മിലൻ 21-ാം വാർഷികാഘോഷ സമ്മേളനവും കഥാ പുരസ്കാര വിതരണവും ഡിസംബർ 12 ന്

മിഷിഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഹിത്യ-സാംസ്കാരിക സംഘടനയായ മിലൻ അമേരിക്കൻ മലയാളികൾക്കായി നടത്തിയ കഥാപുരസ്കാരം 2021 ലെ വിജയികൾക്കുള്ള സമ്മാന ദാനവും, മിലന്റെ 21-ാം വാർഷിക സമ്മേളനവും ഡിസംബർ 12 ന് വൈകിട്ട് 8.30 നു നടക്കും.

വാർഷികാഘോഷ സമ്മേളനം പ്രശസ്ത വിവർത്തകനും, ആഖ്യായിക രചയിതാവുമായ ശ്രീ ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

തദവസരത്തിൽ ഡോ: ജോർജ് ഓണക്കൂർ ചെറുകഥാ പുരസ്‌കാര വിധി നിർണ്ണയം അവലോകനം ചെയ്തും, വാഗ്മിയും എഴുത്തുകാരിയും, മലയാളം അധ്യാപികയുമായ ഡോ: സി. ഉദയകല, മലയാള ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ ശ്രീ ബി. മുരളി എന്നിവർ ആശംസകളർപ്പിച്ചും സംസാരിക്കും.

കഥാപുരസ്‌കാര മത്സരത്തിൽ ഷാജു ജോൺ എഴുതിയ മോറിസ്മൈനർ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഡിട്രോയിറ്റിൽ റീമാക്സ് റിയൽറ്ററായ കോശി ജോർജ്ജ് സ്പോണ്‍സര്‍ ചെയ്യുന്ന 501ഡോളറും പ്രശസ്തി പത്രവും, ശിൽപ്പവുമടങ്ങുന്നതാണ് ഒന്നാം സമ്മാനം. റഫീഖ് തറയിൽ എഴുതിയ സർജിക്കൽ ത്രെഡ് എന്ന കഥയ്ക്കാണ് രണ്ടാം സമ്മാനം. ന്യൂയോർക്ക് ജനനി മാസിക സ്പോൺസർ ചെയ്യുന്ന 351ഡോളറും, പ്രശസ്തി പത്രവും, ശിൽപ്പവും രണ്ടാം സമ്മാനമായി നൽകും. ഷാജൻ ആനിത്തോട്ടത്തിന്റെ ഡയറി ഓഫ് എ ട്രോഫി വൈഫ് ആണ് മൂന്നാം സ്ഥാനമായ, മാത്യു ചരുവിൽ സ്പോൺസർ ചെയ്യുന്ന 151 ഡോളറും, പ്രശസ്തി പത്രവും, ശിൽപ്പവും കരസ്ഥമാക്കിയത്.

സൂം വഴി സംഘടിപ്പിക്കുന്ന മിലൻറെ വാർഷികാഘോഷ സമ്മേളനത്തിലും കഥാ പുരസ്‌കാര ചടങ്ങിലും എല്ലാ സഹൃദയരും, സാഹിത്യാസ്വാദകരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന്, മിലൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ, സെക്രട്ടറി അബ്ദുൽ പുന്നിയൂർക്കളം , ആക്ടിംഗ് സെക്രട്ടറി ജെയിൻ മാത്യു കണ്ണച്ചാംപറമ്പിൽ, വാർഷികാഘോഷ കമ്മറ്റി ചെയർമാൻ സതീഷ് മാടമ്പത്ത്, പുരസ്കാരം സമിതി ചെയർമാൻ സലിം ഐഷ എന്നിവർ അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment