കാഞ്ഞിരപ്പള്ളി: പ്രളയത്തില്‍ കേടുപാടുകള്‍ വന്നതുമൂലം പൊതുജനങ്ങള്‍ക്ക് വാഹന ഗതാഗതം നിരോധിച്ചിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചതിനെതിരെ പ്രതിഷേധവുമായി പ്രദേശ വാസികള്‍. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്.
പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനാല്‍ പൊതുജനങ്ങളും അയ്യപ്പഭക്തരും കിലോമീറ്ററുകളോളം ചുറ്റിവളഞ്ഞാണ് യാത്ര ചെയ്യുന്നത്. 2017-ല്‍ പാലം അടിയന്തരമായി പുതുക്കി പണിയാൻ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ വിളിച്ച യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ, തീരുമാനങ്ങൾ എടുത്തതല്ലാതെ നടപടികളൊന്നും ഉണ്ടായില്ല. ശബരിമല ഭക്തരുടെ പ്രധാന പാതയിലെ പാലം ബലക്ഷയമായിട്ട് നാല് വർഷം പിന്നിട്ടിട്ടും പാലത്തിന്റെ കേടുപാടുകള്‍ നീക്കാനോ പുതുക്കിപ്പണിയാനോ യാതൊരു നീക്കവുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
മലയോര മേഖലയെ തകർത്ത കൂട്ടിക്കൽ ദുരന്ത ദിവസമാണ് 26-ാം മൈലിലെ ഈ പാലവും തകര്‍ന്നതും ഗതാഗതം നിരോധിച്ചതും. മുൻ വർഷങ്ങളിലെ പ്രളയം ബലക്ഷയം സൃഷ്ടിച്ച പാലത്തിന് അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം കൂടുതൽ ദുർബലമാക്കുകയായിരുന്നു. പിന്നീട് ദിവസങ്ങളോളം പാലത്തിലൂടെ ഒരു വാഹനവും കടത്തിവിട്ടിട്ടില്ല.
പോലീസ് വാഹനം പാലത്തിലൂടെ കയറുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശബരിമല ഡ്യൂട്ടിക്ക് പോയ പോലീസ് വാഹനമാണ് മറ്റ് ഭാരവാഹനങ്ങൾ പോകുന്ന റൂട്ടിൽ പോകാതെ പാലത്തിലൂടെ കയറിപോയത്. ആളുകൾ നോക്കിനിൽക്കേയാണ് പോലീസ് നടപടിയെന്നതാണ് ശ്രദ്ധേയം.
പ്രദേശവാസികളായ ചിലർ ഇരുചക്ര വാഹനം കയറ്റിയതറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് എത്തി പാലത്തിന്റെ രണ്ടു വശത്തും ബാരിക്കേഡ് വച്ച് അടയ്ക്കുകയും ചെയ്തു. പിന്നീട് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഇടപെട്ട ശേഷമാണ് ചെറിയ വാഹനങ്ങൾ പാലത്തിലൂടെ പോകാൻ അനുമതി നൽകിയത്. ദിവസങ്ങളായി എരുമേലി ഭാഗത്തു നിന്നുള്ള ബസുകൾ കിലോമീറ്ററുകൾ ചുറ്റി കടന്നുപോകുമ്പോഴാണ് പോലീസ് വാഹനം ബലക്ഷയമുള്ള പാലത്തിലൂടെ ഓടിച്ചുപോയത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news