ശബരിമലയിലെ ‘ഹലാല്‍ ശര്‍ക്കര’ വിവാദം: കേരളത്തിലെ ഹോട്ടലുകളിലേയും റസ്റ്റോറന്റുകളിലേയും ‘ഹലാല്‍’ ബോർഡുകൾ നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍

ശബരിമല ക്ഷേത്രത്തിലെ അരവണയില്‍ ‘ഹലാൽ ശർക്കര’ ഉപയോഗിച്ചെന്നുള്ള വിവാദത്തിന് പിന്നാലെ കേരളത്തിലെ ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ഹലാൽ സർട്ടിഫിക്കേഷൻ ബോർഡുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്.

ബോർഡുകൾ പൊടുന്നനെ ഉയർന്നുവന്നതാണെന്നും മതഭ്രാന്തൻമാരുടെ ഗൂഢാലോചനയാണ് നടന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ, എല്ലാ പ്രധാന നഗരങ്ങളിലും പെട്ടെന്ന് ഹോട്ടലുകളിൽ ഹലാൽ ബോർഡുകൾ ഉയർന്നു. ഇതൊരു നിര്‍ദ്ദോഷപരമായ പ്രതിഭാസമല്ല. ഇതിന് പിന്നിൽ ചില മതഭ്രാന്തന്മാരുടെ ആസൂത്രണമുണ്ട്. നേരത്തെ ഇത്തരം ബോർഡുകൾ കണ്ടിരുന്നില്ല. ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

“ഹലാൽ ബോർഡുകൾ പൊടുന്നനെ ഉയർന്നുവരുന്നത് ഒരു നിരപരാധിത്വമല്ല. ഈ ഹലാൽ സംസ്കാരം സൃഷ്ടിക്കുന്നതിൽ വ്യക്തമായ അജണ്ടയുണ്ട്. മറ്റ് പാർട്ടികൾക്ക് ഈ അജണ്ട കാണാൻ കഴിയുന്നില്ലെങ്കിലും ഞങ്ങൾക്ക് ഇത് വ്യക്തമായി കാണാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന ദുഷ്പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹോട്ടൽസ് ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നൽകിയിട്ടുണ്ട്.

സംഘപരിവാർ ഉന്നയിക്കുന്ന ഹീനമായ വർഗീയ അധിഷ്‌ഠിത ആവശ്യം കേരള സർക്കാർ സ്വീകരിക്കില്ലെന്ന് ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.

കേരള സർക്കാർ മതപരമായ സഹിഷ്ണുത കാത്തുസൂക്ഷിക്കുമെന്നും ആർഎസ്എസ് ചിന്താഗതിക്കാരായാലും അവരുടെ സഹപ്രവർത്തകരായാലും സംസ്ഥാനത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ മതഭ്രാന്തന്മാരെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ഗ്രൂപ്പുകൾക്കും വേണമെങ്കില്‍ “ശുദ്ധ സസ്യാഹാരം” എന്ന ബോർഡുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെടാമെന്നും ബേബി കൂട്ടിച്ചേർത്തു. “ഹോട്ടലിൽ ഇഷ്ടമുള്ള ഭക്ഷണം ലഭ്യമാണോ ഇല്ലയോ എന്ന് ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഇത്തരം ബോർഡുകൾ… രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ പിന്തുടരുന്ന ഇത്തരം സാമൂഹിക വിരുദ്ധ, ദേശവിരുദ്ധ, ഭരണഘടനാ വിരുദ്ധ സമീപനം കേരളത്തില്‍ വിലപ്പോകില്ല,” അദ്ദേഹം പറഞ്ഞു.

അതിനിടെ, ഹലാൽ ശർക്കര വിവാദത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയിൽ പ്രസാദ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കേഷനുള്ള ശർക്കര ഉപയോഗിക്കുന്നു എന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഗുണനിലവാരം ഉറപ്പാക്കിയുള്ള ശര്‍ക്കരയാണ് അപ്പം, അരവണ നിര്‍മാണത്തിനായി സന്നിധാനത്തേക്ക് അയക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന് കീ‍ഴില്‍ ഗുണനിലവാര പരിശോധന നടത്തി വരുന്നതായും സർക്കാർ വ്യക്തമാക്കി.

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് 2019-2020 കാലഘട്ടത്തിലെ ശര്‍ക്കര ഉപയോഗിക്കാന്‍ ക‍ഴിയാതിരുന്നതിനാല്‍ അവ ലേലം ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ 2020-2021 കാലഘട്ടത്തിലെ ശര്‍ക്കരയാണ് അപ്പം അരവണ നിര്‍മാണത്തിനുപയോഗിക്കുന്നത്. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ശർക്കര സംഭരിച്ചിട്ടില്ലെന്നും ഉപയോഗിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹർജി ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment