എം.വി. ചാക്കോയ്ക്ക് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ ആദരാഞ്ജലികൾ

ന്യൂയോർക്ക്‌: വെസ്റ്റ്‌ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ സ്ഥാപക പ്രസിഡന്റും മുൻ ട്രസ്റ്റി ബോർഡ് ചെയർമാനുമായിരുന്ന എം.വി. ചാക്കോയുടെ നിര്യാണത്തില്‍ വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

ഒരു ചരിത്രനിയോഗം പോലെ വെസ്റ്റ്‌ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുകയും ആദ്യത്തെ മൂന്നു വര്‍ഷക്കാലം അസ്സോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ടിക്കുകയും അസ്സോസിയേഷന് താങ്ങും തണലുമായി നിന്നിട്ടുള്ള എം.വി. ചാക്കോയുടെ സേവനം വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ എന്നും സ്മരിക്കപ്പെടും.

അമേരിക്കയിൽ മലയാളികൾ കുടിയേറുന്ന സമയത്തു തന്നെ വെസ്റ്റ്ചെസ്റ്ററിൽ ഉള്ള മലയാളികളെ സംഘടിപ്പിച്ചു മലയാളി ഐക്യത്തിന് നേതൃത്വം നൽകിയ ആദരണീയനായ എം വി ചാക്കോയുടെ സേവനം എത്ര പ്രശംസിച്ചാലും മതിയാവില്ല. ആദ്യകാലങ്ങളില്‍ വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ ആഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ മറ്റു സംസ്ഥാങ്ങളിൽ നിന്നുപോലും മലയാളികൾ എത്തിച്ചേർന്നിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തന മികവ് ഒന്നുകൊണ്ടു കൂടിയാണ് അസ്സോസിയേഷന് കേരളീയ തനിമയും നിറഭംഗികളും കൈമോശം വരാതെ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നാക്കി മാറ്റിയെടുക്കാൻ കഴിഞ്ഞത്.

തിരുവല്ല വളഞ്ഞവട്ടം സ്വദേശിയായ എം.വി ചാക്കോ, എട്ടു വര്‍ഷത്തോളം ഭീലായ് സ്റ്റീൽ പ്ലാന്റിൽ സൂപ്പര്‍‌വൈസറായി ജോലി ചെയ്തിട്ടുണ്ട്. ബോർഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍ (GREF) അഞ്ചു വർഷം സൂപ്പര്‍‌വൈസറായും മുബൈയില്‍ നാല് വർഷം സേവനം നടത്തി 1974-ലാണ് അമേരിക്കയില്‍ എത്തിയത്. പതിമുന്നു വർഷം ഡെല്‍ ഇലക്ട്രോണിക്സില്‍ സേവനമനുഷ്ടിച്ചു. പതിനെട്ട് വർഷക്കാലം ന്യൂയോർക്ക്‌ സിറ്റി ട്രാൻസിറ്റ് അഥോറിറ്റിയില്‍ ജോലി ചെയ്തതിനുശേഷം 2006-ല്‍ വിരമിച്ച് വിശ്രമജീവിതം നയിക്കുന്നതിനിടയിലും അസ്സോസിയേഷന്റെ എല്ലാ പരിപാടികളിലും നിറസാന്നിധ്യമായിരുന്നു.

ഭാര്യ ലീലാമ്മ പത്തനാപുരം പുന്നല വെട്ടശേരി കുടുംബാംഗമാണ്. മക്കൾ: ജയ, ഷിനോ, ജീമോൻ. മരുമക്കൾ: ലിജു, നീൽ, ഹെലൻ. എട്ട് കൊച്ചുമക്കളുമുണ്ട്. രാജു വർഗീസ്, എം.വി. എബ്രഹാം, അമ്മിണി, കുഞ്ഞുഞ്ഞമ്മ, ഏലമ്മ എന്നിവര്‍ സഹോദരങ്ങളാണ്.

എം.വി. ചാക്കോയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം, അദ്ദേഹത്തിന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നതായി പ്രസിഡന്റ് ഗണേഷ് നായർ, സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷറര്‍ രാജൻ ടി ജേക്കബ്, വൈസ് പ്രസിഡന്റ് കെ ജി ജനാർദ്ദനൻ, ജോ. സെക്രട്ടടറി ഷാജൻ ജോർജ്, ട്രസ്റ്റീ ബോർഡ് ചെയർ ചാക്കോ പി ജോര്‍ജ് (അനി), കമ്മിറ്റി അംഗങ്ങളായ ജോയി ഇട്ടൻ, തോമസ് കോശി, ശ്രീകുമാർ ഉണ്ണിത്താൻ, ജോൺ സി വർഗീസ്, ഫിലിപ്പ് ജോര്‍ജ്, ആന്റോ വർക്കി, ജോണ്‍ തോമസ്, ഇട്ടൂപ്പ് ദേവസ്യ, ലിജോ ജോൺ, ബിപിൻ ദിവാകരൻ, ഷോളി കുമ്പിളുവേലിൽ, സുരേന്ദ്രൻ നായർ, നിരീഷ് ഉമ്മൻ, പ്രിൻസ് തോമസ്, കെ. കെ. ജോൺസണ്‍, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ എം.വി. കുര്യൻ, ജോണ്‍ മാത്യു (ബോബി), രാജ് തോമസ്, കെ.ജെ. ഗ്രിഗറി, ഓഡിറ്റര്‍മാരായ ലീന ആലപ്പാട്ട്, മാത്യു ജോസഫ്, രാധാ മേനോൻ എന്നിവർ ഒരു അനുശോചനക്കുറിപ്പിൽ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News