പെൺകുട്ടികൾക്ക് പ്രചോദനമായി തിരൂരില്‍ നിന്ന് 20-കാരി റീമ ഷാജി എഞ്ചിനീയറിംഗ് ബിരുദ പഠനത്തിന് അമേരിക്കയിലേക്ക്

മലപ്പുറം: കുട്ടിക്കാലത്ത് റീമ ഷാജി എന്ന പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അമേരിക്കയിൽ പോയി പഠിക്കണമെന്ന്. എന്നാല്‍, റീമയ്ക്ക് കിട്ടിയ പ്രതികരണം മറ്റൊന്നായിരുന്നു….” വിവാഹം കഴിച്ച് ഭർത്താവിന്റെ സഹായത്തോടെ വിദേശത്തേക്ക് പോകുക.” റീമയ്ക്ക് പക്ഷെ അത് സ്വീകാര്യമായിരുന്നില്ല. ബന്ധുക്കളും നാട്ടുകാരുമല്ല തന്റെ ഭാവി നിശ്ചയിക്കുന്നതെന്ന് അവള്‍ ദൃഢനിശ്ചയമെടുത്തു. “ഒരു സ്വതന്ത്ര സ്ത്രീയായി, സ്വയം പര്യാപ്തത നേടുക” എന്ന ലക്ഷ്യത്തോടെ പഠനം തുടര്‍ന്നു.

ലൂസിയാനയിലെ ലേക്ക് ചാൾസിലുള്ള മക്നീസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് കോഴ്‌സിന്റെ അഞ്ചാം സെമസ്റ്ററിൽ പങ്കെടുക്കാൻ യുഎസിലേക്ക് പറക്കാനൊരുങ്ങുകയാണ് ഈ ഇരുപതുകാരി.

ഇന്ന് നമ്മൾ കാണുന്ന പലർക്കും അവർ ആഗ്രഹിക്കുന്നപോലെ പഠിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അവർ ജീവിതത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന പലതും ചെയ്യാനും സാധിക്കാറില്ല. പലർക്കും പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ, അതെല്ലാം തരണം ചെയ്തു മുന്നോട്ട് പോകുമ്പോൾ നമുക്ക് നമ്മുടെ ആഗ്രഹം സഫലമാക്കാൻ കഴിയും. പഠിക്കുന്ന കാര്യത്തിൽ അല്ലെങ്കിൽ ഒന്നും നേടാൻ കഴിയുന്നില്ല എന്ന് തോന്നുമ്പോൾ തിരൂരില്‍ നിന്നുള്ള റീമ ഷാജിയെ ഓർക്കുക. ഈ 20-കാരിയുടെ ആത്മവിശ്വാസവും കഠിന പരിശ്രമവും എങ്ങിനെയാണ് എന്ന് മനസ്സിലാക്കിയാൽ നിങ്ങൾക്കും അതുപോലെ പലതും ജീവിതത്തിൽ നേടാൻ കഴിയും. കഠിനാദ്ധ്വാനത്തിലൂടെയാണ് റീമ ഈ നേട്ടം കൊയ്തത്.

കുറ്റിപ്പുറം എംഇഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥിയായ റീമ അമേരിക്കയിലെ ഗ്ലോബൽ അണ്ടർ ഗ്രാജുവേറ്റ് (യുജിആർഎഡി) എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള അഞ്ച് വിദ്യാർത്ഥികളിൽ ഒരാളാണ്. ഒരു യുഎസ് കോളേജിലോ യൂണിവേഴ്സിറ്റിയിലോ ഒരു സെമസ്റ്ററിനുള്ള മുഴുവന്‍ സ്കോളര്‍ഷിപ്പ് റീമയ്ക്ക് ലഭിക്കും. ഈ പ്രോഗ്രാമിന് കീഴിൽ, വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം നഗരത്തിൽ നിന്ന് അമേരിക്കയില്‍ അവര്‍ പഠിക്കുന്ന കോളേജിലേക്കോ സർവ്വകലാശാലയിലേക്കോ സൗജന്യ റൗണ്ട് ട്രിപ്പ് ടിക്കറ്റ് നൽകും.

