നിയമ വിദ്യാർത്ഥി മോഫിയ പര്‍വീണിന്റെ ആത്മഹത്യ: ആലുവയിൽ എസ്പി ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി

കൊച്ചി: 23 കാരിയായ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ ഈസ്റ്റ് എസ്എച്ച്ഒ സി എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ എറണാകുളം റൂറൽ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി.

ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സമരക്കാർക്കെതിരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഹൈബി ഈഡൻ എംപി, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ പങ്കെടുത്തു. പാർട്ടി പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ, സമരക്കാർ വീണ്ടും സംഘടിച്ച് പോലീസിന് നേരെ കല്ലെറിഞ്ഞു.

പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പോലീസ് വീണ്ടും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

ആലുവ എം.എൽ.എ അൻവർ സാദത്ത്, എം.പി ബെന്നി ബഹനാൻ, കോൺഗ്രസ് പ്രവർത്തകർ എന്നിവർ ബുധനാഴ്ച പോലീസ് സ്‌റ്റേഷൻ ഇടനാഴിയിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

തുടർന്ന് ആലുവ എസ്പി ഓഫീസിന് പുറത്ത് നടത്തിയ ഉപരോധ സമരം പിൻവലിച്ചതായും എന്നാൽ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുന്നതുവരെ ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനു മുന്നിലെ സമരം തുടരുമെന്നും ഡിസിസി പ്രസിഡന്റ് ഷിയാസ് അറിയിച്ചു.

അതിനിടെ, മൊഫിയ പർവീണിന്റെ സഹപാഠികളായ 17 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.പിക്ക് പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു സംഭവം. വിദ്യാർഥികളെ എടത്തല സ്റ്റേഷനിലേക്ക് മാറ്റി.

മൊഫിയയുടെ ആത്മഹത്യയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ വിദ്യാർഥികൾ ഇന്ന് എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഓഫീസിന് ഏതാനും മീറ്റർ അകലെവെച്ച് മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥികൾ എസ്.പി ഓഫീസിൽ നേരിട്ടെത്തി മൊഫിയ വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി.

ഇതിന് ശേഷം അവർ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആദ്യം ഇവരെ എ.ആർ.ക്യാമ്പിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് എടത്തല സ്റ്റേഷനിലേക്ക് മാറ്റി.

യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. ക്രിമിനലുകളോട് പെരുമാറുന്നതുപോലെയാണ് തങ്ങളോട് പോലീസ് പെരുമാറിയതെന്നും അവർ ആരോപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment