മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈലും, മാതാപിതാക്കളും പിടിയിൽ; സി ഐ സുധീറിനെ സ്ഥലം മാറ്റി

കൊച്ചി: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് വീട്ടിൽ ആത്മഹത്യ ചെയ്ത നിയമവിദ്യാർഥി മോഫിയ പ്രവീണിന്റെ ഭർത്താവ് മുഹമ്മദ് സുഹൈൽ, മാതാപിതാക്കളായ യൂസഫ്, റുഖിയ എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. എന്നാൽ, ആത്മഹത്യക്ക് പ്രേരണയായെന്ന് പറയപ്പെടുന്ന മോഫിയയെ അപമാനിച്ച ആലുവ ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി എൽ സുധീറിനെ സ്ഥലം മാറ്റി.

ബന്ധുവീട്ടിൽ ഒളിച്ചു താമസിച്ചിരുന്ന കോതമംഗലം സ്വദേശികളായ സുഹൈൽ, യൂസഫ്, റുഖിയ എന്നിവരെ ആലുവ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. 21 കാരിയായ മോഫിയയുടെ മരണവാർത്ത ചൊവ്വാഴ്ച പ്രചരിച്ചതിനെ തുടർന്ന് ഇവർ ഒളിവില്‍ പോയിരുന്നു. ഐപിസി 304 ബി (സ്ത്രീധന മരണം), 498 എ (സ്ത്രീയോടുള്ള ക്രൂരത), 306 (ആത്മഹത്യ പ്രേരണ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.

എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത, എറണാകുളം റൂറൽ എസ്പി കെ കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ എട്ടു മണിക്കൂറോളം മൂവരെയും ചോദ്യം ചെയ്തു. ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, മോഫിയയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ ഉദ്യോഗസ്ഥന്റെ വീഴ്ചയും പെരുമാറ്റദൂഷ്യവും അന്വേഷിച്ച ആലുവ ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിൽ എസ്എച്ച്ഒ സുധീറിന് ക്ലീൻ ചിറ്റ് ലഭിച്ചു.

ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ സുധീർ ചെയ്തത് ചെറിയ തെറ്റ് മാത്രമാണെന്ന് പറയുന്നു. “ഉദ്യോഗസ്ഥൻ വലിയ തെറ്റൊന്നും ചെയ്തിട്ടില്ല. ഉദ്യോഗസ്ഥന്റെ മുന്നില്‍ വെച്ച് യുവതി ഭർത്താവിനെ തല്ലി. അത് എസ്എച്ച്ഒയെ പ്രകോപിപ്പിച്ചിരിക്കാം.

മൊഴി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മോഫിയയോടും സുഹൈലിനോടും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു സംഭവം. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. തിങ്കളാഴ്ച പോലീസ് സ്റ്റേഷനിൽ ഹാജരായ മറ്റ് ഹർജിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സിഐ സുധീർ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണം; സ്റ്റേഷനിൽ ഉപരോധം തുടർന്ന് യുഡിഎഫ്

ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ രാത്രി വൈകിയും സ്റ്റേഷൻ ഉപരോധം തുടർന്ന് യുഡിഎഫ്. മോഫിയയുടെ അമ്മയും സമരസ്ഥലത്ത് എത്തിയിട്ടുണ്ട്. ആലുവ വെസ്റ്റ് മുൻ സിഐ സുധീർ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് സമരം. ആത്മഹത്യക്കേസിൽ ആരോപണ വിധേയനായ സിഐ സുധീർ കുമാറിനെ സസ്പെന്റ് ചെയ്യും വരെ സമരം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.

മോഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തിൽ സുധീർ കുമാറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ സസ്പെന്റ് ചെയ്യണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കുടുംബവും കോൺഗ്രസ് പാർട്ടിയും. പോലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കാണ് സംഭവത്തിൽ കുറ്റാരോപിതനായ സിഐയെ സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും തുടർനടപടികൾ ഇത് പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടി സ്വീകരിക്കുമെന്നുമാണ് അറിയിപ്പ്.

എന്നാൽ കോൺഗ്രസ് ഈ വാഗ്ദാനത്തെ വിശ്വസിക്കുന്നില്ല. ബെന്നി ബഹന്നാൻ എംപിയും ആലുവ എംഎൽഎ അൻവർ സാദത്തും അങ്കമാലി എംഎൽഎ റോജി എം ജോണുമാണ് രാത്രിയിലടക്കം പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തുന്നത്. സ്ഥലം മാറ്റം അംഗീകരിക്കില്ലന്നാണ് യുഡിഎഫ് നിലപാട്. സ്റ്റേഷൻ ഉപരോധം തുടർന്നാൽ ബലം പ്രയോഗിച്ച് നീക്കുമെന്ന് ഡിവൈഎസ്പി സമരക്കാരെ അറിയിച്ചിരുന്നു. എന്നാൽ അതിനും വഴങ്ങാതെയാണ് എംപിയും എംഎൽഎയും രംഗത്തിറങ്ങിയിരിക്കുന്നത്. സുധീർകുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അതുകൊണ്ടാണ് സ്ഥലംമാറ്റത്തിൽ മാത്രം നീക്കം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു. സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സർവ്വീസിൽ നിന്ന് ഇയാളെ സസ്പെൻഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്.

നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുധീർ. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. കേരളത്തെ പിടിച്ചുലച്ച ഉത്ര വധക്കേസിലാണ് അന്നത്തെ അഞ്ചല്‍ എസ്എച്ച്ഒ ആയിരുന്ന സുധീറിനെതിരെ ആദ്യം പരാതി ഉയര്‍ന്നത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിനെ രക്ഷിക്കാന്‍ സുധീര്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. കേസിന്‍റെ പ്രാരംഭ അന്വേഷണത്തില്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് അന്നത്തെ റൂറല്‍ എസ് പി ഹരിശങ്കര്‍ കണ്ടെത്തി. പക്ഷേ നടപടി ഉണ്ടായിരുന്നില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment