ഭക്ഷണത്തിലും മതം കലരുമ്പോൾ (ജെയിംസ് കുരീക്കാട്ടിൽ)

ആള് 70 വയസുള്ള ഒരു പാക്കിസ്താനിയാണ്. ഒരു പാവം മനുഷ്യൻ. മുപ്പത് വർഷങ്ങളോളമായി അമേരിക്കയിൽ എത്തിയിട്ട്. ഇവിടെയുള്ള ബന്ധുക്കളെ സന്ദർശിക്കാൻ എന്ന പേരിൽ എത്തിയതാണ്. പിന്നെ തിരികെ പോയില്ല. പാക്കിസ്താനി ഗ്രോസറി സ്റ്റോറുകളിലും റസ്റ്റോറന്റുകളിലും ഒക്കെ ജോലി ചെയ്ത് ഒളിച്ചും പാത്തും ജീവിച്ചു. ക്രമേണ അമേരിക്കന്‍ പൗരത്വം കിട്ടി. ഏറെ കാലത്തെ കഠിനാദ്ധ്വാനവും ദാരിദ്ര്യവും പിന്നെ ഇൻഷുറൻസ് ഇല്ലാതിരുന്നതുകൊണ്ട് കൊളസ്ട്രോളും ഡയബെറ്റിക്‌സും ഒന്നും ശ്രദ്ധിക്കാതെ പോയതുകൊണ്ടുമാവാം ഇപ്പോൾ അസുഖബാധിതനായാണ് നഴ്സിംഗ് ഹോമിൽ എത്തിയിരിക്കുന്നത്. കാര്യമായി ഭക്ഷണം ഒന്നും കഴിക്കുന്നില്ല. ഭാഷയുടെ പ്രശ്നം വേറെ. കോവിഡ് പ്രോട്ടോകോൾ മൂലം വീട്ടുകാർക്ക് സന്ദർശിക്കാനും ഭക്ഷണം കൊണ്ടുവന്ന് കൊടുക്കാനും പറ്റുന്നില്ല.

കുറച്ചെങ്കിലും ഭക്ഷണം കഴിച്ചില്ലെങ്കിൽ ആരോഗ്യം മോശമാവില്ലേ? സ്നേഹത്തോടെ നിർബന്ധിച്ചു.

“ഇച്ചരെ ചോറും ചിക്കനും കിട്ടിയാൽ കഴിക്കാമായിരുന്നു.” പറയുമ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു നോട്ടം ഉണ്ടായിരുന്നതായി തോന്നി.

പിന്നെ ഒന്നും ആലോചിച്ചില്ല. “നാളെ വരുമ്പോൾ ഞാൻ കൊണ്ടുവരാം ചോറും ചിക്കനും.”

കേട്ടപ്പോൾ ആ കണ്ണുകൾ ഒരു നിമിഷം തിളങ്ങിയതായി തോന്നി. പിന്നെയും ഒരു മ്ലാനത.

“ചിക്കൻ വേണ്ട. ചോറും എന്തെങ്കിലും സബ്ജിയും മതി.”

“അതെന്താ ചിക്കൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് മനസ്സ് മാറിയത്? ചിക്കൻ തന്നെ കൊണ്ടുവരാം.”

ഇത്തിരി സങ്കോചത്തോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. “ഒന്നും വിചാരിക്കരുത്. ഹലാൽ കഴിച്ചേ ശീലമുള്ളൂ. ബുദ്ധിമുട്ടാവില്ലേ അതുകൊണ്ടാ.”

ഒരു സാധു മനുഷ്യൻ. മതം ചെറുപ്പത്തിലെ അടിച്ചേൽപ്പിച്ച ഒരു ശീലം. അത്രമാത്രം. അതുകൊണ്ട് തന്നെ ഒന്ന് മനസ്സിലുറപ്പിച്ചു. കൊടുക്കുന്നെങ്കിൽ ഇദ്ദേഹത്തിന് ഹലാൽ ചിക്കൻ കറി തന്നെ നാളെ കൊണ്ടുവന്ന് കൊടുക്കണം.

ഞാൻ താമസിക്കുന്ന സിറ്റിയിൽ നിന്ന് ഏതാണ്ട് 30 മൈൽ ദൂരം മാത്രമേയുള്ളൂ, അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലിം സമൂഹം തിങ്ങി പാർക്കുന്ന ഡിയർബോൺ സിറ്റിയിലേക്ക്. ഒരു ലക്ഷത്തോളം മുസ്ലിം മത വിശ്വാസികൾ ഉണ്ട്. അവിടെ എല്ലാ ഹലാൽ പ്രൊഡക്റ്റുകളും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. (ഈ ഡിയർബോൺ സിറ്റിയിലാണ് 2013ൽ മക്‌ഡൊണാൾഡ്സിനെതിരെ അഹമ്മദ് അഹമ്മദ് എന്നൊരാൾ കൊടുത്ത കേസിൽ 7 ലക്ഷം ഡോളർ ശിക്ഷ വിധിച്ചത്. ഹലാൽ എന്ന് പരസ്യപ്പെടുത്തിയതിന് ശേഷം മക്‌ഡൊണാൾഡ്സ് വിറ്റ ചിക്കൻ നഗ്ഗറ്റ്സ് ഹലാൽ അല്ലാതിരുന്നതാണ് കാരണം. പക്ഷെ അഹമ്മദിന് ആകെ 20,000 ഡോളറെ കിട്ടിയുള്ളൂ. 2,30,000 ഡോളർ വക്കീലും ബാക്കി ചില മുസ്ലിം സംഘടനകളും കൊണ്ടുപോയി).

ജോലിയിൽ നിന്നിറങ്ങി നേരെ ഡിയർബോണിലേക്ക് വച്ച് പിടിച്ചു. ഇഷ്ടം പോലെ കടകൾ ഉണ്ട്. ഹലാൽ ചിക്കൻ തന്നെ വാങ്ങി.
വീട്ടിൽ വന്ന് ഭാര്യയോട് കാര്യങ്ങൾ വിവരിച്ചു.

ചോദ്യം ഉടനെ വന്നു. “എന്താ ഈ ഹലാൽ?” ( സംഭവം ഒരു വര്‍ഷം മുമ്പായത് നന്നായി. ഇന്നായിരുന്നെങ്കിൽ, ഉസ്താദ് ബിരിയാണിയിൽ തുപ്പുന്ന വീഡിയോ ഒക്കെ കണ്ടിരിക്കുന്ന അവളെനിക്ക് ക്ലാസ് എടുക്കുമായിരുന്നു). “അത് അവര് കൊല്ലുന്നതിന് മുമ്പ് ചൊല്ലുന്ന എന്തോ പ്രാർത്ഥനയോ മറ്റോ ആണ്.” പറഞ്ഞൊഴിഞ്ഞു.

ചിക്കൻ കറി റെഡിയായി. ഓഗസ്റ്റ് 15 ന് ഇന്ത്യയെ വിഭജിച്ചത് പോലെ, കറി രണ്ടായി പകുത്തു. പകുതി പാക്കിസ്താനി അപ്പൂപ്പന്. പകുതി ഞങ്ങൾ ഇന്ത്യാക്കാർക്കും.

പിറ്റേന്ന് കൊണ്ടെ കൊടുക്കുമ്പോൾ, ഇത്ര ആഹ്ലാദത്തോടും നിർവ്രിതിയോടും ഒരു മനുഷ്യൻ ഭക്ഷണം കഴിക്കുന്നത് നോക്കി നിന്നുപോയി. അവസാനം ആ മുഖത്ത് കണ്ട ചിരിയോളം വലിയ കാഴ്ചപോലെ അധികമൊന്നും ജീവിതത്തിൽ കണ്ടിട്ടില്ല. (ഇതിനെ കുറിച്ച് അന്ന് എഴുതണമെന്ന് തോന്നിയിട്ടും വേണ്ടെന്ന് വെച്ചത്, നമ്മൾ ചെയ്യുന്ന ചില കുഞ്ഞു കാര്യങ്ങളുടെ വലിയ പ്രഘോഷണമായി ആർക്കെങ്കിലും തോന്നിയെങ്കിലോ എന്ന് ഭയന്നാണ്).

ഇന്ന് ഹലാൽ വിഷയം ഇത്രയേറെ വിദ്വേഷപരമായി നമ്മുടെ നാട് ചർച്ച ചെയ്യുമ്പോൾ ഒന്ന് പങ്ക് വെയ്ക്കണമെന്ന് തോന്നി. എന്തിലും ഏതിലും മതം കലർത്തി വിഷമയമാക്കിയവരാണ് നമ്മൾ. നമ്മുടെ രാഷ്ട്രീയവും നമ്മുടെ സാമൂഹ്യ ജീവിതവുമെല്ലാം. ഭക്ഷണത്തിലെങ്കിലും മതം കലർത്തരുത്. അപേക്ഷയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News