പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഓര്‍മ്മയായി

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ ഗാനരചയിതാക്കളിൽ ഒരാളായ ബിച്ചു തിരുമല ഇന്ന് (വെള്ളിയാഴ്ച) തിരുവനന്തപുരത്തെ എസ് കെ ആശുപത്രിയില്‍ പുലര്‍ച്ചെ 3:15ന് അന്തരിച്ചു. 79 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

വരികൾ രചിക്കുന്നതിനും സംഗീതം ചിട്ടപ്പെടുത്തുന്നതിനും പുറമേ, “ശക്തി” എന്ന ചിത്രത്തിന് കഥയും സംഭാഷണവും “ഇഷ്ട പ്രാണേശ്വരി” യുടെ തിരക്കഥയും എഴുതിയത് ബഹുമുഖ പ്രതിഭയായ ബിച്ചു തിരുമലയാണ്. നിരവധി ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. മുന്നൂറോളം ചലച്ചിത്രങ്ങളിലായി അഞ്ഞൂറില്‍ പരം ഗാനങ്ങള്‍ നിര്‍വഹിച്ച അദ്ദേഹത്തിന്‍റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്‌ടമാണ്.

സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം അയ്യായിരത്തോളം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അവ മലയാളിയെ സങ്കല്‍പ്പത്തിന്‍റെ കുടക്കീഴില്‍ പ്രണയത്തിന്‍റെ പട്ടുവിരിച്ചു നടത്തി. ആരും പ്രയോഗിക്കാത്ത വാക്കുകളും ഭാഷയും അനതിസാധാരണമായ ഭാവനയും. ബിച്ചു തിരുമലയുടെ പാട്ടുകള്‍ മലയാളി പാടി നടന്നതിനു പിന്നില്‍ സന്ദര്‍ഭത്തിനനുസരിച്ച് ഭാഷ പ്രയോഗിക്കാനുളള അദ്ദേഹത്തിന്റെ സിദ്ധിക്ക് വലിയ പങ്കുണ്ട്.

‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ’, ‘നീലജലാശയത്തില്‍’, ‘പടകാളി ശണ്ടിശ്ശങ്കരി’, ‘ഒപ്പം ഒപ്പത്തിനൊപ്പം’ എന്ന ചിത്രത്തിലെ ‘ഭൂമി കറങ്ങുന്നുണ്ടോടാ’ തുടങ്ങിയ ഗാനങ്ങള്‍ ഉദാഹരണം. സ്വന്തം രചനയില്‍ ബിച്ചു തിരുമലയ്ക്ക് ഏറ്റവും പ്രിയങ്കരം ‘ഹൃദയം ദേവാലയം’ എന്ന ഗാനമായിരുന്നു – ജീവിതത്തെ തത്വചിന്താപരമായി വിലയിരുത്തുന്ന മൂല്യമുളള പാട്ട്.

ബിച്ചു തിരുമല ശാസ്തമംഗലം പട്ടണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി ജെ ഭാസ്കരൻ നായരുടെയും മൂത്ത മകനായി 1942 ഫെബ്രുവരി 13നാണ് ജനിച്ചത്. ബി ശിവശങ്കരൻ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍ ബിച്ചു സംഗീത സംവിധായകനാണ്. പിന്നണി ഗായിക സുശീലാ ദേവിയും സംഗീത സംവിധായകൻ ദർശൻ രാമനും സഹോദരങ്ങളാണ്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിഎ ബിരുദം നേടി.

1962-ൽ അന്തർ സർവകലാശാലാ റേഡിയോ നാടക മത്സരത്തിൽ “ബല്ലാത്ത ദുനിയാവ്” എന്ന നാടകം എഴുതി അഭിനയിച്ചു. എം കൃഷ്ണൻ നായരുടെ സഹസംവിധായകനായി പ്രവർത്തിക്കുമ്പോഴാണ് സിനിമയിൽ പാട്ടെഴുതാൻ അവസരം ലഭിച്ചത്. നായരുടെ “ഭജഗോവിന്ദം” എന്ന ചിത്രത്തിന് അദ്ദേഹം വരികൾ എഴുതിയെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല.

നടൻ മധു നിർമ്മിച്ച “അക്കൽദാമ” എന്ന ചിത്രമാണ് ബിച്ചു എഴുതിയ ഗാനവുമായി പുറത്തിറങ്ങുന്ന ആദ്യ ചിത്രം. അദ്ദേഹം ആദ്യമായി എഴുതിയ ‘നീലാകാശവും മേഘങ്ങളും’ എന്ന ഗാനം തന്നെ പ്രശസ്തിയിലേക്ക് ഉയർന്നു. മൂവായിരത്തിലധികം സിനിമകളിൽ ഗാനരചയിതാവായി പ്രവർത്തിച്ചിട്ടുണ്ട്.

1981ലും 1991ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡും ആദ്യ കവിതാസമാഹാരമായ ‘അനുസരണയില്ലത മനസു’ന് വാമദേവൻ അവാർഡും ലഭിച്ചു.

‘പടകളി’യുടെ വരികൾ രചിച്ച് എആർ റഹ്മാനൊപ്പം ആദ്യ മലയാള ചിത്രമായ “യോദ്ധ”യിലും ബിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ബിച്ചു തിരുമലയുടെ പ്രശസ്തമായ ശേഖരത്തിൽ ‘പാവാട വേണം മേലാട വേണം’, ‘നീലജലശയത്തിൽ’, ‘രാഗേന്ദു കിരണങ്ങൾ’, ‘സുന്ദരി സുന്ദരി’, ‘എഴുസ്വരങ്ങളും’, ‘മൈനാകം’ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ഉൾപ്പെടുന്നു.

ബിച്ചു തിരുമലയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. പൊതുദർശനം ഒഴിവാക്കും. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു.

ബിച്ചു തിരുമലയെ അനുസ്മരിച്ച് സംഗീത സം‌വിധായകന്‍ ജെറി അമല്‍ ദേവ്

ബിച്ചു തിരുമലയുടെ സംഗീതബോധമാണ് അദ്ദേഹം എഴുതിയ പാട്ടുകളുടെ ചാരുതയെന്ന് സംഗീത സംവിധായകൻ ജെറി അമൽദേവ്. സംഗീത സംവിധായകൻ ഒരു ഈണം മൂളിയാൽ അതിന്‍റെ മ്യൂസിക്കൽ ബാലൻസ് ബിച്ചു തിരുമലയ്ക്ക് വേഗം പിടി കിട്ടും. അതു മനസിലാക്കിയാണ് എഴുത്ത്. അങ്ങനെ എഴുതുമ്പോൾ ഒരു പ്രത്യേക ഭംഗിയുണ്ടാവും. എല്ലാ ഗാന രചയിതാക്കൾക്കും ഈ സിദ്ധിയില്ല. ചിലർക്ക് പറഞ്ഞു കൊടുത്താൽ മനസ്സിലാവും. ബിച്ചുവിന്‍റെ വരികളാണ് എന്‍റെ പാട്ടുകള പ്രിയങ്കരമാക്കിയതെന്നും ജെറി അമൽദേവ് പറഞ്ഞു.

ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ് ജെറി അമൽദേവിന്‍റെ ആദ്യ ചിത്രം. ബിച്ചു തിരുമലയാണ് പാട്ടുകൾ എഴുതിയത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായി. കഥ നന്നായി മനസിലാക്കിയാണ് ബിച്ചു തിരുമല പാട്ടെഴുതുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ‘മഞ്ഞണിക്കൊമ്പിൽ’ ആണ് ഉദാഹരണം.

താണിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലി ക്കുരുവീ എന്ന വരികളിലെ ‘സുമംഗലി കുരുവീ’ എന്ന പ്രയോഗമാണ് പാട്ടിനെ സിനിമയോട് ചേർത്തു നിർത്തുന്നത്. നായിക വിവാഹിതയായ കഥാപാത്രമാണ്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ‘ആയിരം കണ്ണുമായ്’ മറ്റൊരു ഉദാഹരണം. ആ വരികളിൽ സിനിമ മൊത്തമുണ്ട്.

പല പാട്ടുകളുടെയും തുടക്കം ബിച്ചു മൂളിത്തന്നു. അതിന്‍റെ പിന്നാലെ പോവുകയായിരുന്നു ഞാൻ. പെണ്ണിന്‍റെ ചെഞ്ചുണ്ടിൽ എന്ന ഗാനത്തിന്‍റെ തുടക്കം അദ്ദേഹം മൂളിയതാണ്. എന്‍റെ ഈണങ്ങൾ സരളമാണ്. അതിന് ആഴം നൽകിയത് ബിച്ചുവിന്‍റെ വരികളാണ്. ബിച്ചു തിരുമലയുടെ വിയോഗം മലയാള സിനിമാ സംഗീതത്തിൽ വലിയൊരു വിടവ് സൃഷ്ടിച്ചു കഴിഞ്ഞുവെന്നും ജെറി അമൽദേവ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment