“മന്ത്ര”യിലൂടെ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിനു പുതുയുഗപ്പിറവി

ഒരു സമൂഹം എന്ന നിലയിൽ മലയാളി ഹൈന്ദവ ജനത ലോകമാകെ വിവിധ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണ് കടന്നു പോകുന്നത്. നോർത്ത് അമേരിക്കയിലെ സാഹചര്യത്തിൽ പ്രസ്തുത സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറുവാൻ പര്യാപ്തമായ, മികച്ച രീതിയിൽ അതിന്റെ ഉന്നതിക്കായി പ്രവർത്തിക്കുന്ന പ്രാദേശിക സംഘടനകളും, അതേ മണ്ണിൽ തല ഉയർത്തി നിൽക്കുന്ന ഭാരതീയ സംസ്കൃതിയുടെ നേർകാഴ്ച്ചയായ കേരളീയ ക്ഷേത്രങ്ങളുമുണ്ട് എന്നത് വസ്തുതയാണ്. ആ സമൂഹത്തിനു പുതു ചൈതന്യം നൽകാൻ ഇവയെയെല്ലാം ഒരു ചരടിൽ കോർത്തുകൊണ്ട് ഒരു ദേശീയ ഹൈന്ദവ സംഘടന “മന്ത്ര” (Malayalee Association of North American Hindus – MANTRAH) പിറവിയെടുക്കുന്നു എന്ന് സസന്തോഷം അറിയിക്കുന്നു. സംഘടനയുടെ പ്രാരംഭ ഭാരവാഹികളെയും, പ്രവർത്തനങ്ങളെയും സംബന്ധിച്ച വിവരങ്ങൾ 2022 ജനുവരിയിൽ ഹ്യൂസ്റ്റണിൽ നിശ്ചയിച്ചിട്ടുള്ള ആദ്യത്തെ ജനറൽ ബോഡിക്കു ശേഷം ലഭ്യമാകും. അമേരിക്കയിലെ ക്ഷേത്ര നഗരി എന്നറിയപ്പെടുന്ന ഹ്യുസ്റ്റണിൽ 2023 ൽ നടത്തപ്പെടുന്ന ഗ്ലോബൽ കൺവൻഷനാവും സംഘടനയുടെ ആദ്യത്തെ കുടുംബ സംഗമം.

കേവലം രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉത്സവത്തിനപ്പുറം, സനാതന ധർമത്തിന്റെ നേരറിവുകൾ അനുഭവവേദ്യമാക്കാൻ ആഗ്രഹിക്കുന്ന നോർത്ത് അമേരിക്കയിലെ ഒരോ മലയാളി ഹൈന്ദവ കുടുംബത്തിനും ദൈനംദിന അടിസ്ഥാനത്തിൽ അതിനുള്ള അവസരമാണ് പുതിയ സംഘടനയുടെ ആവിർഭാവത്തോടെ കൈവരിക. സംഘടനാപരിചയം കൈമുതൽ ആയുള്ള വ്യക്തികളും സംഘടനകളും മുതൽ യുവ ശക്തിയുടെ ഊർജം ഉൾക്കൊണ്ടുകൊണ്ട് അമേരിക്കയിലെ മലയാളി ഹൈന്ദവ സമാജത്തിലെ പുതിയ തലമുറയ്ക്ക് നവചൈതന്യം നൽകാൻ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രാതിനിധ്യ സ്വഭാവത്തോടെ യുവ കുടുംബങ്ങളും “മന്ത്ര”യുടെ പിന്നിൽ അണിചേരും.

നോർത്ത് അമേരിക്കയിലും കേരളത്തിലും സമൂഹ പുനർനിർമാണത്തിനും സേവന സാംസ്കാരിക വാണിജ്യ വ്യവസായ രംഗങ്ങളിലും നിരവധി കർമ്മപരിപാടികൾ ആവിഷ്ക്കരിക്കാൻ ഈ നവ കൂട്ടായ്മ ലക്ഷ്യമിടുന്നു. പ്രസ്റ്റുത സംഘടനയിലെ അംഗത്വം ലോകത്തിലെ മലയാളി ഹിന്ദു കൂട്ടായ്‌മയുടെ ഏറ്റവും വലിയ ശൃംഖലയിലേക്കുള്ള പ്രവേശന കവാടമായിത്തീരുക എന്ന ആത്യന്തിക ലക്ഷ്യത്തോടെയാവും പ്രവർത്തനം ആരംഭിക്കുക. ഇതിനായി വിളിച്ചു ചേർത്ത ആദ്യ മീറ്റിംഗിൽ ഇരുന്നൂറിൽപരം കുടുംബങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുക്കുകയും, സംഘടനാ രൂപീകരണത്തിന്റെ പ്രാരംഭ നടപടികൾ കൈക്കൊള്ളുന്നതിനു വേണ്ടി അമേരിക്കൻ മലയാളി ഹൈന്ദവ സമൂഹത്തെ എന്നും മുന്നിൽ നിന്ന് ശക്തമായി നയിച്ചിട്ടുള്ള ശ്രീ ശശിധരൻ നായർ (ഹ്യൂസ്റ്റൻ), ശ്രീ ആനന്ദൻ നിരവേൽ (ഫ്ലോറിഡ), ശ്രീ രാജു നാണു (ന്യൂയോർക്ക്), ശ്രീ ജയ് ചന്ദ്രൻ (ചിക്കാഗോ), ഡോ. രേഖ മേനോൻ (ന്യൂജേഴ്‌സി) എന്നിവരടങ്ങുന്ന അഡ്വൈസറി കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുണ്ടായി. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ഒരു കണ്‍വെന്‍ഷന് ഉപരിയായി, “മന്ത്ര” കെട്ടുറപ്പുള്ള ഒരു ഹിന്ദു സംഘടനയാക്കി, എല്ലാ ഹിന്ദുക്കളും ഒരു കുടക്കീഴില്‍ അണിനിരക്കുന്ന സംഘടനയാക്കി മാറ്റുവാന്‍ അമേരിക്കൻ മണ്ണിൽ സനാതന ധര്‍മ്മത്തിന്റെ വേരുകൾ ശക്തമായി നിലനിർത്താൻ ആഗ്രഹിക്കുന്ന എല്ലാ കുടുംബാംഗങ്ങളെയും മന്ത്രയിലേക്ക് സ്വാഗതം ചെയ്യുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment