ന്യൂഡൽഹി: പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എസ്ഐഐ) കൊവിഡ്-19 വാക്സിൻ കോവിഷീൽഡിന്റെ സ്റ്റോക്ക് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, എസ്ഐഐയുടെ ഉൽപാദനത്തിലും മറ്റ് വാക്സിനുകൾക്കായുള്ള കോൾഡ് ചെയിൻ സ്പേസ് ആസൂത്രണത്തിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ വാക്സിന്റെ നീക്കം അതിവേഗത്തിലാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
എസ്ഐഐയിലെ ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ പ്രകാശ് കുമാർ സിംഗ് ആണ് കേന്ദ്രത്തിന് കത്തയച്ചത്. 24,89,15,000 കോവിഷീൽഡ് ഡോസുകളുടെ റെഡി സ്റ്റോക്ക് എസ്ഐഐയുടെ പക്കലുണ്ടെന്നും അത് ഓരോ ദിവസവും വർധിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു.
EPI, UNICEF തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ജീവൻ രക്ഷാ വാക്സിനുകളുടെ നിർമ്മാണത്തിലും വിതരണത്തിലും എസ്ഐഐ പങ്കാളിയാണെന്ന് സിംഗ് കത്തില്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകളില്‍ പറയുന്നു.
“ഞങ്ങളുടെ ആഭ്യന്തരവും ആഗോളവുമായ വിതരണ പ്രതിബദ്ധതകൾ നിറവേറ്റുന്നതിന്, ഞങ്ങളുടെ ഉൽപ്പാദനം/ശീതീകരണ ശൃംഖല ഇടം/മനുഷ്യവിഭവശേഷി എന്നിവ മുൻകൂട്ടി പ്ലാൻ ചെയ്യണം. മറ്റ് ജീവൻ രക്ഷാ വാക്സിനുകൾക്കായി ചെയിൻ സ്പേസ്/മനുഷ്യവിഭവ ആസൂത്രണം എന്നിവയും കണക്കിലെടുക്കണം,” സിംഗ് ആരോഗ്യ മന്ത്രാലയത്തിന് അയച്ച കത്തിൽ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
“ഈ വസ്തുതകൾ, യഥാർത്ഥ ബുദ്ധിമുട്ടുകൾ എന്നിവ കണക്കിലെടുത്ത്, നമ്മുടെ രാജ്യത്തും ലോകമെമ്പാടുമുള്ള മറ്റ് ജീവൻരക്ഷാ വാക്സിനുകളുടെ ലഭ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ആഭ്യന്തരമായും ആഗോളമായും ഞങ്ങളുടെ കോവിഷീൽഡ് വാക്സിൻ അതിവേഗം നീക്കുന്നതിന് കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” സിംഗ് കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള കോവാക്സ് ഗ്ലോബൽ വാക്സിൻ ഷെയറിംഗ് പ്രോഗ്രാമിന് കീഴിൽ നേപ്പാൾ, താജിക്കിസ്ഥാൻ, മൊസാംബിക്ക് എന്നിവിടങ്ങളിലേക്ക് 50 ലക്ഷം ഡോസ് കോവിഷിഡ് കയറ്റുമതി ആരംഭിക്കാൻ SII-ക്ക് കേന്ദ്ര സർക്കാർ ഇതിനകം അനുമതി നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കോവാക്സിന് കീഴിൽ ബംഗ്ലാദേശിലേക്കും കോവിഷീല്‍ഡ് കയറ്റുമതി ചെയ്യുന്നുണ്ട്.
‘വാക്സിൻ മൈത്രി’ പ്രോഗ്രാമിന് കീഴിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് 10 ലക്ഷം കോവിഷീൽഡ് ഡോസുകൾ കയറ്റുമതി ചെയ്യാൻ കഴിഞ്ഞ മാസം സർക്കാർ എസ്ഐഐയെ അനുവദിച്ചിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news