‘മാഗ്’ ആർട്സ് ക്ലബ് മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ജനോപകാരപ്രദവും ജനപ്രിയവും ആയ ഒട്ടേറെ പരിപാടികളുമായി മുന്നേറി ഈ വർഷത്തെ ഭരണസമിതി പടിയിറങ്ങാൻ ഒരുങ്ങുമ്പോൾ അവരുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി ചാർത്തി ‘മാഗ് ആർട്സ് ക്ലബ്’ പ്രവർത്തനമാരംഭിച്ചു. ആർട്സ് ക്ലബ് ഉത്‌ഘാടനം ചെയ്യുവാൻ ഒരു നടനും കലാകാരനും കൂടിയായ പാലാ എംഎൽഎ മാണി സി കാപ്പൻ എത്തിയപ്പോൾ അത് ഇരട്ടിമധുരമായി മാറി.

വിശുദ്ധിയുടെ പ്രതീകമായ വെള്ള നിറം “തീം” ആയി അവതരിപ്പിച്ച്‌ വെള്ള നിറത്തിൽ കുളിച്ചുനിന്ന ഹൂസ്റ്റൺ മലയാളികളുടെ തറവാടായ മാഗിന്റെ ആസ്ഥാന കേന്ദ്രമായ “കേരളാ ഹൗസിൽ” നവംബർ 21 ഞായറാഴ്ച വൈകുന്നേരം 5 മണിക്കായിരുന്നു ഉദ്ഘാടന സമ്മേളനം.

ഒട്ടേറെ പ്രതിഭാസമ്പന്നരായ കലാകാരന്മാരാലും കലാകാരികളാലും സമ്പന്നമായ ഹൂസ്ടൺകാരുടെ ചിരകാല അഭിലാഷമായിരുന്ന മാഗ് ആർട്സ് ക്ലബ് പാലാ എം ൽ എ മാണി സി കാപ്പൻ പ്രൗഢഗംഭീരമായ സദസ്സിൽ നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു. ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കേരളത്തിലും അമേരിക്കയിലും നടത്തിവരുന്ന ‘മാഗിന്റെ’ ആസ്ഥാന കേന്ദ്രമായ ‘കേരളാ ഹൗസ്‌ ‘ സന്ദർശിക്കുന്നതിനും കലയെ പരിപോഷിപ്പിക്കുന്നതിനും കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിക്കുന്ന മാഗ് ആർട്സ് ക്ലബ്ബിന്റെ ഉത്‌ഘാടനം നടത്തുവാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നുവെന്നും എംഎൽഎ പറഞ്ഞു.

ഇനി എല്ലാ ശനിയാഴ്ചകളിലും കലാകാരന്മാർക്ക് കേരള ഹൗസിൽ ഒത്തു കൂടി അവരുടെ കലാവിരുന്നുകൾ അവതരിപ്പിക്കാം എന്ന് ആർട്സ് ക്ലബ് രൂപീകരിക്കുന്നതിന് ചുക്കാൻ പിടിച്ച, ഹൂസ്റ്റണിലെ ഒരു ജനപ്രിയ കലാകാരൻ കൂടിയായ മാഗ് പ്രോഗ്രാം കോർഡിനേറ്റർ റെനി കവലയിൽ പറഞ്ഞു.

മാഗ് 2021 ഭരണസമിതിയുടെ ഈ വർഷത്തെ 28 – മത്തെ പരിപാടിയായിരുന്നു മാഗ് ആർട്സ് ക്ലബ് ഉൽഘാടനവും മാണി സി കാപ്പൻ എംഎൽഎയ്ക്കുള്ള സ്വീകരണവും.

പ്രസിഡണ്ട് വിനോദ് വാസുദേവൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു.
ട്രഷറാർ മാത്യു കൂട്ടാലിൽ മുഖ്യാതിഥിയെ സദസിനു പരിചയപ്പെടുത്തി.

മാർട്ടിൻ ജോൺ, ശശിധരൻ നായർ, ജി കെ പിള്ള, ഡോ. രഞ്ജിത് പിള്ള, എസ്‌.കെ ചെറിയാൻ, ജയിംസ് കൂടൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ട്രസ്റ്റി ബോർഡ് ചെയർമാൻ ജോഷ്വ ജോർജ്‌, വൈസ് പ്രസിഡണ്ട് സൈമൺ വാളച്ചേരിൽ, മുൻ പ്രസിഡണ്ട് സാം ജോസഫ്, ബോർഡ് മെമ്പർ രമേശ് അത്തിയോടി എന്നിവരും ദീപം കൊളുത്തി ചടങ്ങിൽ പങ്കുചേർന്ന് ചടങ്ങു ഉജ്ജ്വലമാക്കി.

വിനു ചാക്കോ, ജയൻ അരവിന്ദാക്ഷൻ എന്നിവർ ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. നൂപുര ഡാൻസ് സ്കൂൾ നടത്തിയ നൃത്തശില്പം ചടങ്ങിനു വർണഭംഗിയേകി. മാഗ് പി.ആർ. ഓ ഡോ .ബിജു പിള്ള നന്ദി പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്റർ റെനി കവലയിൽ എം. സി. യായിരുന്നു.

ചടങ്ങുകൾക്ക് ശേഷം വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment