ചൊക്ളി (നോവല്‍ – 72): എച്മുക്കുട്ടി

ഓയിന്നേട്ടന്റൊപ്പം പൊയേല് പോയി കുൾച്ചു..

സൊന്തം മക്ക്ളേനെപ്പറ്റ്യാ ആരൂല്യാണ്ടായേനേപ്പറ്റ്യാ പാറൂട്ടീരെ വീട്ട്ല് മിറ്റത്ത് കെട്ക്കണേനെപ്പറ്റ്യാ ഇത്തറ വല്യ സൂക്കട്ള്ളേനെപ്പറ്റ്യാ ഒന്നും ദണ്ണപ്പെട്ണില്ല ഓയിന്നേട്ടൻ. വെഷമപ്പടി എല്ലര്ക്കും പറ്റിക്കാൻ പാകത്ത്ലായ ആദിവാസിയോളേ പറ്റ്യാണ്.

ചോയിച്ച് വന്നപ്പ പറ്യേ.. ആദിവാസി യോളെ കൂട്ട്ത്ത്ല് ല്ലാച്ചാലും അയിൻറെ അര്ക്കും പര്ക്കും ഒക്ക്യായി ഓയിന്നേട്ടൻ പണീട്ത്ത് ണ്ട്ന്ന്..

ആദിവാസ്യോള്ക്ക് മൂപ്പൻണ്ട്.. ഒര് പാവം. ആള്കാര് മൂപ്പ്ന് വെറ്റ്ല പൊകല്യൊക്കെ കൊട്ത്ത് അവര്ടെ ബൂമി പണീട്ക്കാൻ വേടിക്കും. കൊർച്ച് നാള് ബൂമില് ഇണ്ടാവണത് ഒക്കെ കൊണ്ടന്ന് കൊടക്കും. ആദിവാസ്യോള്ക്ക് വേണ്ടതാ അവറ്റ എട്ക്കുള്ളോ. നാളത്ത്ക്ക് പെട്ടീല് വെക്ക്ല്ല.

അത്തറ പാവങ്ങളാന്ന് കണ്ടപ്പോ, തിന്നാൻ ള്ളത് കൊടത്തില്ലേങ്ങേന്താ ചാരായം കൊടക്കുന്നായി. ആദിവാസി ആണങ്ങള് നല്ല കുടിയമ്മാരായി.. പെണ്ണങ്ങളെ ഈയ്യ നാട്ടോളീന്ന് ചെന്ന സൂത്തറക്കാര് രണ്ടാം കെട്ടാക്കി. നാട്ട്ല് പാര്യേം മക്കളും വേറെണ്ടാവും. അവടി ആദിവാസിയായിറ്റ് ഒര് പെണ്ണ് വേറേം …

ബൂമ്യോക്കെ നാട്ടാരേ ആയി. ആദിവാസ്യോളക്ക് സർക്കാര് കൊടക്കണ ലേറ്റും വെള്ളോം വരെ വെറ്റ്ല പൊക് ല വെച്ച നാട്ടാരേ ആയി. എല്ലരും പറ്റിക്കും അവറ്റോളേ..സറ്ക്കാര് ഇപ്പ്യരാം ബൂമീന്ന് പറേം.. കൊട്ക്ക്ല്ല.

മര്യാക്ക് കാട്ട് ലെ സാനങ്ങളും തിന്ന് സൂക്കടൊന്നും ഇല്ലാണ്ട് കഴിഞ്ഞേര്ന്ന്താ ആദിവാസിയോള്. ബൂമീം കൂടി ഇല്ലാണ്ടാക്കി അവറ്റോളെ ചതിച്ചു. എല്ല്രും ചതിച്ചു. ഇന്നട്ട് ഇപ്പ ബൂമി വേണന്ന് പറ്ഞ്ഞാ അപ്പ വെടിവെച്ചാ കൊല്ലും…

ചൊക്ളിക്ക് ഈറ വന്ന്..

എന്തിനണ് ഇങ്ങ്നെ സറ്ക്കാര്കള്? കള്ളമ്മാരേം പറ്റിപ്പാരേം പെലത്താനാ?

കാശും അതികാരോം അങ്ങ്ന്യാണ് ചൊക്ള്യേ.. അതെന്തോരം കിട്ട്യാലും ആളകാര്ക്ക് മത്യാവ് ല്ല. ആരേ പറ്റ്ച്ചായാലും അത് കിട്ടി ശീലായാ പിന്നെ അതാരും വിട്ടൊട്ക്ക്ല്ല. കിട്ടാത്തോര് അത് രണ്ടും കിട്ടാൻള്ള പര്ക്കം പാച്ച്ല്ല് എന്തിറ്റ് അതിക്കറമോം കാൺക്കും.

പാറൂട്ടീരെ വീട് എത്തണ വരെ ചൊക്ളി ഓയിന്നേട്ടൻറൊപ്പാ നട്ന്ന്. വൈന്നാരം നേരത്ത് അങ്ങ്നെ നട്ക്കണതും ഒര് സുഗാണ്.

ന്നാ പോട്ടേന്ന് ഓയിന്നേട്ടൻ ചൊക്ളീരെ കൈയ്യുമ്മേ പിട്ച്ചപ്പോ ചൊക്ളി അങ്ങട്ട് ചോയിച്ചോയി.

ഓയിന്നേട്ടൻ അവനാൻറെ കാര്യം പറഞ്ഞ്ല്ല. എന്തിറ്റണ് അങ്ങ്നെ?

അപ്പളണ് ചൊക്ളി കണ്ട്ത്. ഒരാള് ഒര് കണ്ണോണ്ട് ചിറിക്കാ മറ്റേക്കണ്ണോണ്ട് കരയ്യാന്ന് എങ്ങ്നീണ്ന്ന്..

നിക്ക് പോണ്ട നേരായീരാ.. ഇബടെ ചിയ്യാള്ളത് കഴിഞ്ഞു നീ പോന്നോന്ന് അടയാളം കാട്ടീട്ട്ണ്ട്.. ഇഞ്ഞി പൂവ്വന്നെ.. ചീത പണ്യോള് മറക്കാ..

പൂവ്വാ…

ഓയിന്നേട്ടൻ പാറൂട്ടീരെ വീട്ട്ൻറെ മൊളമ്പടി കട്ന്ന് പോയി.

ചൊക്ളി മറിയപ്പാറേല് ക്ക് നട്ന്നു. നല്ല കാറ്റ്ണ്ടാര്ന്നു. കാറ്റ്ല് എന്താണ്ടൊക്കെ ഒര് മണോം..കണ്ണില് വെള്ളം വരുമ്മോണം തോന്നി ചൊക്ളിക്ക്.

ഇത്രേള്ളൂ മനിഷേൻറെ കാര്യം..

അന്ന്ണ് പപ്പിന്യോട് ചൊക്ളി ചോയിച്ചേ പാറ്ട്ടി സർക്കാരാച്ചാലും ആദിവാസ്യോളേ വെടിവെച്ചു കൊല്ലോന്ന്..

അവള് പറ്ഞ്ഞത്.. ‘കൊറവ്ണ്ടാവും കൊറ്ച്ച്.. എന്നാലും വെടിവെക്ക്ലും കൊല്ല്ലും പോല്ലീസാര് തല്ല്ലും ഒക്ക്ണ്ട്…ഇണ്ടാവും. ഏത് സറ്ക്കാര് ആയ്യാലും ഇമ്മ്ളെ തല്ലാൻ ള്ള താണ് അവര്ക്ക് പോല്ലീസാരും പട്ടാളക്കാരും.അത് ല്ലേ പോല്ലീസാരെ ഒന്നും പറ്ഞ്ഞൂടാ…പട്ടാളക്കാരെ ഒന്നും പറഞ്ഞൂടാന്നൊക്കെ സിന്മേല് വന്ന് മോഗൻലാല് പറേണ്.. മ്മ്ള് കുറ്റം പറ്ഞ്ഞാ പോല്ലീസാര് ടേ എന്തിറ്റാണ്ട് ഇങ്ങ്നെ കൊറേന്നാ പറേണേ.. ഇമ്മള്ക്ക് വേണ്ടീറ്റാണ് മുക്കിയ മന്ത് രീം പിന്നെള്ള മന്ത് രി മാരും ഓപ്പീസോളും ഒക്കേനും. ഇന്ന്ട്ട് ഇമ്മളെ എല്ല് രും കയുതൈ പറേം ല്ലേ..അപ്പൊ ഇമ്മ്ള്ക്ക് ആ പോല്ലീസാരന്തി കൊറേല്ലേന്ന് മോഗൻലാല് നെ കണ്ടാ ചോയിക്കണം.’

ചൊക്ളിക്ക് ചിറി വന്ന് മുട്ടി.

മോഗൻലാല്… നല്ല ആള്ണ്. ടീ വീല് ഇള്ളോര് ചോയിച്ചാ വരെ ഒര് കാര്യം ഒറ്പ്പായിറ്റ് പറേല്ല.. സിന്മേല് എന്തിറ്റ് വേണേലും പറയാലോ..

ലോഗത്തപ്പ്ടീം കള്ള്ത്തരാണ്.. അദാണ് കാര്യം..

മനിഷേമ്മാര് നന്നാവ്ണം.. നാട്ട്ല് ഒക്കേം നന്നാവ്ണം ന്ന് വിചാരിക്കണോര് കൊറച്ചന്നേള്ളു. അവ് ര്ക്ക് മുക്കിയമന്ത് രീം പർദാനമന്ത് രീം ഒന്നും ആവാമ്പറ്റില്യ. ഒക്കേ ഇമ്മണി കാശ് മറീണ കള്യോളാണ്…

(തുടരും…)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment