ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി ഭാരത അല്‍മായ സമൂഹത്തിന് അഭിമാനം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പ്രഖ്യാപനം ഭാരത സഭയ്ക്ക് അഭിമാനവും ആത്മീയ ഉണര്‍വ്വുമേകുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ഇന്ത്യയില്‍ നിന്ന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യ അല്മായനാണ് ദേവസഹായം പിള്ളയെന്നത് ഭാരതത്തിലെ അല്മായ സമൂഹത്തിന് ആഹ്ലാദമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. യേശുവിലുള്ള വിശ്വാസത്തെപ്രതി ധീരരക്തസാക്ഷിത്വം വഹിച്ച ഭാരതത്തിലെ പ്രഥമ അല്മായ രക്തസാക്ഷി 18-ാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ക്രിസ്തുവിലുള്ള വിശ്വാസം സ്വീകരിച്ചുവെന്നതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി 1752 ജനുവരി 14ന് വെടിവെച്ചു കൊല്ലപ്പെടുന്ന അവസാന സമയത്തും പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ച ദേവസഹായം പിള്ളയുടെ വിശ്വാസ തീക്ഷ്ണതയും മാതൃകയും ഈ കാലഘട്ടത്തില്‍ വളരെയേറെ പ്രസക്തമാണ്.

2022ല്‍ മാര്‍പാപ്പ ഭാരതം സന്ദര്‍ശിക്കുമെന്ന പ്രതീക്ഷയുണര്‍ത്തുന്ന ആവേശം വിശ്വാസികളില്‍ നിലനില്‍ക്കുമ്പോള്‍ അല്മായ സമൂഹത്തില്‍ നിന്ന് ഒരാള്‍ വിശുദ്ധനായി ഉയര്‍ത്തപ്പെടുന്നത് ഭാരത കത്തോലിക്കാസഭയ്ക്ക് ഇരട്ടിമധുരവും ക്രൈസ്തവ ജീവിതത്തിന് കൂടുതല്‍ കരുത്തും പ്രത്യാശയുമേകുമെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment