മാറുന്ന സിനിമാ ലോകവും മാറ്റപ്പെടുന്ന സിനിമാ ജീവിതവും: ബ്ലെസന്‍ ഹ്യൂസ്റ്റന്‍

കേരളത്തില്‍ സിനിമാ കൊട്ടക സംസ്ക്കാരത്തില്‍ നിന്ന് മാറി ഒ.ടി.ടി. സംസ്ക്കാരത്തിലേക്ക് പോകുന്നുയെന്നുവേണം കരുതാന്‍. ഈ അടുത്തകാലത്ത് പുറത്തിറങ്ങാന്‍ കാത്തിരുന്ന കുഞ്ഞാലി മരക്കാര്‍ ബിഗ് ബജറ്റ് സിനിമ തീയറ്ററുകള്‍ക്ക് കൊടുക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഒ.ടി.ടി.ക്ക് കൊടുക്കുകയുണ്ടായി. കുഞ്ഞാലി മരക്കാര്‍ സിനിമയുടെ നിര്‍മ്മാതാക്കളുടെ ഈ തീരുമാനം ഏറെ വിവാദത്തിന് കാരണമാകുകയും കേരളത്തിലെ സിനിമാ പ്രേമികളുടെ എതിര്‍പ്പിന് ഇടവരുത്തുകയും ചെയ്യുകയുണ്ടായി.

ഒ.ടി.ടി.യില്‍ നിന്ന് സിനിമ തീയറ്ററുകളിലേക്കും തീയറ്ററുകളില്‍ നിന്ന് സിനിമാ കൊട്ടകകളിലേക്കും അകലം കാലങ്ങളില്‍ക്കൂടി സംഭവിച്ചതാണ്. കാലങ്ങള്‍ മാറുന്നതനുസരിച്ച് തീയറ്ററുകളുടെയും സിനിമകളുടെയും രീതികളില്‍ മാറ്റം വന്നിട്ടുണ്ട്. തീയറ്ററുകളും സിനിമകളും മാറ്റങ്ങളില്‍ക്കൂടിയാണ് എന്നും കടന്നുപോയിട്ടുള്ളത്. പറമ്പില്‍ പായ് വിരിച്ച് തുറസ്സായ മണല്‍പ്പുറത്ത് വലിയ വെള്ളകെട്ടി അല്പം ഒച്ചയോടെ സിനിമ കാണിച്ചുകൊണ്ടായിരുന്നു സിനിമ എന്ന മഹാസംഭവത്തിന്‍റെ തുടക്കം. അന്ന് അതിനെ സിനിമാ പറമ്പ് എന്ന് വിളിച്ചിരുന്നു. ഇന്ന് എത്രപേര്‍ അതില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അല്ലെങ്കില്‍ ഇന്ന് ജീവിച്ചിരുന്നവരില്‍ ആര് അത് കണ്ടിട്ടുണ്ട്. പറയാന്‍ കഴിയില്ല.

പിന്നീട് അത് കൊട്ടകയിലേക്ക് മാറി. ഓലകൊണ്ടുള്ള മേല്‍ക്കൂരയും ചുമരുകളും കൊട്ടകകള്‍ പൂരപ്പറമ്പിനേക്കാള്‍ മെച്ചമാക്കിയപ്പോള്‍ സീറ്റിന്‍റെ ഘടനയിലും മാറ്റം വരുത്തി. തറ സീറ്റും ബഞ്ചും കൊട്ടകയിലെ മറ്റൊരാകര്‍ഷണ വസ്തുവായി. ടിക്കറ്റ് വില വ്യത്യസ്തമാക്കിയായിരുന്നു ഇതൊരു ലാഭമുള്ള വ്യവസായമായത്. ഇത് ലാഭമുള്ള വ്യവസായമായപ്പോള്‍ കൊട്ടകയില്‍ നിന്ന് മാറി തീയറ്റര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു. തറ സീറ്റും ബഞ്ചും സെക്കന്‍റ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ സീറ്റുകളില്‍ മാറ്റം വരുന്നു. അതോടൊപ്പം ഓലകൊണ്ടുള്ള മേല്‍ക്കൂരയും ചുമരുകളും മാറ്റി ഓടും ആസ്ബറ്റോസും ഇഷ്ടികയും സിമന്‍റും കൊണ്ടുള്ള മേല്‍ക്കൂരകളും ചുമരുകളുമായി മാറ്റങ്ങള്‍ വരുത്തി.

തീയറ്ററുകളില്‍ തന്നെ പിന്നീട് പല മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. റിസര്‍വ്വ് സീറ്റ് ബോക്സ് ബാല്‍ക്കണി തുടങ്ങിയവ കാലത്തിനനുസരിച്ച് ഉള്‍പ്പെടുത്തിക്കൊണ്ട് തീയറ്ററുകള്‍ ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെ സിനിമ വ്യവസായം ലാഭമുള്ള രീതിയിലേക്ക് മാറിക്കൊണ്ടിരുന്നു. മാറ്റങ്ങള്‍ക്കനുസരിച്ച് സിനിമ വ്യവസായം വന്‍ ലാഭമുള്ള വ്യവസായമായി മാറുകയും അഭിനേതാക്കള്‍ താരങ്ങളായി അറിയപ്പെടുകയും ചെയ്തു തുടങ്ങി. മറ്റുള്ള കലയേക്കാള്‍ ജനങ്ങള്‍ സിനിമ ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ സിനിമ കലകളുടെ രാജാവായി മാറി. അതിലെ കലാകാരന്മാരും കലാകാരികളും താരകുമാരന്മാരും കുമാരിമാരുമായി മാറി.

പ്രേക്ഷകര്‍ അഭിനേതാക്കളെ നേരിട്ട് കണ്ട് കല ആസ്വദിച്ചിരുന്ന മറ്റ് കലകളില്‍ നിന്ന് സിനിമ വ്യത്യസ്തമാക്കിയത് അവര്‍ പ്രേക്ഷകന്‍റെ മുന്നില്‍ നേരിട്ടെത്തുന്നില്ല എന്നതാണ്. അതോടെ പ്രേക്ഷകന്‍റെ മനസ്സില്‍ ആകാശങ്ങള്‍ക്കിടയില്‍ നിന്ന് ചിമ്മുന്ന നക്ഷത്രങ്ങള്‍ കണക്കെ ആകാംഷയും ആശ്ചര്യവുമുണ്ടാക്കുന്ന ഒരു വസ്തുവായി തിളങ്ങിനിന്നു. താരങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയപ്പോള്‍ അവരുടെ മൂല്യവും വര്‍ദ്ധിച്ചു. മറ്റ് കലാകാരന്മാര്‍ക്ക് നല്‍കിയിരുന്നതിന്‍റെ ഇരട്ടിയായി അവരുടെ വേതനം നല്‍കിയത്. അത് ആയിരങ്ങളില്‍ നിന്ന് പതിനായിരങ്ങളും അവിടെ നിന്ന് ലക്ഷങ്ങളും ഇപ്പോള്‍ കോടികളുമായി എത്തി നില്‍ക്കുമ്പോള്‍ ആ വ്യവസായം എത്രമാത്രം വലുതായിത്തീര്‍ന്നു എന്ന് പറയാം. അതില്‍ നിന്ന് വളരെയധികം ലാഭവും ഉണ്ടാക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും തീയറ്റര്‍ ഉടമകള്‍ക്കും സാധിച്ചു.

ഇതു മാത്രമല്ല സിനിമയുടെ മൊത്തത്തിലുള്ള ഘടനയിലും കാലങ്ങള്‍ മാറ്റം വരുത്തുകയും അതുവഴി ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലേക്ക് മാറുകയും ചെയ്തു. നിശബ്ദ ചലച്ചിത്രത്തില്‍ നിന്ന് ശബ്ദ ചലച്ചിത്രവും ബ്ലാക്ക് ആന്‍റ് വൈറ്റില്‍ നിന്ന് കളറും അതില്‍ നിന്ന് പല വകഭേദങ്ങളും ശാസ്ത്രപുരോഗതിക്കനുസരിച്ച് മാറ്റം വരുത്തിയതോടെ സിനിമ ശാസ്ത്രസാങ്കേതിക വിദ്യയില്‍ കൂടി കടന്ന് മറ്റൊരത്ഭുത ലോകത്തായി മാറിയെന്നു തന്നെ പറയാം.

ശാസ്ത്ര സാങ്കേതിക വിദ്യയില്‍ക്കൂടി സിനിമ വ്യവസായം മാറ്റങ്ങള്‍ക്ക് വിധേയമാകുകയും അതില്‍ക്കൂടി ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കലാരൂപവുമായി സിനിമ മാറിക്കഴിഞ്ഞു. സിനിമയെന്നത് ഇന്ന് കോടികള്‍ മുടക്കിയുള്ള ഒരു കലാവ്യവസായമാണ്. ഇത്രയും മുതല്‍ മുടക്കില്‍ ഒരു കലാരൂപവുമില്ലായെന്നു തന്നെ പറയാം. കലയോടൊപ്പം അത് ഒരു വന്‍ വ്യവസായമായി മാറിയപ്പോള്‍ അതില്‍ വന്‍ മുതല്‍മുടക്ക് ഉണ്ടാകുന്നുയെന്നതാണ് ഒരു സത്യം. കലയില്‍ ആവിഷ്ക്കാരത്തോടൊപ്പം ആത്മസംതൃപ്തിയാണ് ഉണ്ടാകുന്നതെങ്കില്‍ വ്യവസായത്തില്‍ ലാഭത്തിനാണ് പ്രാധാന്യം. വ്യവസായിയുടെ ലക്ഷ്യം ലാഭവും.

സിനിമാ വ്യവസായം മറ്റുള്ള വ്യവസായങ്ങള്‍ പോലെ നിശ്ചിത വ്യക്തികള്‍ക്ക് ലാഭം കൊയ്യാന്‍ കഴിയുന്ന ഒന്നല്ല. നിര്‍മ്മാതാവ് മുതല്‍ തീയറ്റര്‍ ഉടമ വരെയുള്ളവര്‍ക്ക് ഒരു സിനിമ വിജയിച്ചാല്‍ ലാഭത്തിന്‍റെ തോത് ലഭിക്കുമെന്നതാണ് സത്യം. അതുകൊണ്ടുതന്നെ ലാഭമെന്നത് ഒരാളിലേക്കോ ഒരു നിശ്ചിത വ്യക്തികളിലേക്കോ മാത്രമാകുന്നില്ല. ഇതില്‍ മുതല്‍ മുടക്കുന്നത് നിര്‍മ്മാതാവാണെങ്കില്‍ നിര്‍മ്മാതാവില്‍ നിന്ന് കൂടുതല്‍ പണം നല്‍കി വിതരണക്കാര്‍ വാങ്ങുന്നു. അവര്‍ തീയറ്ററുകള്‍ക്ക് പല രീതിയില്‍ പ്രക്ഷേപണ അവകാശം നല്‍കുന്നു. റിലീസിംങ്ങ് ആയ തുടക്കത്തില്‍ അത് മുന്തിയ തീയറ്ററുകള്‍ക്ക് നല്‍കികൊണ്ട് മുടക്കു മുതല്‍ നേടുമ്പോള്‍ ഒരു സിനിമയുടെ പകുതി വിജയമായിയെന്നു പറയാം. കൂടുതല്‍ ദിവസങ്ങള്‍ തീയറ്റര്‍ നിറഞ്ഞ് സിനിമ ഓടുമ്പോള്‍ മാത്രമെ അത് വിജയിച്ചുയെന്ന് പറയാന്‍ കഴിയൂ.

സിനിമാ മേഖല രണ്ടായി തരംതിരിക്കാം. കൊമേഷ്യല്‍ സിനിമയെന്നും ആര്‍ട്ട് സിനിമയെന്നും. ആര്‍ട്ട് സിനിമകള്‍ ലാഭത്തിലാശ്രയിച്ചായിരിക്കില്ല നിലനില്‍ക്കുന്നത്. എന്നാല്‍ കൊമേഷ്യല്‍ സിനിമകള്‍ ലാഭത്തിലാശ്രയിച്ചായിരിക്കും. സിനിമാ മേഖലയുടെ നിലനില്‍പ്പു തന്നെ കൊമേഷ്യല്‍ സിനിമയില്‍ കൂടിയാണ്. മികച്ച സിനിമയെന്ന് ആര്‍ട്ട് സിനിമയെയും കൊമേഷ്യല്‍ സിനിമയേയും വിളിക്കുമെങ്കിലും ജനപ്രിയ സിനിമ കൊമേഷ്യല്‍ സിനിമയില്‍ മാത്രമാണ്. അതുകൊണ്ടാണ് ജനപ്രിയ സിനിമക്ക് സംസ്ഥാന അവാര്‍ഡ് ഏതാനും നാളുകള്‍ക്ക് മുന്‍പ് തുടങ്ങി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആര്‍ട്ട് സിനിമയില്‍ പണച്ചിലവ് കുറവായിരിക്കും ഗുണമേډ കൂടുതലായിരിക്കും. കൊമേഷ്യല്‍ സിനിമയില്‍ പണച്ചിലവ് കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ അതില്‍ മുതല്‍മുടക്ക് കൂടുതലായിരിക്കും. മുതല്‍മുടക്കുന്നത് ലാഭം മുന്‍നിര്‍ത്തിയായിരിക്കും. മുതല്‍മുടക്കുന്ന നിര്‍മ്മാതാവ് ലാഭത്തെ ലക്ഷ്യമാക്കി സിനിമ നിര്‍മ്മിക്കുമ്പോള്‍ അയാള്‍ അത് നേടാനുള്ള മാര്‍ഗ്ഗമാണ് ചിന്തിക്കുക. ജനങ്ങളെ ആകര്‍ഷിക്കാന്‍ അതില്‍ക്കൂടി ലാഭം നേടാന്‍ കൊമേഷ്യല്‍ സിനിമകളില്‍ക്കൂടി അതിന്‍റെ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ ശ്രമിച്ചിട്ടുണ്ട്. അതാണ് മലയാള സിനിമാ കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുള്ളത്. സിനിമാ ലോകം ആധുനികതയെ എപ്പോഴും സ്വീകരിച്ചിട്ടുള്ളതും അതുകൊണ്ടാണ്. അതില്‍ നിന്ന് ആത്മസംതൃപ്തിയേക്കാള്‍ അധിക ലാഭം പ്രതീക്ഷിക്കുന്നതുകൊണ്ടാണ് സിനിമയെന്നത് പ്രേക്ഷകന് ആനന്ദം നല്‍കുമ്പോള്‍ അണിയറയിലുള്ളവര്‍ക്ക് അതില്‍ നിന്ന് ധനസമ്പാദനം ഉണ്ടാകുന്നതുകൊണ്ടാണ് സിനിമ വിനോദത്തോടൊപ്പം വ്യവസായവുമായത്.

തീയറ്ററില്‍ പോയിരുന്ന് സിനിമ ആസ്വദിച്ചിരുന്ന കാലത്തില്‍ നിന്ന് അല്പം വ്യതിയാനം ടി.വി.യുടെയും വീഡിയോയുടെയും വരവോടുകൂടി ഉണ്ടായി. തീയറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് കാണുന്നതിനേക്കാള്‍ വീട്ടിലിരുന്ന് സൗകര്യപ്രദമായി സിനിമ കാണാമെന്നതായിരുന്നു അതില്‍ എടുത്തു പറയാവുന്ന കാര്യം എ ക്ലാസ് തീയറ്ററില്‍ സിനിമ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞതിനു ശേഷമെ ആ സിനിമയുടെ വീഡിയോ ഇറങ്ങിയിരുന്നുള്ളു. അതിനും കൂറേക്കൂടി കഴിഞ്ഞ് മാത്രമായിരുന്നു ടി.വി.യില്‍ പ്രദര്‍ശനം. അതുകൊണ്ടുതന്നെ പ്രദര്‍ശനത്തിന്‍റെ തുടക്കത്തില്‍ കാണാന്‍ ഏറെക്കുറെ ജനങ്ങള്‍ക്ക് ആവേശമായിരുന്നു.

ഇനിയും ആ കാലവും കഴിയുന്നുയെന്ന് വേണം പറയാന്‍. ഒ.ടി.ടി.യില്‍ കൂടി സിനിമാ പ്രദര്‍ശിപ്പിച്ചു കഴിയുമ്പോള്‍ ദൃശ്യമാധ്യമരംഗത്ത് പുതിയ രീതിയാണ് സൃഷ്ടിക്കുന്നത്. വന്‍കിട ആഗോള കമ്പനികളില്‍ക്കൂടി ഒരു ദിവസംകൊണ്ട് ലോകം മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന സംവിധാനം ഒ.ടി.ടി. പ്ലാറ്റ്ഫോം ഒരുക്കുമ്പോള്‍ അവരുടെ അക്കൗണ്ടില്‍ കൂടി അതിന്‍റെ അംഗങ്ങള്‍ക്ക് ലോകത്ത് എവിടെ നിന്നും വിവിധ സാങ്കേതിക മാര്‍ഗ്ഗത്തില്‍ക്കൂടി കാണാന്‍ കഴിയും. അതിവിശാലമായ രീതിയില്‍ കാണണമെങ്കില്‍ ഹോം തീയറ്ററുള്‍പ്പെടെയും അതല്ല ഐ ഫോണില്‍ക്കൂടി കാണണമെങ്കില്‍ അതിനും കഴിയുന്ന രീതിയില്‍ സിനിമ പ്രദര്‍ശനം എന്നത് നമ്മുടെ കൈക്കുമ്പിളില്‍ ഉള്ള ഒരു തീയറ്ററായി മാറുമെന്നതാണ് സത്യം.

തീയറ്ററിലെ തിക്കും തിരക്കുമില്ല. ടാക്സ് ഉള്‍പ്പെടെ അതിഭീമമായ ടിക്കറ്റ് വില ഒഴിവാക്കാം. അങ്ങനെ പല ബുദ്ധിമുട്ടുകളും പണച്ചിലവും ഒഴിവാക്കി തീര്‍ത്തും സ്വകാര്യതയില്‍ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ അതുമല്ലെങ്കില്‍ തനിച്ചിരുന്നോ സിനിമ കണ്ടാസ്വാദിക്കാമെന്നതാണ് ഒ.ടി.ടി.യെന്ന ആധുനിക ലോകത്തിന്‍റെ സിനിമാ സങ്കല്പം. സ്വകാര്യതയേറെ ഇഷ്ടപ്പെടുന്ന ഒരു തലമുറയായി ആധുനിക തലമുറ വളര്‍ന്നു കഴിഞ്ഞപ്പോള്‍ ഇങ്ങനെയൊരു സംവിധാനം ഉപയോഗിക്കാന്‍ അവര്‍ക്ക് എന്നും താല്പര്യമെന്നു തന്നെ പറയാം.

കൈയ്യെഴുത്തില്‍ നിന്ന് ടൈപ്പ് റൈറ്റിലേക്കും അവിടെ നിന്ന് കമ്പ്യൂട്ടറിലേക്കും മനുഷ്യന്‍ മാറ്റപ്പെടുവാന്‍ കാലതാമസമെടുത്തിരുന്നില്ല. അതുപോലെ സിനിമാ ലോകവും അതിന്‍റെ തുടക്കമാണ് മരക്കാറില്‍ക്കൂടി നടക്കാന്‍ പോകേണ്ടിരുന്നത്. കേരളത്തിലെ സിനിമാ പ്രേമികളുടെയും സര്‍ക്കാരിന്‍റെ എതിര്‍പ്പുകളും നിര്‍ദ്ദേശങ്ങളെയും തുടര്‍ന്ന് മരക്കാര്‍ ഒ.ടി.ടി.യില്‍ പ്രദര്‍ശിപ്പിക്കുന്നില്ലായെങ്കിലും ഒ.ടി.ടി.യില്‍ക്കൂടി ഇനിയും മലയാള സിനിമ പ്രദര്‍ശനം ഉണ്ടായ്ക്കൂടായ്കയില്ല. ടാക്സ് ഇനത്തില്‍ വന്‍കിട തുക സര്‍ക്കാരിന് നഷ്ടമാകുമെന്നതാണ് സര്‍ക്കരിന്‍റെ എതിര്‍പ്പ് എങ്കില്‍ ബിഗ് സ്ക്രീന്‍ എന്ന സങ്കല്പത്തില്‍ നിന്ന് ഉടനൊരു മാറ്റമാഗ്രഹിക്കാത്തതാണ് സാധാരണക്കാരായ പ്രേക്ഷകരുടെ എതിര്‍പ്പ്. എന്നാല്‍ അതിന് മാറ്റമുണ്ടാകുന്ന കാലം വിദൂരമല്ല. അന്ന് ബിഗ് സ്ക്രീന്‍ സിനിമ ഒ.ടി.ടി.യെന്ന് അത്യന്താധുനിക സിനിമ ലോകത്ത് അന്യമാകും.

അങ്ങനെ സിനിമാ ലോകത്തേക്ക് ഒരു മാര്‍ഗ്ഗം കൂടി ഉണ്ടാകാന്‍ പോകുന്നു. ആ മാറ്റത്തോടെ സിനിമാലോകം മാറ്റപ്പെടുന്നില്ല എന്നാല്‍ ആ മാറ്റത്തില്‍ പലതും ചരിത്രത്തിന്‍റെ ഭാഗമായി മാറ്റപ്പെടും. ആ മാറ്റം ഉള്‍ക്കൊള്ളാന്‍ മലയാളക്കരയ്ക്കും കഴിയുമെന്ന് കാലം തെളിയിച്ചിട്ടുണ്ട്. അങ്ങനെ സിനിമാ ലോകത്തിന്‍റെ ഒരു മാറ്റത്തിന്‍റെ പടിവാതില്‍ക്കല്‍ നാമെത്തി നില്‍ക്കുന്നു. അതില്‍ക്കൂടി സിനിമാലോകം മറ്റൊരു സംസ്കാരത്തിന് തുടക്കമാകും അതിനെയും നമുക്ക് വരവേല്‍ക്കാം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment