സാമൂഹിക അടുക്കളകൾ തുറക്കുമോ ഇന്ത്യയിൽ ?

സുപ്രീം കോടതി പറഞ്ഞാലും പലതും നടപ്പിലാക്കാൻ വെച്ചു താമസിപ്പിക്കുന്ന ഒരു രാജ്യമാണല്ലോ നമ്മുടെ ഇന്ത്യാ മഹാരാജ്യം. എന്തെങ്കിലും പഠനങ്ങളോ സർവേകളോ നടത്തിക്കൊണ്ടിരിക്കയാണ് എന്ന് പറഞ്ഞുകൊണ്ട് തത്കാലം വായടപ്പിക്കുന്ന, സർക്കാർമറുപടിയിൽ പലതും കുടുങ്ങിക്കിടക്കുന്ന കാഴ്ചയാണല്ലോ നാം കണ്ടുകൊണ്ടിരിക്കുന്നത്.

അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, കോടതി നിർദ്ദേശിക്കുന്ന സാമൂഹിക അടുക്കളകൾ. സാധാരണ ജനങ്ങൾ പട്ടിണിയില്ലാതെ ഭക്ഷണം കഴിക്കാൻ, സർക്കാർസംവിധാനത്തിലോ മറ്റു സംഘടനകളോ ഫ്രീയായി ഭക്ഷണം വിതരണംചെയ്യുന്ന സംവിധാനമാണ് കമ്മ്യൂണിറ്റി കിച്ചൺസ് അഥവാ സാമൂഹ്യ അടുക്കളകൾ.

ഫ്രീ ഫുഡ് അല്ലെങ്കിൽ സൗജന്യ ഭക്ഷണം എന്നത് കൊണ്ട് വിവക്ഷിക്കുന്നത്, ഭക്ഷണമോ ഭക്ഷ്യപദാർത്ഥങ്ങളോ സ്വീകരിക്കുന്ന വ്യക്തിക്ക് ഒരു ചെലവും ഉണ്ടാകാത്ത ഒരു വ്യവസ്ഥയാണ് . ഫുഡ് ബാങ്ക് എന്നത് ഒരു ലാഭേച്ഛയില്ലാത്ത, ചാരിറ്റബിൾ ഓർഗനൈസേഷനാണ്, അവർ മുഖേന, ഭക്ഷണം വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് ഭക്ഷണം വിതരണംചെയ്യപ്പെടുന്നു, സാധാരണയായി ഭക്ഷണശാലകൾ, സൂപ്പ് കിച്ചണുകൾ എന്നിവ പോലുള്ള ഇടനിലക്കാർ വഴി. ചില ഫുഡ് ബാങ്കുകൾ അവരുടെ സ്വന്തം ഭക്ഷണശാലകളിൽ നേരിട്ട് ഭക്ഷണം വിതരണം ചെയ്യുന്നു.

പട്ടിണിമരണങ്ങൾ നമ്മുടെ രാജ്യത്തു സംഭവിക്കുന്നില്ലെന്നു ഉറപ്പാക്കേണ്ടത്, കേന്ദ്ര ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണെന്ന് സുപ്രീം കോടതി അടിവരയിട്ടു നിര്ദേശിച്ചിട്ടും, ഈ വിഷയത്തിൽ കാര്യമായ യാതൊരു നടപടിയും പുരോഗമിക്കുന്നില്ലെന്നതിൽ ഇന്ത്യയിലെ സുപ്രീം കോടതിക്ക് അതൃപ്തി. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്ലാൻ സമർപ്പിക്കാൻ കോടതി, മൂന്നാഴ്ച സമയം നല്കിയിരിക്കയാണ്. നടന്നു കിട്ടിയാൽ ജീവകാരുണ്യപ്രവർത്തനത്തിലേക്കു ഒരു പടി കയറിയെന്ന് അഭിമാനിക്കാൻ സാധിക്കുമോ ?

ഇന്ത്യയിൽ സാമൂഹിക അടുക്കളകൾ പല തോതിലും പലയിടങ്ങളിലും നടത്തി വിജയിച്ചിട്ടുണ്ട്. 2020 ഏപ്രിലിൽഇന്ത്യയുടെ 40 ദിവസത്തെ ലോക്ക്ഡൗൺ സമയത്ത് ഭക്ഷണം, മുഖംമൂടികൾ വിതരണം ചെയ്യാനും ഭക്ഷണഅടുക്കളകൾ പ്രവർത്തിപ്പിക്കാനും ഇന്ത്യയിലെ വനിതാ സ്വയം സഹായ സംഘ കമ്മ്യൂണിറ്റി കിച്ചണുകൾ സഹായിച്ചു.

ലോകത്തിലെ ഏറ്റവും വലിയതെന്നറിയപ്പെടുന്ന അമൃതസറിലെ ഗോൾഡൻ ടെമ്പിളിൽ ദിവസേന 100,000ലധികംപേർക്ക് സൗജന്യ ഭക്ഷണം നൽകുന്നത് സാമൂഹിക അടുക്കളയുടെ ഏറ്റവും പ്രമാദമായ ഉദാഹരണമാണ്. കൂടാതെ, ക്വാറന്റൈൻ ചെയ്ത വ്യക്തികളുടെ വീടുകളിൽ ഭക്ഷണം എത്തിക്കുന്ന നിരവധി തുറന്ന കമ്മ്യൂണിറ്റി കിച്ചണുകൾകേരളത്തിലുണ്ട്.

ഇക്കാര്യത്തിൽ കോവിഡ് വന്നപ്പോൾ കിറ്റ് കൊടുത്ത്, ആരെയും പട്ടിണിക്കിടാതെ കേരളജനതയെ പുളകം കൊള്ളിച്ചതിൽ കേരളാ സർക്കാരിനെ അഭിനന്ദിച്ചില്ലെങ്കിൽ അത് കേവലം രാഷ്‌ട്രീയ ദുരുദ്ദേശം ഉയര്ത്തിപ്പിടിക്കാൻ മാത്രമായിരിക്കാം..

ഈ ഭൂലോകത്തുനിന്നും പട്ടിണി തുടച്ചുമാറ്റാൻ ദശാബ്ദങ്ങളായി പല ആഗോള സംരംഭങ്ങളും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. 2021 ലെ വ്യക്തിഗത വരുമാനാടിസ്ഥാനത്തിൽ ഏറ്റവും പാവപ്പെട്ട രാജ്യങ്ങളിൽ ബറൂണ്ടി, സോമാലിയ, മൊസാംബിഖ്, മഡഗാസ്കർ , അഫ്‌ഗാനിസ്ഥാൻ തുടങ്ങിയവ ഉൾപ്പെടുന്നു. (എന്നാൽ ഏറ്റവും പണക്കാരായ രാജ്യങ്ങളിൽ വാർഷികവരുമാനാടിസ്ഥാനത്തിൽ. ലക്സംബർഗ്, സിംഗപ്പൂർ, അയർലാൻഡ്, ഖത്തർ, സ്വിറ്റസർലാൻഡ്, നോർവ്വേ, യൂ എസ് ഏ, ബ്രൂണെയ് എന്നിവ മുൻപന്തിയിൽ നിൽക്കുന്നു). സൊമാലിയയിൽ വാർഷിക വരുമാനം 310 ഡോളർ ആണെങ്കിൽ, മറുവശത്ത് ലക്സംബർഗിൽ 118,000 ഡോളർ ആയിരിക്കുന്നുവെന്ന് പറഞ്ഞാൽ, ഈ അജഗജാന്തരം പട്ടിണിയുടെ അളവുകോൽ കൂടിയാകുന്നു. അപ്പോൾ പാവപ്പെട്ട രാജ്യങ്ങളെ പട്ടിണിയുടെ കരാള ഹസ്തങ്ങളിൽനിന്നും മോചിപ്പിക്കാൻ, സമ്പന്നരാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും വിവിധ പരിപാടികൾ കാലങ്ങളായി നിലനിൽക്കുന്നുണ്ട്.

വേൾഡ് ഫുഡ് പ്രോഗ്രാം, കെയർ, യുണിസെഫ്, ബ്രെഡ് ഫോർ ദി വേൾഡ്, കാരിത്താസ് ഇന്റർനാഷണൽ, ഹീഫർ ഇന്റർനാഷണൽ തുടങ്ങിയ വൻ സംഘടനകൾ ഇവയിൽ മുന്നിട്ടു നിൽക്കുന്നു. നമ്മുടെ ഇൻഡ്യാ മഹാരാജ്യത്ത് 2000 മാണ്ടിൽ സ്ഥാപിതമായ ‘അക്ഷയപാത്ര’ ഇന്ത്യയിലെ സർക്കാർ ഫണ്ടഡ് സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി. ക്ലാസ് മുറിയിലെ വിശപ്പ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒരു ഇന്ത്യൻ എൻജിഒ ആണ് അക്ഷയപാത്ര. അതിനുശേഷം, ഈ എൻ‌ജി‌ഒ ഈ പ്രോഗ്രാമിലെ ലോകത്തിലെ ഏറ്റവും വലിയ ഓർഗനൈസേഷനായി മാറി, രാജ്യത്തെ പന്ത്രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 16.856 സ്കൂളുകളിൽ നിന്നുള്ള 1.8 ദശലക്ഷത്തിലധികം കുട്ടികൾക്ക് എല്ലാ സ്കൂൾ ദിനങ്ങളിലും ആരോഗ്യകരമായ ഭക്ഷണം നൽകുന്നു. നല്ലതു തന്നെ.

പണ്ട് ശ്രീനിവാസൻ “പോളണ്ടിന്റെ കാര്യം മിണ്ടിപ്പോകരുതെന്നല്ലേ” സൂചിപ്പിച്ചത്! അതുകൊണ്ട്‌ അമേരിക്കയുടെ കാര്യം പറഞ്ഞാൽ കുഴപ്പമില്ലായിരിക്കുമല്ലോ. അമേരിക്കയിൽ ഉടനീളം പട്ടിണിപ്പാവങ്ങളെ സഹായിക്കാൻ നിരവധി പദ്ധതികൾ ഉണ്ടു്. അമേരിക്കക്കാർക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിൽ അഭിമാനകരമായ ചരിത്രമുണ്ട്, നാട്ടിലും വിദേശത്തും തങ്ങളുടെ സഹമനുഷ്യന്റെ ക്ഷേമത്തിൽ ഉത്കണ്ഠയുള്ളവരാണവർ. വികസിത രാജ്യങ്ങൾക്ക് ഭക്ഷണം നൽകുന്ന ഫെഡറൽ ഗവൺമെന്റിന്റെ ഫുഡ് ഫോർ പീസ് പ്രോഗ്രാം ഇതിന് സാക്ഷ്യമാണ്. എന്നിരുന്നാലും, P.L 480 എന്നറിയപ്പെടുന്ന അമേരിക്കൻ ഭക്ഷണവിതരണത്തിന്റെ വും , ദാരുണവുമായ, പ്രായോജകർ ആയിരുന്നു ഇന്ത്യയും. മൂന്നാം ലോക രാജ്യങ്ങൾക്കുള്ള ഏറ്റവും പ്രശസ്തമായ സഹായ പദ്ധതികളിലൊന്നായിരുന്നു അത്.

ഗ്ലോബൽ ഫുഡ് ബാങ്കിംഗ് നെറ്റ്‌വർക്കിന്റെ (GFN) ദൗത്യം ഫുഡ് ബാങ്കുകളെ ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ ലോകത്തിലെ വിശക്കുന്നവരെ നല്ല ആഹാരം നല്കി പരിപോഷിപ്പിക്കുക എന്നതാണ്.

“ഫീഡിംഗ് അമേരിക്ക” എന്ന പദ്ധതിയിലൂടെ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം, പലചരക്ക് സാധനങ്ങൾ, ലഘുഭക്ഷണങ്ങൾ, മറ്റ് ഭക്ഷണ സാധനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. വരുമാനവും സാമ്പത്തിക സ്ഥിതിയും പരിഗണിക്കാതെ എല്ലാ ഭക്ഷ്യവസ്തുക്കളും സൗജന്യമായി വിതരണം ചെയ്യുന്നു. സാധാരണഗതിയിൽ, വിദ്യാർത്ഥികൾക്ക് അവരുടെ അവധിയിലോ വാരാന്ത്യത്തിലോ പോഷകാഹാരം ലഭിക്കുന്നതിന് പോഷകസമൃദ്ധമായ പലചരക്ക് സാധനങ്ങൾ, ലഘുഭക്ഷണങ്ങൾ, ഭക്ഷണം എന്നിവ നിറഞ്ഞ ഒരു ബാക്ക്പാക്ക് നൽകുന്നു. വിദ്യാർത്ഥികൾക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും ഈ സാധനങ്ങൾ ലഭിക്കും.

അമേരിക്കയിൽ “സൂപ്പ് കിച്ചൺ, ഹെല്പിംഗ് ഹാൻഡ്‌സ്” തുടങ്ങിയ പേരുകൾ പൊതുവേ എല്ലാവര്ക്കും അറിയാം. ഏറ്റവും താഴ്ന്ന വരുമാനം ഉള്ളവർക്ക്, ഭക്ഷണ സാധനങ്ങൾ സൗജന്യമായി ലഭിക്കുന്നതിന് “ഫുഡ് സ്റ്റാമ്പ്‌” എന്ന ഫെഡറൽ സംവിധാനവുമുണ്ട്.

ഇന്ന് ഭക്ഷണം കണ്ടെത്താൻ പാവപ്പെട്ടവരെ പ്രാദേശിക ഫുഡ് ബാങ്ക് സഹായിക്കും. 200 ഫുഡ് ബാങ്കുകളും 60,000 ഫുഡ് പാൻട്രികളും ഭക്ഷണ പരിപാടികളും ഉള്ള ഫീഡിംഗ് അമേരിക്ക നെറ്റ്‌വർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിലെ എല്ലാ കമ്മ്യൂണിറ്റികൾക്കും സേവനം നൽകുന്നു. ഒരു ഫുഡ് ബാങ്ക് ദൂരെയാണെങ്കിലും, വീടിനടുത്തുള്ള ഭക്ഷണം കണ്ടെത്താൻ അവർ സഹായിക്കാനാകും. ഫുഡ് ബാങ്ക് ലൊക്കേറ്റർ ഉപയോഗിച്ച് പിൻ കോഡ് അല്ലെങ്കിൽ സംസ്ഥാനം ഉപയോഗിച്ച് തിരയുമ്പോൾ, അവരവരുടെ പ്രദേശത്ത് സേവനം നൽകുന്ന ഫുഡ് ബാങ്കുമായി ബന്ധപ്പെടുത്തും.

ഭക്ഷണസഹായം സൗജന്യവും സൗകര്യപ്രദവും രഹസ്യാത്മകവുമാണ്. എന്നിരുന്നാലും, ചെക്ക്-ഇൻ ചെയ്യുമ്പോൾ ചില പേപ്പർവർക്കുകൾ പൂർത്തിയാക്കേണ്ടി വന്നേക്കാം. അതുകൊണ്ട്‌ സാധാരണക്കാർ ആരും പട്ടിണിയിൽ അമേരിക്കയിൽ മരിക്കാൻ സാധ്യതയില്ല.

കോവിഡ് മഹാമാരി പടർന്നുപിടിച്ചപ്പോൾ അമേരിക്കയിൽ ‌ നടന്നുകൊണ്ടിരുന്ന സൗജന്യഭക്ഷണ വിതരണം, ഇവിടുത്തെ ഗവണ്മെന്റുകളുടെ മാത്രമല്ല, സാമൂഹ്യ സേവന സംഘടനകളുടെയും, മൊത്തവിതരണക്കാരുടെയും, ഉദാരമനസ്കതയുടെ പാരമ്യപ്രവർത്തനമായിരുന്നു. അക്കാലത്തു ഏത് വഴിയേ പോയാലും, കേരളത്തിലെ ബിവറേജസിന്റെ മുമ്പിലെ പോലെ, അമേരിക്കയിൽ നീണ്ട വാഹന നിരകൾ സൗജന്യ ഭക്ഷണം വാങ്ങുന്നതിനായി നീണ്ടുകിടന്നതു കണ്ടിട്ടുണ്ട്. അച്ചടക്കത്തോടെ വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി ഒഴുകിക്കൊണ്ടിരുന്നതിൽ, ഡ്രൈവ് ചെയ്യുന്നവർ വാഹനത്തിൽനിന്നും ഇറങ്ങുകപോലും ചെയ്യേണ്ടിയിരുന്നില്ലെന്നു പറയുന്നു, വാഹനത്തിന്റെ പിറകിൽ നിറയെ ഭക്ഷണവും, വെള്ളം തുടങ്ങിയ സാമഗ്രികളും, പഴങ്ങളുടെ കാർട്ടണുകളും എടുത്തുവെക്കുവാൻ നിരവധി വോളന്റീയർമാരും , ഒരു യുദ്ധകാലാടിസ്ഥാനത്തിൽ പണിയെടുത്തിരുന്നു.

വിവിധ ഭക്ഷ്യ സഹായങ്ങളിലൂടെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കുന്ന നിരവധി പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഗവൺമെന്റ് പ്രോഗ്രാമുകൾ ഉണ്ട്. കൂടാതെ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നിരവധി സംഘടനകളും പള്ളികളും, സൗജന്യ ഭക്ഷണവും പലചരക്ക് സാധനങ്ങളും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്ന ചാരിറ്റികളും ഉണ്ട്. വൈവിധ്യമാർന്ന ഭക്ഷണ, പോഷകാഹാര സഹായ സേവനങ്ങളിലൂടെയും പ്രോഗ്രാമുകളിലൂടെയും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കുന്ന പ്രോഗ്രാമുകളും ഏജൻസികളുമാണ് ഇവ. സാൽവേഷൻ ആർമി, ചാരിറ്റബിൾ ഓർഗനൈസേഷനുകൾ, പള്ളികൾ എന്നിവ അമേരിക്കയിലെ സൗജന്യ ഭക്ഷണ വിതരണത്തിന്റെ മറ്റ് ഉറവിടങ്ങളാണ്. കാത്തലിക് ചാരിറ്റീസ് ദിവസവും പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നു. നിങ്ങൾക്ക് ഒരു റഫറൽ ആവശ്യമില്ല, സഹായം ലഭിക്കുന്നതിന് മറ്റു രാജ്യങ്ങളിൽ നിരവധി പദ്ധതികളും മാർഗ്ഗങ്ങളും നിലവിലുണ്ട്.

ഏറ്റവും സാധാരണമായ ചില പരിപാടികളിൽ SNAP, മീൽസ് ഓൺ വീൽസ്, വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം മുതലായവ ഉൾപ്പെടുന്നു. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുടെ പോഷകാഹാര ആവശ്യകതകൾ നിറവേറ്റുന്നതിനും പട്ടിണി ഇല്ലാതാക്കുന്നതിനുമാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അതേപോലെ സൗജന്യ ഭക്ഷണം വിതരണത്തിനായി Free Food For All (FFFA) IPC സ്റ്റാറ്റസുള്ള സിംഗപ്പൂരിൽ 2015-ൽ രജിസ്റ്റർ ചെയ്ത ഒരു ചാരിറ്റി സംരംഭം, എല്ലാ ജാതിയിലും മതത്തിലും പെട്ട നിർഭാഗ്യരായ പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകുന്നു. ദരിദ്രരായ ആളുകൾക്ക് സൗജന്യ ഭക്ഷണം നൽകാനും സമൂഹത്തിൽ സംഭാവന ചെയ്യുന്ന അംഗങ്ങളാകാൻ മറ്റു പൗരന്മാരെ പ്രാപ്തരാക്കാനും ഈ പ്രവർത്തനം സഹായിക്കുന്നു. ആസ്ട്രേലിയായിലും ഇത് പോലെ നിരവധി പദ്ധതികൾ ഉണ്ടു്. അവിടെ പാവപ്പെട്ടവരെ ഭക്ഷണം നല്കി സഹായിക്കുന്ന മിഷൻ ആസ്ട്രേലിയാ നടത്തുന്ന ജോർജ്‌ മിനു മലയാളിദമ്പതികൾ തുടങ്ങിയവരുടെ നിർലോഭമായ സഹായ സേവനങ്ങൾ പ്രശംസയർഹിക്കുന്നു.

അങ്ങനെയെങ്കിൽ, ഇന്ത്യ പോലെയുള്ള ഒരു മഹാരാജ്യത്തിൽ “അർഹരായ പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം” എന്നത് കേന്ദ്രഗവൺമെന്റിന് നടപ്പാക്കാവുന്ന ഒരു പദ്ധതി ആണെന്നതിൽ സംശയമില്ല. പാവപ്പെട്ടവന്റെ കഞ്ഞിപ്പാത്രത്തിലും കയ്യിട്ടു വാരാൻ രാഷ്ട്രീയക്കാരെ അനുവദിക്കാതിരുന്നാൽ മാത്രം മതി. വൻ കമ്പനികളുടെയും കുത്തക മുതലാളിമാരുടെയും സഹകരണം ആവശ്യപ്പെടാവുന്നതാണ്; അങ്ങനെയുള്ളവർക്ക് ടാക്സ് ഇൻസെന്റീവ് തുടങ്ങിയ പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യാവുന്നതാണ്. വിവിധ മത സാമൂഹ്യ സംഘടനകളെയും ഉൾപ്പെടുത്തി പദ്ധതികൾ ആവിഷ്കരിക്കാവുന്നതാണ്. രാഷ്ട്രീയ പ്രവർത്തകർക്ക് കൊടുത്തുകൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും, എല്ലാവര്ക്കും ഒരേ പെൻഷൻ പോലെയുള്ള ആശയങ്ങളെ സമന്വയിപ്പിച്ചും, കള്ളപ്പണം സ്വർണ്ണക്കടത്ത് തുടങ്ങിയവയിൽ വ്യാപൃതരായവരുടെ അനധികൃത സമ്പാദ്യങ്ങൾ വില്പന നടത്തിയും വേണ്ടത്ര സ്രോതസുകൾ കണ്ടെത്താവുന്നതാണ്. ഇതൊക്കെ മറ്റു രാജ്യങ്ങൾ നടപ്പാക്കുന്നത്, ഇതിന്റെ ആവശ്യകത ബോധ്യമുള്ള ഭരണകർത്താക്കൾ നേതൃനിരയിൽ അവിടെ ഉള്ളതുകൊണ്ടാണ്. അല്ലാതെ തൊട്ടതിനും പിടിച്ചതിനും സുപ്രീം കോടതി നിർദ്ദേശങ്ങളും അന്ത്യശാസനങ്ങളും നൽകിയിട്ടല്ല എന്ന് കൂടി അറിഞ്ഞിരിക്കേണ്ടതാണ് !

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

One Thought to “സാമൂഹിക അടുക്കളകൾ തുറക്കുമോ ഇന്ത്യയിൽ ?”

  1. ബ്ലെസ്സൺജി ഹുസ്റ്റൺ

    നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ല് ഇല്ലായ്മയും ഭരണകർത്താക്കളുടെ ദിശാബോധമില്ലാത്ത നേതൃത്വവും എന്തും കൈയിട്ടുവാരുന്ന പ്രവണതയും കൂടിയാവുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്. അനു കാലികപ്രസക്തിയുള്ള ഒരു നല്ല ലേഖനം ലേഖകൻ വളരെ ഉദാഹരണങ്ങളുടെ വരച്ചുകാട്ടുന്നു. ഇത്തരം നന്മകൾ ചെയ്യുവാനുള്ള കാലതാമസം തീർച്ചയായും ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ ജീവിതത്തെ നിസ്സഹായതയിൽ നിന്ന് നരകയാതന യിലേക്ക് തള്ളിവിടുകയാണ്. എത്രയും വേഗം കോടതിയുടെ മേൽനോട്ടത്തിൽ ഉത്തരവാദിത്വപ്പെട്ട ഗവൺമെന്റും എൻജിഒകളും ചേർന്ന് ഈ നാടിന്റെ നന്മയ്ക്കും എളിയവരായ നമ്മുടെ പൗരന്മാർക്കും വേണ്ടി കൂട്ടായി പ്രവർത്തിക്കട്ടെ എന്ന് ആശംസിക്കുന്നു. മനോഹരമായി എഴുതിയ ശ്രീ ജോയ് മാത്യുവിന് അഭിനന്ദനങ്ങൾ…

Leave a Comment

Related News