗതക്കുരുക്കില്‍പ്പെടാതെയായിരുന്നോ ജോജു എന്ന സിനിമാനടന്‍ ഇത്രയും നാള്‍ യാത്ര ചെയ്തത്. ഹര്‍ത്താലുകളും മറ്റുമുണ്ടാകുമ്പോള്‍ റോഡിലിറങ്ങി ഇത്തരം പ്രകടനം എന്തെ ഇതുവരെയും കാണിച്ച് പ്രതിഷേധിക്കാതിരുന്നത്.

ഒരിക്കല്‍ കേരളത്തിലെ ഒരു പട്ടണത്തില്‍ക്കൂടി പോയപ്പോള്‍ ഏകദേശം ഒന്നരമണിക്കൂര്‍ ഗതാഗത കുരുക്കില്‍പ്പെടുകയുണ്ടായി. ഒടുവില്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് സൂപ്പര്‍ താരത്തിന്‍റെ പുതിയ പടത്തിന്‍റെ ഫാന്‍സ് അസ്സോസിയേഷന്‍റെ ആഹ്ലാദപ്രകടനമായിരുന്നു അതെന്ന്. ഇനിയും ഒരു സൂപ്പര്‍സ്റ്റാര്‍ കട ഉദ്ഘാടനത്തിനോ മറ്റോ വന്നാല്‍ ആ ഭാഗം മുഴുവന്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക് ഉണ്ടാകാറുണ്ട്. അത് ബുദ്ധിമുട്ടുണ്ടാക്കുന്നത് സാധാരണക്കാര്‍ക്കാണെന്ന് നടന്‍ അറിയാതെ പോകുന്നതാണോ. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നീലച്ചിത്ര നായിക കൊച്ചിയില്‍ എത്തിയപ്പോള്‍ ഗതാഗത കുരുക്ക് ഒന്നും രണ്ടും മണിക്കൂറായിരുന്നില്ല അതിനുമപ്പുറത്തായിരുന്നു. നടന്‍ ഇനിയെങ്കിലും അറിയാത്ത ചില സത്യങ്ങള്‍ തുറന്നു പറഞ്ഞെന്നേയുള്ളു. ഇങ്ങനെയൊക്കെ ജനങ്ങളെ നിങ്ങള്‍ ബുദ്ധിമുട്ടിക്കുമ്പോള്‍ അവര്‍ പ്രതികരിക്കാതിരിക്കുന്നത് ഒരു പോരായ്മയാണെങ്കില്‍ ഇനിയും പ്രതികരിക്കാന്‍ നിങ്ങള്‍ മാതൃകയാണ്. അപ്പോഴാണ് നിങ്ങളുടെ പ്രതികരണത്തിന്‍റെ ശരിയും തെറ്റും നിങ്ങള്‍ക്ക് മനസ്സിലാകൂ.

ശാന്തമായി കിടന്നുറങ്ങുന്ന സിംഹത്തിന്‍റെ കൂട്ടില്‍ ശബ്ദമുണ്ടാക്കി അതിനെ പ്രകോപിതനാക്കി ആളാകാന്‍ നോക്കുന്ന ചില വിരുതډാര്‍ കാഴ്ചബംഗ്ലാവില്‍ കാഴ്ചക്കാരായി വരാറുണ്ട്. അബദ്ധത്തിലെങ്ങാനും സിംഹത്തിന്‍റെ കയ്യില്‍പ്പെട്ടാല്‍ സിംഹത്തിന്‍റെ കോപത്തിന്‍റെ രുചി അവന്‍ അറിയും. അതാണ് ഇതിനുദാഹരണം. പോലീസ്പോലും ആത്മസംയമനം പാലികകുന്നിടത്ത് അവരേക്കാളും വലിയവരാകാനുള്ള ആ ആവേശം കാണുമ്പോള്‍ അറിയാതെ തോന്നിപ്പോയി. ഇതു കണ്ടപ്പോള്‍. പ്രതിഷേധിക്കാം എന്നാല്‍ അത് അതിരു വിട്ടാല്‍ അതും അമൃതിനു തുല്യമാകും. സത്യത്തില്‍ നാട്ടില്‍ നടന്ന അതിഗുരുതരമായ സംഭവങ്ങളിലൊന്നും പ്രതിഷേധിക്കാതെ ഇതില്‍ മാത്രം പ്രതിഷേധിച്ച നടന്‍ എന്തിനോ ആര്‍ക്കോ തിളയ്ക്കുന്ന ഒരു സാമ്പാര്‍ പോലെയെന്നു തോന്നിപ്പോയി. അതു മാത്രമല്ല ഈ ഒരു സമരംകൊണ്ട് കേരളമില്ലാതാകുന്നില്ല. ഇനിയും സമരങ്ങള്‍ പ്രതിഷേധങ്ങള്‍ പ്രതിരോധനങ്ങള്‍ ഒക്കെ കേരളത്തിലുണ്ടാകും അന്നും ഈ വഴിയെ വരുമോ ആനകളെയും മേയിച്ച്.

Print Friendly, PDF & Email

Related posts

Leave a Comment