കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം; ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി പുനർനിയമിച്ചതിനെതിരെ കേരള ഹൈക്കോടതിയിൽ ഹർജി.

ഡോ. രവീന്ദ്രന്റെ പുനർനിയമനം അദ്ദേഹത്തിന്റെ സംഭാവനകളുടെ ഏതെങ്കിലും സ്വതന്ത്രമായ വിലയിരുത്തലിന്റെയോ പരിഗണനയുടെയോ അടിസ്ഥാനത്തിലല്ലെന്ന് സർവകലാശാലയിലെ സെനറ്റ് അംഗങ്ങളായ പ്രേമചന്ദ്രൻ കീഴോത്തും അക്കാദമിക് കൗൺസിൽ അംഗമായ ഷിനോ പി ജോസും മുതിർന്ന അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം മുഖേന ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

സർവകലാശാല നിയമപ്രകാരം വൈസ് ചാൻസലർക്ക് നിയമന സമയത്ത് 60 വയസ്സ് പൂർത്തിയാകാൻ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ച് സർക്കാരിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ചാൻസലർ കൂടിയായ ഗവർണർ 61 വയസ്സുകാരനായ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്. യുജിസി റെഗുലേഷൻ പ്രകാരം രൂപീകരിച്ച വിസി നിർണയ സമിതി പിരിച്ചുവിട്ടത് അധികാര ദുർവിനിയോഗമാണെന്നതിനാൽ ഗോപിനാഥ്‌ രവീന്ദ്രന് വിസി യായി തുടരാൻ യോഗ്യതയില്ലെന്നും ഹർജ്ജിയിൽ പറയുന്നു.

ചാൻസിലർ,വൈസ് ചാൻസിലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, രജിസ്ട്രാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്.

യുജിസി ചട്ടങ്ങൾ അനുസരിച്ച്, സെർച്ച് കം സെലക്ഷൻ കമ്മിറ്റി മൂന്നോ അഞ്ചോ പേരെ ശരിയായ രീതിയിൽ തിരിച്ചറിഞ്ഞ് വൈസ് ചാൻസലർ തസ്തികയിലേക്ക് തിരഞ്ഞെടുക്കണമെന്നാണ് ഹർജിക്കാരുടെ വാദം. മൂന്നംഗ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നേരത്തെ പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിച്ചതിന് ശേഷം 2021 നവംബർ 24 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ നാല് വർഷത്തേക്കാണ് ഡോ. രവീന്ദ്രനെ വീണ്ടും നിയമിച്ചത്.

പുനർനിയമനം അസാധുവാണെന്നും നിയമപരമായി ആ പദവി വഹിക്കാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും ഹർജിക്കാർ പറയുന്നു.

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment