റവ. ഡോ. ജോണ്‍ ഇടപ്പിള്ളിക്ക് ഫിലഡല്‍ഫിയ സമൂഹത്തിന്‍റെ ബാഷ്പാഞ്ജലി

ഫിലഡല്‍ഫിയ: ഹൃദയാഘാതത്തെതുടര്‍ന്ന് നവംബര്‍ 19 ന് തന്‍റെ കര്‍മ്മമണ്ഡലമായിരുന്ന ചാലക്കുടി കാര്‍മ്മല്‍ ഭവനില്‍ നിര്യാതനായ റവ. ഡോ. ജോണ്‍ ഇടപ്പിള്ളി സി.എം.ഐ. (77) ക്ക് ഫിലഡല്‍ഫിയയിലെ ക്രൈസ്തവ സമൂഹം കണ്ണീരോടെ അന്ത്യപ്രണാമം അര്‍പ്പിച്ചു.

1983-1989 കാലയളവില്‍ ഫിലഡല്‍ഫിയയിലെ സീറോ മലബാര്‍ കാത്തലിക് മിഷന്‍റെ പ്രഥമ ഡയറക്ടറും, ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍റെ (ഐ.സി.എ) സ്പിരിച്വല്‍ ഡയറക്ടറുമായിരുന്നു റവ. ഡോ. ജോണ്‍ ഇടപ്പിള്ളി. സംസ്കാരം ഞായറാഴ്ച്ച ഉച്ചക്ക് രണ്ടുമണിക്ക് ഇരിഞ്ഞാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, തൃശൂര്‍ ദേവമാതാ പ്രോവിന്‍ഷ്യള്‍ റവ. ഡോ. ഡേവീസ് പനയ്ക്കല്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ചാലക്കുടി കാര്‍മ്മല്‍ ഭവനില്‍ നടന്നു.

പരേതനോടുള്ള ബഹുമാനസൂചകമായി ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ അനുസ്മരണ ബലിയും പരേതനുവേണ്ടി പ്രത്യക പ്രാര്‍ത്ഥനകളും ഇന്ന് (നവംബര്‍ 21 ഞായറാഴ്ച) നടത്തി. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, റവ. ഫാ. ജോസ് വരിക്കപ്പള്ളി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ഇന്‍ഡ്യന്‍ കാത്തലിക്ക് അസോസിയേഷനെയും, അത്മായരെയും പ്രതിനിധീകരിച്ച് റവ. ഡോ. ജോണ്‍ ഇടപ്പിള്ളിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച സീറോ മലബാര്‍ പള്ളി മുന്‍ ട്രസ്റ്റിയും, മതബോധന സ്കൂള്‍ പ്രിന്‍സിപ്പലുമായിരുന്ന ഡോ. ജയിംസ് കുറിച്ചി അനുശോചന സന്ദേശം നല്‍കി.

ചിക്കാഗോ സീറോ മലബാര്‍ രൂപതയും, സീറോ മലബാര്‍ പള്ളികളും സ്ഥാപിതമാകുന്നതിനു മുന്‍പ്, 1960 കാലഘട്ടം മുതല്‍ കേരളത്തില്‍നിന്നും അമേരിക്കയില്‍ കുടിയേറി ഫിലഡല്‍ഫിയയില്‍ താമസമാക്കിയ ഇന്‍ഡ്യന്‍ കത്തോലിക്കരുടെ ആത്മീയകാര്യങ്ങള്‍ നിറവേറ്റിയിരുന്നത് തൃശൂര്‍ ദേവമാതാ പ്രവിശ്യയില്‍നിന്നുള്ള സി.എം.ഐ വൈദികരായിരുന്നു. 1983 ല്‍ ഇന്‍ഡ്യന്‍ കാത്തലിക്ക് അസോസിയേഷന്‍റെ അഭ്യര്‍ത്ഥന പ്രകാരം സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി അന്നത്തെ ഫിലഡല്‍ഫിയ അതിരൂപതയുടെ അധിപനായിരുന്ന കര്‍ദ്ദിനാള്‍ ക്രോള്‍ തിരുമേനി സീറോ മലബാര്‍ കാത്തലിക് മിഷന്‍ അനുവദിക്കുകയും, അതിന്‍റെ പ്രഥമ ഡയറക്ടറായി നിയോഗിക്കുകയും ചെയ്തത് അന്നു ടെമ്പിള്‍ യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരുന്ന റവ. ഫാ. ജോണ്‍ ഇടപ്പള്ളിയെ ആയിരുന്നു.

അന്നുമുതല്‍ 6 വര്‍ഷക്കാലം ഫിലഡല്‍ഫിയയിലെ കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനൊപ്പം ഫിലഡല്‍ഫിയ പൊതുസമൂഹത്തില്‍ ഗുണപരമായ പല നല്ല കാര്യങ്ങളും ഫാ. ജോണ്‍ ഇടപ്പള്ളി നടപ്പിലാക്കിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment