Flash News

വിഴിഞ്ഞം പദ്ധതി; അട്ടിമറിക്കു പിറകില്‍ റിസോര്‍ട്ട് ലോബികള്‍

November 26, 2013 , സ്വന്തം ലേഖകന്‍

getimage

കേരളത്തിനു മാത്രമല്ല ഇന്ത്യക്കു തന്നെയും അഭിമാനിക്കാവുന്ന ലോകോത്തര നിലവാരമുള്ള സ്വപ്ന്‍ പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന് യഥാര്‍ത്ഥത്തില്‍ പാര പണിയുന്നത് ആരാണെന്ന് വ്യക്തമായി അറിയാവുന്ന ബന്ധപ്പെട്ട അധികാരികള്‍ അവര്‍ക്കുനേരെ നിയമ നടപടികള്‍ സ്വീകരിക്കാതെ വിഴിഞ്ഞം പദ്ധതിയെത്തന്നെ അട്ടിമറിക്കുന്ന രീതിയിലുള്ള സമീപനം കൈക്കൊള്ളുന്നത് ആരെ സം‌രക്ഷിക്കാനാണെന്നുള്ള സത്യം പകല്‍ വെളിച്ചം പോലെ നിലനില്‍ക്കുന്നു.

 

ഈ പദ്ധതിക്ക് പാരപണിയുന്നതു റിസോര്‍ട്ട് ലോബികളാണെന്ന വിമര്‍ശനം വ്യാപകമാകുകയാണ്. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും രാഷ്ട്രീയഉന്നതരുടെ സഹായം ഇതിനു ലഭിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. പരിസ്ഥിതിയുടെ പേരില്‍ പാരയുമായി നടക്കുന്നവരില്‍ ഭൂരിഭാഗവും റിസോര്‍ട്ടുകള്‍ പണിതത് അനധികൃതമായും പരിസ്ഥിതിക്കു ഹാനികരമാകുംവിധവുമാണ്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരും രംഗത്തില്ല. വിഴിഞ്ഞം പദ്ധതിക്കു വേണ്ടി 600 മീറ്റര്‍ റോഡ് നിര്‍മിച്ചതിന്‍റെ പേരില്‍ മാപ്പിരക്കാനാണു സംസ്ഥാന സര്‍ക്കാരിനു വ്യഗ്രത. ഉന്നതരുടെ ഇടപെടലില്ലാതെ ഇങ്ങനെയൊരു അസംബന്ധ നാടകം നടക്കില്ലെന്നുള്ളതു പച്ചപ്പരമാര്‍ഥം.

 

കോഴ കിട്ടിയാല്‍ ഏതു വൃത്തികേടിനും സന്നദ്ധരാകുന്ന ഉന്നതരല്ല ഈ വിഷയത്തില്‍ യഥാര്‍ഥ പ്രശ്നം. ഉന്നതരുടെ തറവില ഇടിയാന്‍ സാധ്യതയില്ലെന്ന യാഥാര്‍ഥ്യമാണു അലോസരം സൃഷ്ടിക്കുന്നത്. ഉന്നതര്‍ സഹായിക്കുന്നുണ്ടെങ്കില്‍ കോടികള്‍ മറിയുന്നുണ്ടെന്നര്‍ഥം. റിസോര്‍ട്ട് ലോബികള്‍ക്ക് എവിടെനിന്നാണ് ഈ കോടികളെന്ന ചോദ്യം നിലനില്‍ക്കുന്നു. അതാണ് അന്വേഷിക്കേണ്ട യഥാര്‍ഥ പ്രശ്നം. അതീവ രഹസ്യമായി നടന്ന ഒരു കൊലപാതകത്തെക്കുറിച്ച് അന്വേഷണം തടങ്ങിയാല്‍ പ്രതിയെ കണ്ടെത്താന്‍ ആദ്യം ചെയ്യുന്നതു കൊല്ലപ്പെട്ടവന്‍റെ ശത്രുക്കള്‍ ആരൊക്കെയാണെന്ന അന്വേഷണമാണ്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായാല്‍ തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്നു ഭയക്കുന്നവരാണു ശത്രുക്കള്‍. വന്‍തോതില്‍ കണ്ടെയ്നറുകളുടെ കൈമാറ്റം നടക്കുന്ന ഒരു തുറമുഖം വന്നാല്‍ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ഗുണമേ ഉണ്ടാകൂ. ശത്രുതയുടെ ഒരാവശ്യവുമില്ല.

 

തൂത്തുക്കുടി പോലുള്ള ഒരു തുറമുഖമല്ല നിര്‍ദിഷ്ട വിഴിഞ്ഞം കണ്ടെയ്നര്‍ ട്രാന്‍സ്ഷി്പ്മെന്‍റ് ടെര്‍മിനല്‍. വലുതെന്നു പൊതുവെ കരുതപ്പെടുന്ന തുറമുഖങ്ങളില്‍പ്പോലും അടുക്കാന്‍ കഴിയാത്ത കൂറ്റന്‍ മദര്‍ഷിപ്പുകള്‍ വഴിയുള്ള ചരക്കു നീക്കം സാധ്യമാകുംവിധം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണു വിഴിഞ്ഞം പദ്ധതി. കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് അടുക്കാന്‍ എടുപ്പമുള്ളത് ദുബൈ, കൊളംബോ, സിംഗപ്പൂര്‍, എന്നിവിടങ്ങളിലാണ്. സഹസ്രകോടികളുടെ ആദായമുണ്ടാക്കുന്ന ഈ മൂന്നു തുറമുഖങ്ങളുമാണ് വിഴിഞ്ഞം പദ്ധതിയുടെ യഥാര്‍ഥ ശത്രുക്കള്‍. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായാല്‍ ഈ മൂന്നു തുറമുഖങ്ങളുടെയും നഷ്ടമാണു കേരളത്തിന്‍റെയും ഇന്ത്യയുടെ തന്നെയും ലാഭമായി മാറുക. ഉന്നതരെ സ്വാധീനിക്കാന്‍ ലക്ഷങ്ങളുടെ ബിസിനസ് നടത്തുന്നവര്‍ക്കു ത്രാണി കാണില്ല. പക്ഷെ സഹസ്രകോടികളുടെ ബിസിനസ് നടത്തുന്നവര്‍ തുനിഞ്ഞിറങ്ങിയാല്‍ രാഷ്ട്രീയ ഉന്നതര്‍ വല്ലാതെ വളയും. ഒറ്റനോട്ടത്തില്‍ പാരയുമായി നിലകൊള്ളുന്നതു റിസോര്‍ട്ട് ലോബിയാണെങ്കിലും ചട്ടുകത്തിന്‍റെയോ കോടാലിക്കൈയുടെയോ റോളിനെക്കുറിച്ചു ചിന്തിക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ്.

 

മാപ്പുപറയുന്നതു വിനയത്തിന്‍റെയും മഹാ മനസ്കതയുടെയും മുഖ്യ ലക്ഷണമാണ്. പക്ഷെ തെറ്റു പറ്റിപ്പോയെന്ന ഏറ്റുപറച്ചിലുമാണിത്. വിഴിഞ്ഞം പദ്ധതിക്കു വേണ്ടി 600 മീറ്റര്‍ റോഡ് നിര്‍മിച്ചതിനു മാപ്പുപറഞ്ഞു സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ചെയ്തതും അതാണ്. റിസോര്‍ട്ട് ലോബി ആരോപിച്ചതുപോലെ വലിയൊരു അപരാധമാണു ചെയ്തതെന്നു സൂത്രത്തില്‍ സമ്മതിച്ചുകൊടുത്തു. റിസോര്‍ട്ട് ലോബിയുടെ സുഖക്കേട് എളുപ്പത്തില്‍ മാറ്റാന്‍ ഒറ്റ മാര്‍ഗമേയുള്ളു. വിഴിഞ്ഞം തുറമുഖം പോലെ അതിബൃഹത്തായ ഒരു പദ്ധതിയെ എതിര്‍ക്കാന്‍തക്ക വിധം ഒരു ബിസിനസ് അവര്‍ നടത്തുന്നുണ്ടോയെന്നു കണ്ടെത്തണം. വരവുചെലവുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രം മതി. എത്രയാണു ലാഭമെന്നറിയാം. കോടികളുടെ ലാഭമാണു കൊയ്യുന്നതെങ്കില്‍ അതിനനുസരിച്ചു ആദായനികുതി നല്‍കിയിരിക്കണം. അങ്ങനെ നല്‍കിയിട്ടുണ്ടോയെന്നും കണ്ടെത്തണം. നാടിനോടു സ്നേഹമുള്ള നല്ല ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ മാറ്റാവുന്നതേയുള്ളു വിഴിഞ്ഞം തുറമുഖ പദ്ധതിയെ പാരവയ്ക്കുന്ന സുഖക്കേട്. എന്നാല്‍ തടസം മാറ്റാന്‍ പതിവു വഴികളേ ഉള്ളുവെന്നു ചിന്തിക്കുന്നതാണ് യഥാര്‍ഥ തടസം.

 

വിഴിഞ്ഞം പദ്ധതിപ്രദേശത്തെ 31 റിസോര്‍ട്ടുകളില്‍ 29-ഉം തീരദേശമേഖലാ നിയമം ലംഘിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നാണു കോസ്റ്റല്‍സോണ്‍ മാനെജ്മെന്‍റ് അഥോറിറ്റി നിയമിച്ച നാലംഗ വിദഗ്ധസമിതി കണ്ടെത്തിയത്. മലിനീകരണ നിയന്ത്രണ നിയമവും കെട്ടിടനിര്‍മാണ നിയമവുമെല്ലാം ലംഘിച്ചാണ് റിസോര്‍ട്ടുകളുടെ നിര്‍മാണം. കടല്‍ കൈയേറിയാണു മിക്ക റിസോര്‍ട്ടുകളും നിര്‍മിച്ചിരിക്കുന്നത്. കടല്‍ത്തീരത്തു പ്രവര്‍ത്തിക്കുന്ന ഈ റിസോര്‍ട്ടുകളുടെ കൂട്ടായ്മയാണ് വിഴിഞ്ഞം പദ്ധതിക്കെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. ഭരണസിരാകേന്ദ്രങ്ങളിലുള്ളവരെ സ്വാധീനിച്ചു വിഴിഞ്ഞം തുറമുഖം വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ നിന്നുള്ള വിദഗ്ധസംഘത്തെപ്പോലും ഇവിടെയെത്തിക്കാന്‍ ഇവര്‍ക്കു സാധിച്ചുവെന്നതാണു ശ്രദ്ധേയം.

 

തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചായോഗങ്ങളിലും ഈ തുറമുഖ ലോബികള്‍ക്കാണു മുന്‍ഗണനയെന്നതും പച്ചയായ പരമാര്‍ഥം. ഇവരുടെ അഭിപ്രായത്തിനാണു മുന്‍ഗണനയും. ഡല്‍ഹി പരിസ്ഥിതി വിദഗ്ധസമിതി യോഗത്തിലും ഇതാണു സംഭവിച്ചത്. തുറമുഖം വന്നാല്‍ റിസോര്‍ട്ടുകള്‍ക്ക് അതു ഭീഷണിയാണെന്ന ബാലിശമായ വാദമുയര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതില്‍ തുറമുഖ വിരുദ്ധശക്തികള്‍ വിജയിച്ചു. ദാ ഇപ്പം ശരിയാക്കിത്തരാമെന്ന് സര്‍ക്കാര്‍ ഇടയ്ക്കിടെ പ്രകടിപ്പിക്കുന്ന സമീപനം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുകയാണ്. പ്രതിപക്ഷം ഇടയ്ക്കിടെ ചെറിയ വെടി പൊട്ടിക്കുമ്പോള്‍ സര്‍ക്കാര്‍, പദ്ധതിപ്രദേശത്തെ നാട്ടുകാരുടെ വസ്തുക്കള്‍ ഏറ്റെടുത്തു അവര്‍ക്കു അതിനുള്ള തുക നല്‍കുകയും പിന്നീട് സമരം കെട്ടടങ്ങുമ്പോള്‍ പദ്ധതി നിര്‍ത്തുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.

 

വിഴിഞ്ഞം, കോട്ടുകാല്‍, മുല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥലവാസികളുടെ സ്ഥലം ഏറ്റെടുത്തിട്ടു കാലമേറെയായി. ഏറ്റെടുത്ത പല സ്ഥലങ്ങളിലും കൈയേറ്റവും വ്യാപകമാണ്. ഈയിടെ അതു കോസ്റ്റല്‍സോണ്‍ മാനെജ്മെന്‍റ് അഥോറിറ്റി നിയമിച്ച സംഘം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരെ ഒഴിപ്പിക്കുകയെന്നതു വലിയൊരു തലവേദനയാണു സര്‍ക്കാരിന്. വിഴിഞ്ഞം തീരത്തു നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി വകുപ്പിനു അയക്കുമെന്നാണു കോസ്റ്റല്‍ മാനെജ്മെന്‍റ് അഥോറിറ്റി ചെയര്‍മാന്‍റെ വെളിപ്പെടുത്തല്‍.

 

1991ല്‍ തീരദേശ നിയമം പ്രാബല്യത്തിലായശേഷം റിസോര്‍ട്ടുകള്‍ സ്വാഭാവികമായും നടപടി നേരിടേണ്ടി വരുമെന്നുള്ളതാണു സത്യം. അതു മുന്‍കൂട്ടിക്കണ്ടാണ് അവര്‍ ഇപ്പോഴേ രംഗത്തുവന്നിരിക്കുന്നത്. വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന റിസോര്‍ട്ടുകളുടെ നിയമലംഘനം പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചതിനു പിന്നിലും സംശയമുയരുന്നുണ്ട്. വസ്തുതകള്‍ തിരിച്ചറിഞ്ഞു പദ്ധതിക്കെതിരായ കള്ളപ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാരാണു മുന്‍കൈയെടുക്കേണ്ടത്. എന്നാല്‍ ഇവിടെ റിസോര്‍ട്ട് ലോബികള്‍ക്ക് ആവശ്യമായ ഒത്താശയാണു സര്‍ക്കാര്‍ ചെയ്യുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top