വിശ്വാസം, അതല്ലേ എല്ലാം (ജെയിംസ് കുരീക്കാട്ടില്‍)

“അച്ചായാ, ഒന്ന്എഴുന്നേറ്റെ, ഇന്ന് ഞായറാഴ്ചയല്ലേ. നമുക്കൊന്ന് പള്ളീൽ പോകാം. മാത്രമല്ല, ഇന്ന് പുതിയ കുർബാന ക്രമം തുടങ്ങുന്ന ദിവസമാ. അറിയണമല്ലോ, നമ്മുടെ അച്ചൻ എങ്ങോട്ട് തിരിഞ്ഞു നിന്നാ കുർബാന ചെല്ലാൻ പോകുന്നതെന്ന്.”

“എടീ, അച്ചൻ എങ്ങോട്ട് വേണേലും തിരിഞ്ഞു നിന്ന് കുർബാന ചെല്ലട്ടെ. അതിന് ഞാനെന്ത് വേണം.”

ഒരു ഞായറാഴ്ചയായിട്ട് കുറച്ചു നേരം കൂടി സ്വസ്ഥമായി ഉറങ്ങാൻ സമ്മതിക്കാത്തതിന്റെ ദേഷ്യം ചാക്കോച്ചന് ശരിക്കും വന്നു. പക്ഷെ റോസക്കുട്ടി ഒന്ന് തീരുമാനിച്ചാൽ അതെ നടക്കൂള്ളൂ എന്ന് ചാക്കോച്ചന് അറിയാം.

“അതല്ല അച്ചായാ, അച്ചൻ കുർബാന എങ്ങോട്ട് വേണേലും തിരിഞ്ഞു നിന്ന് ചൊല്ലികൊട്ടെ. പക്ഷെ പ്രാർത്ഥനകളിലും ഒത്തിരി മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ് കേട്ടത്. അതൊക്കെ എന്താണെന്ന് അറിയണ്ടേ.”

നമ്മള് മുമ്പ് ‘സർവ്വാധിപനാം കർത്താവേ നിന്നെ വണങ്ങി നമിക്കുന്നു’ എന്നല്ലേ ചൊല്ലിയിരുന്നത്. അത് ഇനി മുതൽ ‘സർവ്വാധിപനാം കർത്താവേ നിൻ സ്തുതി ഞങ്ങൾ പാടുന്നു’ എന്നാ ചെല്ലേണ്ടത്.”

“അതെന്നാടി, എന്നെ വണങ്ങി നമിക്കുന്നത് എനിക്ക് ഇഷ്ടമല്ല, സ്തുതിച്ച് പാടുന്നതാ കൂടുതൽ ഇഷ്ടമെന്ന് കർത്താവ് സ്വർഗ്ഗത്തിൽ നിന്ന് കമ്പി സന്ദേശം വല്ലതും അയച്ചോ? ഇത്രയും കാലം വണങ്ങി നമിച്ചിട്ട് ദൈവം ഒബ്ജക്ഷൻ ഒന്നും പറഞ്ഞില്ലായിരുന്നല്ലോ.”

“എടീ, വണങ്ങി നമിച്ചാലും സ്തുതിച്ച് പാടിയാലും അതിനി കിഴക്കോട്ട് നിന്ന് ചെയ്താലും വടക്കോട്ട് നിന്ന് ചെയ്താലും ഇതൊന്നും നമ്മുടെ ജീവിതത്തിലോ ഈ ലോകത്തോ ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല. ഇനിയും ആളുകൾക്ക് കോവിഡ് പിടിപെടും. കുറെ ആളുകൾ മരിക്കും, കുറേപേർ രക്ഷപെടും. കുറേപേർക്ക് ഒന്നും സംഭവിക്കില്ല. ഇനിയും റോഡ് അപകടങ്ങൾ ഉണ്ടാകും. കേരളത്തിൽ ഒരു ദിവസം 12 പേര് എന്ന നിരക്കിൽ ഏതാണ്ട് 4000 ആളുകളാണ് ഒരു വര്‍ഷം റോഡ് അപകടങ്ങളിൽ മാത്രം കൊല്ലപ്പെടുന്നത്. ഡ്രൈവറുടെ അശ്രദ്ധയും, അമിത വേഗതയും റോഡിന്റെ കണ്ടീഷനുമൊക്കെയാണ് ഈ അപകടങ്ങൾക്ക് കാരണമാകുന്നത് അല്ലാതെ ദൈവം ആരെയും കൊല്ലുന്നുമില്ല. രക്ഷിക്കുന്നുമില്ല. ഇനിയും വെള്ളപൊക്കമുണ്ടാകും. കുറേപേർ ഒലിച്ചുപോകും. കുറേപേർ സാമ്പത്തിക കെണിയിൽ വീഴും. ചിലർ ആത്മഹത്യവരെ ചെയ്യും. ഈ ദുരിതങ്ങൾക്കിടയിലും ചിലർ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കും. എല്ലാ സൗഭാഗ്യങ്ങളോടെയും അർമ്മാദിച്ച് ജീവിക്കും. ഇതൊന്നും നമ്മൾ ഏത് ദൈവത്തോട് പ്രാർത്ഥിക്കുന്നു, എങ്ങോട്ട് തിരിഞ്ഞു നിന്ന് പ്രാർത്ഥിക്കുന്നു എന്നതിനെ ആസ്പദമാക്കി നടക്കുന്ന കാര്യങ്ങളല്ല. ഇനിയും ഒരിടത്തേക്കും തിരിഞ്ഞുനിന്ന് ഈ കോപ്രായങ്ങൾ കാട്ടാതെ പൗരബോധമുള്ള സ്വതന്ത്ര ചിന്തകരായ് ഉത്തരവാദിത്വത്തോടെ ജീവിച്ചാലും ഈ ലോകത്ത് കാര്യങ്ങളൊക്ക എന്നും ഇങ്ങനെ തന്നെയായിരിക്കും നടക്കുക.”

“അങ്ങനെയാണെങ്കിൽ അച്ചായാ, പുതിയ കുർബാനയുടെ പേരും പറഞ്ഞു ഈ അച്ചന്മാർ എന്തിനാ സമരം ചെയ്യുന്നത്? ഇതിപ്പോ വിശ്വാസികളേക്കാൾ അച്ചന്മാരല്ലേ സമരമുഖത്തുള്ളത്.”

“അതെ. കാരണം ഇത് അവരുടെ മാത്രം സുഖാനുഭവങ്ങൾക്ക് ഭംഗം വരുന്ന വിഷയമാണല്ലോ. അങ്ങനെയൊരു പുസ്തകമുണ്ട്. നീ വായിച്ചിട്ടുണ്ടോ? സ്‌പെൻസർ ജോൺസന്റെ who moved my cheese (എന്റെ സുഖാനുഭവങ്ങൾക്ക് ഭംഗം വരുത്തിയത് ആര്) എന്ന പുസ്തകം. അധികാരം ആസ്വദിച്ചും പാരമ്പര്യത്തിൽ അഭിരമിച്ചും ഒക്കെ ജീവിക്കുന്നവർക്ക് അതിൽ എന്തെങ്കിലും ഒരു ഭംഗം വരുന്നത് ഉൾക്കൊള്ളാനാവില്ല. അവർ സമരം ചെയ്യട്ടെ. കുർബാന തൊഴിലാളികളുടെ മുദ്രാവാക്യം വിളി കേൾക്കാനുമില്ലേ ഒരു രസം.”

“അച്ചായാ, അച്ചന്മാരെ വിമർശിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ അവരെ കുർബാന തൊഴിലാളികൾ എന്നൊക്ക വിളിച്ച് അധിക്ഷേപിക്കുന്നത് ഇച്ചരെ കൂടിപോകുന്നുണ്ട് കേട്ടോ? ഒന്നുമല്ലേലും അവര് കല്യാണം പോലും കഴിക്കാതെ ജീവിതം സമൂഹത്തിന് വേണ്ടി ഉഴിഞ്ഞു വെച്ചവരല്ലേ?”

“അത് നീ പറഞ്ഞത് ശരിയാ. ഉഴുഞ്ഞു വച്ചവര്‍ തന്നെയാ. പ്രായപൂർത്തിയാകാത്ത പിള്ളാരെവരെ ഉഴിയാൻ പോയത് കൊണ്ടാ ഈ രാജ്യത്ത് രണ്ട് രൂപത Bankruptcy ഫയല് ചെയ്യേണ്ടി വന്നത്.”

“അച്ചായാ അങ്ങനെയൊക്കെ ചില തെറ്റുകുറ്റങ്ങൾ പറ്റുന്നുണ്ടാവാം. എന്നാലും നമ്മളിങ്ങനെ വേറൊരു രാജ്യത്ത് ജീവിക്കുബോ, നമ്മുടെ ആളുകൾക്ക് ഒത്തുചേരാൻ ഒരിടം വേണ്ടേ? അല്ലാതെ വെള്ളക്കാരുടെയും കറമ്പരുടെയും ഒക്കെ കൂട്ടത്തിൽ ചെന്നാൽ അവര് നമ്മളെ അവരിൽ ഒരാളായി പരിഗണിക്കുമോ?”

“അത് ശരി. വെള്ളക്കാരുടെയും കറമ്പരുടെയും രാജ്യത്ത് ജീവിക്കാം, അവരുടെ കൂടെ ജോലി ചെയ്യാം. അവരുടെ ആഘോഷങ്ങളിൽ പങ്ക് ചേരാം. എന്നിട്ട് അവരുടെ പള്ളിയിൽ മാത്രം പോകാൻ പറ്റില്ലേ?”

“എന്നാൽ അച്ചായൻ കറമ്പരുടെ കൂട്ടത്തിൽ ചെല്ല്. അച്ചായനെ കണ്ടാൽ അവര് ചിലപ്പോൾ കൂട്ടത്തിൽ കൂട്ടാൻ സാധ്യതയുണ്ട്. “റോസകുട്ടിക്ക് ദേഷ്യം വന്നു.

“അച്ചായാ കുർബാന കാണുന്നത് മാത്രമല്ലല്ലോ. ആഴ്ചയിൽ ഒരിക്കൽ ഒത്ത് കൂടുന്നതും നമ്മുടെ ആളുകളെയൊക്ക കാണുന്നതും മിണ്ടീപറഞ്ഞുമൊക്കെ ഇരിക്കുന്നതും ഒക്കെ ഒരു രസമല്ലേ. പിന്നെ അവിടെ എന്തെല്ലാം കലാപരിപാടികൾ ഉണ്ട്. മക്കൾക്ക് കൂട്ടുകാരുണ്ട്. ക്രിസ്സ്മസ്സ് ഉണ്ട്. കാരൾ ഉണ്ട്. ജീവിതത്തിൽ ഇതൊക്ക ഒരു രസമല്ലേ അച്ചായാ.”

“എങ്കിൽ സമ്മതിച്ചു. ഇതൊക്കെ രസിക്കാനുള്ള ഇടപാടാണെങ്കിൽ ഞാനിനി എതിർക്കുന്നില്ല.”

“രസിക്കാൻ മാത്രമൊന്നുമല്ല. വിശ്വാസമുണ്ടെങ്കിൽ ഈ മലയോട് കടലിൽ ചെന്ന് വീഴുക എന്ന് പറഞ്ഞാൽ അത് അനുസരിക്കുമെന്നാ ബൈബിളിൽ പറഞ്ഞിരിക്കുന്നത്.”

“മലയും ചുമന്നോണ്ട് നടക്കാൻ വിശ്വാസികൾ ആരാ ഹനുമാനോ? ഇക്കണ്ട മനുഷ്യരെല്ലാം കോവിഡ് വന്ന് മരിച്ചിട്ട്, വാക്‌സിൻ കണ്ടുപിടിക്കുന്നത് വരെ ഈ മല ചുമട്ടുകാര് വിശ്വാസികളെയൊന്നും ഈ വഴിയിലെങ്ങും കണ്ടില്ലല്ലോ?”

“അച്ചായൻ പള്ളിയിൽ വരുന്നുണ്ടോ ഇല്ലയോ?”

റോസകുട്ടിയുടെ ആ ചോദ്യത്തിൽ ഒരു ഭീഷണിയുടെ സ്വരം ചാക്കോച്ചന് അനുഭവപെട്ടു. ഒന്നാലോചിച്ചപ്പോൾ വീടിന്റെ മോർട്ട്‌ഗേജ് കൃത്യമായി അടഞ്ഞു പോകാനും ജീവിതം ഇതുപോലൊക്കെ ഭംഗിയായി മുന്നോട്ട് പോകാനും നിരീശ്വരവാദത്തേക്കാൾ നല്ലത് വിശ്വാസിയായിരിക്കുന്നതാണെന്ന് ചാക്കോച്ചന് തോന്നി.

“വരാം. പള്ളിയിൽ വരാം. നീ കഴിഞ്ഞ ദിവസം വാങ്ങിയ ആ പുതിയ അണ്ടർവെയറുകളിൽ ഒരെണ്ണം ഇങ്ങെടുത്തെ. പഴയതിന്റെയെല്ലാം ഇലാസ്റ്റിക് ലൂസായി.”

“ഇന്നാ അച്ചായാ.”

ഒരിക്കൽ ലൂസായ അണ്ടർവെയറിന്റെ വള്ളി, വിശ്വാസം ഉണ്ടെങ്കിലും ടൈറ്റ് ആവില്ലെന്ന് റോസകുട്ടിക്കും അറിയാം…….!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

One Thought to “വിശ്വാസം, അതല്ലേ എല്ലാം (ജെയിംസ് കുരീക്കാട്ടില്‍)”

  1. John

    കഥകളി വേഷം അണിഞ്ഞു എത്തുന്ന കുർബാന തൊഴിലാളികൾ അവരുടെ തൊഴിലിൽ സ്വാതന്ത്ര്യം വേണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ് ??

Leave a Comment

Related News