2023 ല്‍ 100 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് ഇഗ്നിത്തോ; കരുത്ത് പകരാന്‍ പുതിയ സാമ്പത്തിക മേധാവിയും

കൊച്ചി | യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ എന്‍ജിനിയറിംഗ് സ്ഥാപനമായ ഇഗ്നിത്തോ ടെക്‌നോളജീസ്, 2023 ല്‍ 100 കോടി രൂപ ടേണോവര്‍ പ്രതീക്ഷയുമായി പ്രവര്‍ത്തനരംഗം വിപുലീകരിക്കുന്നു. യു എസിലെ നാസ്ഡാക്കിന്റെയും ഫോര്‍ച്യൂണ്‍ 500 ന്റെയും പട്ടികയിലുള്ള കമ്പനികളുമായി വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായിട്ടാണ് ഇഗ്നിത്തോ പുതിയ സംരംഭങ്ങളിലേക്ക് പ്രവേശിക്കുന്നത്. ഇതിനെല്ലാം കൂടുതല്‍ കരുത്തും ഊര്‍ജ്ജവും പ്രദാനം ചെയ്യാനായി അനുഭവ സമ്പത്തിന്റെ പിന്‍ബലവുമായി അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയയായ സുനിതാ രാജഗോപാലിനെ കമ്പനിയുടെ സാമ്പത്തിക കാര്യ മേധാവിയായി നിയമിക്കുകയും ചെയ്തിരിക്കുകയാണ്.

പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ നീല്‍സണ്‍-വിഷ്വല്‍ ഐക്യൂവില്‍ നിന്ന് ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായിട്ടാണ് സുനിതാ രാജഗോപാൽ ഇഗ്നിത്തോയില്‍ എത്തുന്നത്. സാമ്പത്തികം, നികുതി മേഖലകളില്‍ സുനിതാ രാജഗോപാല്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ഇനി മുതല്‍ ആഗോളതലത്തില്‍ ഇഗ്നിത്തോയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലകള്‍ വഹിക്കുന്നതിനൊപ്പം തന്നെ ഇഗ്നിത്തോയുടെ മാതൃസ്ഥാപനമായ ന്യൂവിയോ വെഞ്ചേഴ്‌സിന്റെ ഭാവിയിലെ പ്രവര്‍ത്തനങ്ങളുടെ മുഖ്യ സംഘാടനവും സുനിതാ രാജഗോപാലിനായിരിക്കും.

സുനിതയുടെ സാമ്പത്തിക രംഗത്തെ വൈദഗ്ധ്യവും വ്യവസായ മേഖലയിലെ അനുഭവ സമ്പത്തും സ്ഥാപനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ഇഗ്നിത്തോ സി.ഇ.ഒ ജോസഫ് ഒളശ്ശ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തിലായാലും വ്യവസായ സംരംഭങ്ങളുടെ കാര്യത്തിലാണെങ്കില്‍ സുനിതാ രാജഗോപാലിനെ മുന്‍നിരയില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കിയത് അവരുടെ അനുഭവ സമ്പത്താണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇഗ്നിത്തോ വന്‍തോതില്‍ മുതല്‍മുടക്കാന്‍ ഒരുങ്ങുന്ന ഈ സമയത്ത് തന്നെയാണ് സുനിത സ്ഥാപനത്തിന്റെ ഭാഗമായി മാറിയതെന്ന കാര്യത്തിലും ജോസഫ് ഒളശ്ശ ചൂണ്ടിക്കാട്ടി. ഇഗ്നിത്തോയുടെ മാതൃസ്ഥാപനമായ ന്യൂവിയോ വെഞ്ചേഴ്‌സില്‍ നിന്നുള്ള മൂലധനം ഉപയോഗിച്ച് കൊണ്ട് നടത്തുന്ന നിക്ഷേപം നൂറ് കോടി രൂപയുടെ നേട്ടം 2023 ല്‍ വളരെ വേഗം കമ്പനിക്ക് ഉണ്ടാക്കാന്‍ സഹായകരമാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ന്യൂവിയോയുടെ സംരംഭങ്ങളായ ഇഗ്നിത്തോയും പിക്വലുമെല്ലാം ഇതിനോടകം വന്‍ തോതില്‍ ചുവടുറപ്പിച്ച് കഴിഞ്ഞ കാര്യവും ജോസഫ് ഒളശ്ശ പറഞ്ഞു. 2030 ഓടെ 50 എസ്.എ.എ.എസ് കമ്പനികളും 50 വ്യവസായ സംരംഭങ്ങളും ആരംഭിക്കാനുള്ള കമ്പനിയുടെ ലക്ഷ്യം പൂര്‍ത്താകരിക്കുമെന്ന കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വസമാണ് ഉള്ളതെന്നും അമേരിക്കയിലേയും ഇന്ത്യയിലേയും നിക്ഷേകരില്‍ നിന്ന് ഇതിനായി അഞ്ച് മുതല്‍ 10 വരെ ദശലക്ഷം ഡോളര്‍ സമാഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും ഇഗ്നിത്തോ സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.

പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള വേദിയായി മാറ്റാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഇഗ്നിത്തോ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സ്‌ക്കോട്ട് ന്യൂജെന്റ് അറിയിച്ചു. സമാന മനസ്‌ക്കരായ സംരംഭകര്‍ക്ക് ഇഗ്നിത്തോക്ക് ഒപ്പം പ്രവര്‍ത്തനം ആരംഭിച്ച് ന്യൂവിയോക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ സഹ ഉടമകള്‍ ആകുന്നതിനും സാധിക്കും. സംയുക്ത സംരംഭങ്ങള്‍ക്കൊപ്പം സ്റ്റാന്‍ഡ് എലോണ്‍ കമ്പനികളായി പ്രവര്‍ത്തിക്കാനും ഇവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും സ്‌ക്കോട്ട് ന്യൂജെന്റ് വ്യക്തമാക്കി. വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആശയങ്ങളെ ഉത്പ്പാദനകരമായ രീതിയില്‍ പരിപോഷിപ്പിക്കാനും കമ്പനിയുടെ പൊതുസമീപനം മാര്‍ക്കറ്റില്‍ ആദ്യം എന്നതായതിനാലും ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തന വിജയം ഉറപ്പാക്കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

കോഗ്നിസെന്റ്, മൈന്‍ഡ്ട്രീ തുടങ്ങിയ വന്‍കിട ഐ.ടി സംരംഭങ്ങളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള വിദഗ്ധര്‍ സ്ഥാപിക്കുകയും ഇപ്പോഴും നയിച്ച് കൊണ്ട് പോകുകയും ചെയ്യുന്ന ഇഗ്നിത്തോ ഡാറ്റാ മേഖലകളിലും ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള എന്‍ജിനിയറിംഗ് സര്‍വ്വീസ് മേഖലകളില്‍ വന്‍ നേട്ടം കൈവരിച്ച സ്ഥാപനമാണ്. ഇഗ്നിത്തോയുടെ പി.ഒ.ഡി അധിഷ്ഠിതമായ പ്രോജക്ട് ടീമുകള്‍ അച്ചടക്കത്തോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇഗ്നിത്തോയുടെ സഹകരണം തേടുന്ന സംരംഭകര്‍ക്ക് വിജയം ഉറപ്പാക്കുന്നതിന് ഏറെ സഹായകരമാണ്. കൂടാതെ മാതൃസ്ഥാപനമായ ന്യൂവിയോ വെന്‍ചേഴ്‌സിന്റെ കീഴില്‍ വിവിധ മേഖലകളിലെ മികച്ച സ്ഥാപനങ്ങള്‍ നടത്തുന്നതിനാല്‍ പുതിയ സംരംഭകര്‍ക്ക് സ്വതന്ത്രമായി സോഫ്റ്റ് വെയര്‍ ബിസിനസ് ആരംഭിക്കാനും ഈ അനുഭവ സമ്പത്ത് ഏറെ ഗുണകരമാകും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment