അലബാമയിൽ വെടിയേറ്റു മരിച്ച മലയാളി പെൺകുട്ടിയുടെ കുടുബത്തിന് സഹായഹസ്തവുമായി ഫോമാ

അലബാമയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ അയൽവാസിയുടെ വെടിയേറ്റു മരിച്ച തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ മറിയം സൂസൻ മാത്യുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു ഇന്ത്യയിലും അമേരിക്കയിലുമുള്ള എംബസ്സിയുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതുൾപ്പടെയുള്ള എല്ലാ സഹായവും ഫോമാ നൽകുമെന്ന് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ ചിലവുകളും വഹിക്കുവാൻ ഫോമാ തയ്യാറാണെന്ന് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. വളരെ നിർഭാഗ്യകരവും, വേദനാജനകവുമായ സംഭവമാണ് ഉണ്ടായത്. നാല് മാസങ്ങൾക്ക് മുൻപ് മാത്രം ഗൾഫിൽ നിന്നും അമേരിക്കയിലെത്തിയ കുടുംബത്തിനുണ്ടായ ദാരുണമായ സംഭവത്തിൽ ഫോമ ദു:ഖം രേഖപ്പെടുത്തി.

കാലിഫോർണിയയിലും ടെക്സസ്സിലും അടുത്തിടെ മലയാളികൾക്ക് നേരെയുണ്ടായ സമാന സംഭവങ്ങളിൽ ദു:ഖിതരായ മലയാളികളെ വീണ്ടും കണ്ണീരിലാഴ്ത്തിയ മറിയം സൂസന്റെ മരണം ആകസ്മികമാണെന്ന് ഫോമാ വിശ്വസിക്കുന്നു. എന്നാൽ, മലയാളികൾക്ക് നേരെയുള്ള ഇത്തരം സംഭവങ്ങളിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിനും മലയാളികളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകാനും അധികൃതരുടെ ജാഗ്രതയും കരുതലും ഉണ്ടാകാനായി വിവരങ്ങൾ അധികൃതരെ അറിയിക്കുവാൻ ഫോമാ മുൻകൈ എടുക്കുമെന്ന് ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News