ട്യൂഷൻ, താമസം, ഭക്ഷണം എന്നിവയുടെ ചെലവുകൾ സ്കോളർഷിപ്പിന് കീഴിൽ പരിരക്ഷിക്കപ്പെടും. കൂടാതെ, പ്രോഗ്രാമിന്റെ കാലയളവിൽ യുഎസിലെ ജീവിതച്ചെലവുകൾ നിറവേറ്റുന്നതിനായി ഒരു ചെറിയ സ്റ്റൈപ്പൻഡ് ലഭിക്കും. കഴിഞ്ഞ ജനുവരിയിൽ സ്കോളർഷിപ്പിന് അപേക്ഷിച്ച റീമ ടോഫൽ പരീക്ഷയ്ക്കും അഭിമുഖത്തിനും അടക്കം നിരവധി നടപടിക്രമങ്ങൾക്ക് ശേഷം നവംബർ 9 ന് തിരഞ്ഞെടുക്കപ്പെട്ടു.

“എന്തുകൊണ്ട് എന്നെ തിരഞ്ഞെടുക്കണം എന്ന് യു എസ് എംബസിയില്‍ അഭിമുഖം നടത്തിയ ഓഫീസര്‍ ചോദിച്ചപ്പോൾ, എന്നെപ്പോലുള്ള മറ്റ് പെൺകുട്ടികൾക്ക് അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ ഞാൻ ഒരു പ്രചോദനമാകുമെന്ന് ഞാൻ അവരോട് പറഞ്ഞു. ഞാൻ യുഎസിൽ നിന്ന് മടങ്ങിവരുമ്പോൾ, അവിടെ നിന്ന് ഞാൻ നേടിയ അറിവ് എന്റെ രാജ്യത്തെ വിദ്യാർത്ഥികൾക്കും കൈമാറും,” റീമ പറഞ്ഞു.

റീമയുടെ നേട്ടത്തിൽ ബന്ധുക്കൾ ഇപ്പോൾ അഭിമാനിക്കുന്നു. “വിദേശത്തു പോകാൻ ഞാൻ വിവാഹം കഴിക്കേണ്ടതില്ലെന്നും, ഭര്‍ത്താവിനെ ആശ്രയിക്കേണ്ടതില്ലെന്നും അവർ മനസ്സിലാക്കി,” റീമ പറയുന്നു. “എന്റെ പിതാവ് മരിച്ചതിന് ശേഷം എന്നെയും സഹോദരി തസ്‌നിമിനെയും പരിപാലിച്ചത് എന്റെ ഉമ്മ ജൗസിയ ഷാജിയാണ്. വിദ്യാഭ്യാസം നേടുന്നതിനും സ്വതന്ത്രമായി തുടരുന്നതിനുമുള്ള എന്റെ ഏറ്റവും വലിയ പ്രചോദനം എന്റെ ഉമ്മയാണ്. ഞാൻ ഉമ്മാടെ ഉപദേശം മാത്രമാണ് തേടിയത്,” റീമ പറഞ്ഞു.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് തന്നെയാണ് തന്റെ ജീവിതത്തിൽ വന്നിരിക്കുന്നത്. ഇത് കിട്ടിയില്ലെങ്കില്‍ കൂടി തന്റെ ശ്രമം ഉപേക്ഷിക്കില്ലായിരുന്നു എന്ന് റീമ പറയുന്നു. എന്തായാലും നിരവധി വിദ്യാർത്ഥികൾക്ക് പ്രചോദനമാണ് റീമ. റീമയ്ക്ക് കൈവന്ന മഹാഭാഗ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ ജീവിതത്തിൽ പല കാര്യങ്ങൾ ചെയ്യാനും മടുപ്പ് തോന്നുന്നവർക്ക് പലതും നേടാൻ കഴിയും. തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല ഒന്നിലും വിജയിക്കുന്നില്ല എന്ന ധാരണ മാറാൻ റീമയുടെ വിജയം സഹായിക്കും. കാരണം, ഒരുപാട് കഷ്ടപ്പെട്ടാണ് റീമ ഈ വിജയം കരസ്ഥമാക്കിയത്.

അമേരിക്കയിലെ കോഴ്സ് പൂര്‍ത്തിയാക്കി അടുത്ത വർഷം ജൂണോടെ നാട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന റീമ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പോലും അനുയോജ്യമായ വിദേശ സ്കോളർഷിപ്പ് നേടാനും വിദേശത്ത് പഠിക്കാനും ശ്രമിക്കണമെന്ന് ഊന്നിപ്പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment