ചൊക്ളി (നോവല്‍ – 71): എച്മുക്കുട്ടി

‘ആദിവാസ്യോളേ വെടിവെച്ച് കൊന്ന്.. കുടിലോള് കത്ത്ച്ച്. എല്ല് രേം പിട്ച്ച് ജേല്ലാക്കി.. ഒര് പോല്ലീസാര് നും ചത്ത് പോയീരാ…ചൊക്ള്യേ’ന്ന് ഓയിന്നൻ കമ്മ്ളാണ് പറ്ഞ്ഞേ. കെട്ട്ടം പണി നടക്കേര്ന്ന്. ‘മുത്തങ്ങാന്നാ കൊപ്പങ്ങാന്നാ അങ്ങ്നെ എന്തിറ്റോ ഒര് സലാണ്.’

ചൊക്ളി ഒക്കേം കേട്ട് നിന്ന്.

ഓയിന്നൻ കമ്മ്ള്ക്ക് കവിള് വാറ്പ്പാണ്. നായര്ണ് യാതി. ഈയ്യ സൂക്കട് വന്നേപ്പിന്നെ കമ്മളെ സൊന്തം ചെക്കമ്മാര് വീട്ട്ല് കേറ്റ്ല്ല. ബാര്യേണ്ങ്ങീ മുപ്പാട് ന്നെ ചത്ത് പോയി. കവ്ള് വാറ്പ്പ് പഗരണ സൂക്കടൊന്നും അല്ലാന്നാണ് വെങ്ങിട്ടു ഡോക്കിട്ടറ് പറ്ഞ്ഞേ. ചെക്കമ്മാര് ക്ക് അമ്മ ചത്തേപ്പിന്നെ അപ്പ്നൊര് ഊദ്രവാണ്. അയിന് പാകത്ത്ന് ഈയ്യ കവ് ള് വാറ്പ്പ് വന്ന്. ചെക്കമ്മാര്ക്ക് അപ്പ്നെ വേണ്ടാന്ന് വെക്കല് അങ്ങ്നെ എള്പ്പാവേം ചീതു.

ഇപ്പോ പപ്പടണ്ടാക്കണ പണ്ടാരത്തി പാറുക്കുട്ടീരവ്ട്യാണ് കമ്മ്ള് കെട്ക്കണ്. പാറുക്കുട്ടീരെ പറ്മ്പ്ണ് പറ്മ്പ്. പച്ച നെറം എത് ര തരണ്ട് ഈയ്യ ലോകത്ത്ല് ന്ന് ച്ചാ അദൊക്കെ ആ പറ്മ്പ് ല്ണ്ട്. ഇല്യാത്ത ഒര് ചെടീല്ല മരോല്യ അവ്ടേ. മിറ്റത്ത് ഒര് ചൂടിക്കട്ട്ല്മ്മേ കമ്മ്ള് കെട്ക്കും. മഴക്കാലത്ത് എറാത്തും..

പാറുക്കുട്ടീരെ വീട്ട്ന് ഒര് കാവ് ല്. അവടത്തെ പട്ടീരന്തി. തണത്ത ചായ്യോ കാപ്പ്യോ കഞ്ഞോള്ളോ എളന്നീരോ ആണ്ന്ന് കമ്മ്ള് ആകനെ കയിക്കണ്. പാറുക്കുട്ടിക്ക് അതോണ്ട് എള്പ്പാണ്. കാവല് കെട്ക്കണ ആളക്കായിറ്റ് ഒന്ന്ങ്ങനെ കട്പ്പത്ത്ല് പണീണ്ട.

പാറുക്കുട്ടീരേ പപ്പടോം പപ്പടവടേം എല്ല് രും തിന്നും. ഇന്ന്ട്ട് കുറ്റോം പറേം. പപ്പടം പൊക്കള്ള യാതിക്കാരും വേടിക്കും. സാമീരവ്ടീം മനക്കലും ഇല്ലത്തും വാര്യേത്തും നായമ്മാരോടവടീം ഒക്കേം വേടിക്കും. പപ്പടവട യാതിപൊക്കല്ലാത്തോര്ക്കാണ് ഇഷ്ടം. കുറ്റം പറയ്യല് വേടിക്കണ എല്ല് ര്ക്കും ഇഷ്ട ണ്. ചൊക്ളി കേട്ട്ട്ട്ണ്ട്..

പപ്പ്ടം പര്ത്തണ കല്ലുമ്മേ പാറൂട്ടി മൂക്കട്ട തേച്ച് വെയ്ക്കും.. അവളരേ പട്ടി അത് ലാ തൂറാന്നൊക്ക്യാ ഓരോര്ത്തര് പറേണ്.. ആ പട്ടി ഏത് നേരോം പാറൂട്ടീരെ ഒപ്പം ണ്ടാവും. അതാരേം ഒന്നും ചിയ്യില്ല. അത്ള്ളപ്പോ പാറൂട്ടീനേം ആര്ക്കും ഒന്നൂം ചിയ്യാൻ പറ്റ്ല്ല. അത്ണ് അവളരെ പട്ടി, അവളരെ മൂക്കട്ട ന്നൊക്കെ കുറ്റം പറ്ഞ്ഞ്ട്ട് നാണല്യാണ്ട് പപ്പ്ടം വേടിച്ച് തിന്നും ചിയ്യണേ.

‘ഞായീ മുത്തങ്ങനേം കൊപ്പങ്ങനേം ഒന്നും അറീല്ലെൻറെ ഓയിന്നേട്ടാ…ഇന്നാലും ആളോളേ വെടിവെച്ച് കൊല്ലല് ഇത്തിരി കടുപ്പന്യാ. ഇനിക്ക് സയിക്കാമ്പറ്റില്ല.’

‘ടാ, ഈ ആദിവാസ്യോളാണ്ടാ ഈ പൂമില് ആത്യം ഇണ്ടായ്ത്. ഈ പൂമി മുഴ്ക്കൻ അവര്ട്യാ. ഇമ്മളൊക്കെ പിന്നക്ക് വന്ന പെരും കള്ളമ്മാര്ണ്. അവ് രെ കാടോളില്ക്ക് അടിച്ചോടിപ്പ്ച്ച് ഒക്കേം മ്മ്ടെയാക്കി ആത്യം. പിന്നക്ക് നമ്മള് ഏതേരോം മക്കളെ ഇണ്ടാക്കീട്ട് നാട്ട്ല് എടല്യാണ്ടായപ്പോ കാടോളില്ക്ക് പോയീക്കേറി. ഇമ്മക്ക് ആർത്ത്യാണ്ടാ ചൊക്ള്യേ… കാടും പിട്ച്ച്.. പറ്റണേട്ത്തൊക്കെ കാടും പിട്ച്ച്. കാടോളീന്നും അവരേ ഓടിച്ച്..’

ഓയിന്നേട്ടൻറെ വായേന്ന് തുപ്പലം തെറിക്ക്ണ്ട്..

കവ്ള് വാറ്പ്പ് ല്ലേ.. പാവം..

‘ഇമ്മടെ എല്ലാ നേതാക്കമ്മാര് ക്കും കാശാര്ക്കും കാട്ട്ല് സലണ്ട്. അത് മുറ്ച്ച് കൊട്ത്താ മതി ആദിവാസ്യോള്ക്ക് സുഘായിററ് കഴ്യാൻ.. കൊട്ക്ക്ല്യാന്ന് മാത്തറല്ല അവറ്റേ വെട്യാവെച്ച് കൊല്ലും. അവററിങ്ങള് ക്ക് മ്മടന്തി പത്തായോം പെട്ട്യോളും കോപ്പൊന്നൂല്ല. വേണ്ട കെഴ്ങ്ങാ എല്യാ എന്താച്ചാ ഇട്ത്ത് ബാക്കി ആ മണ്ണിലന്നെ കുഴിച്ചിടണ പാവ്ങ്ങള്. ഇമ്മക്കല്ലേ നാല് തൽമൊറയ്ക്ക് സമ്പാതിക്കണ ആർത്തി.. അവറ്റോൾടേ വെള്ളോം കാടും മലേം മര്ന്നും ഒക്കെ പറ്റിച്ച് ഇട്ത്ത് നമ്മ്ള് കൊല്ലാണ് ആദിവാസ്യോളേ. അവര് ബൂമി ചോയിച്ച കുറ്റത്ത്നാണ് ഇപ്പോ വെടിവെച്ചത്. കോങ്ക്രസ്സ് ബരിച്ചാലും മാർക്കിസ്റ്റ് ബരിച്ചാലും ആദിവാസ്യോള്ക്ക് എന്നും അടീം വെടീം തന്ന്യാ’

ഓയിന്നേട്ടൻ ചൊമച്ച് … കാറി കഭം തുപ്പി.

നോക്കീപ്പോ തീട്ടം പോലത്തെ കഭം. ഇത്തിരി ചോരേണ്ട്ന്ന് തോന്നി.

ഓയിന്നേട്ടൻ കെതച്ചിറ്റ് ഗേറ്റ്പടിക്കലന്നെ ഇര്ന്ന്

ചൊക്ളി പണിസലത്ത് ചായ വിറ്റ് മട്ങ്ങിപ്പോണ ചായക്കാരൻ മാപ്ളേരേ അട്ത്ത് ന്ന് ചായ വേടിച്ച് ഓയിന്നേട്ടന് കൊട്ത്ത്. മാപ്ളക്ക് അപ്പ്യാ വേണം ആ ക്ളാസ്.. തണ്ത്താലേ ഓയിന്നേട്ടന് ചായ എറ്ങ്ങൊള്ളോ… പിന്നെന്തിറ്റലായോച്ചിട്ടാവോ വക്ക് പോയ ഒര് കിണ്ണത്തിൽക്ക് ചായ വാററിത്തന്ന് മാപ്ള.. ന്നട്ട് എന്തിറ്റാണ്ട് പറ്ഞ്ഞ് അയാളാ പോയി.

പണി നിറ്ത്ത്യ നേരായോണ്ട് ആരും അന്നേഴിച്ച് വന്ന്ല്ല. ഓയിന്നേട്ടന് പണീട്ക്കണോട്ത്തെ കേറ്റ് പൂട്ട്ണ പണീണ്ട്. അദും കയിഞ്ഞ് പൊയേല് കുള്ച്ച്ട്ടാ പോവ്ള്ളോ.

ചായ എറ്ക്കട്ടേ ആ പാവം. ബാക്ക്യൊക്കെ പിന്ന്യാവാം.

(തുടരും)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment