ജെഫിന്‍ കിഴക്കേക്കുറ്റ് (22) ചിക്കാഗോയില്‍ വാഹനാപകടത്തില്‍ മരിച്ചു

ചിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ മകന്‍ ജെഫിന്‍ കിഴക്കേക്കുറ്റ് ഇന്നലെ അര്‍ദ്ധരാത്രി (തിങ്കളാഴ്ച) യില്‍ ചിക്കാഗോയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. ബിജു-ഡോളി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് 22-കാരനായ ജെഫിന്‍.

ചിക്കാഗോ നഗരത്തിന് സമീപം ഇർവിംഗ് പാർക്ക് & മാൻഹൈം റോഡിൽ ജെഫിൻ ഓടിച്ചിരുന്ന കാർ തെന്നി മാറി സമീപത്തുള്ള മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായതും മരണം സംഭവിച്ചതും.

ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്. ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്.

പൊതുദർശനം  വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിമുതല്‍ 9:00 മണിവരെയും, സംസ്കാര ശുശ്രൂഷകൾ  ശനിയാഴ്ച രാവിലെ 9 മുതൽ ചിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ആരംഭിക്കും. തുടർന്ന് മേരി ഹില്ലിലെ ക്നാനായ സെമിത്തേരിയിൽ സംസ്കരിക്കും.

നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയിൽ വെച്ച് നടത്തപ്പെട്ട ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ അന്താരാഷ്‌ട്ര മീഡിയാ കോൺഫറന്‍സില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിനോടൊപ്പം കോണ്‍ഫറന്‍സിലുടനീളം കര്‍മ്മനിരതനായിരുന്നു ജെഫിന്‍. ഓഡിയോ വിഷ്വലില്‍ പഠനം പൂർത്തിയാക്കിയതിന് ശേഷം, പിതാവിനെ ബിസിനസ് കാര്യങ്ങളിൽ സഹായിക്കുകയും അതോടൊപ്പം ഓഡിയോ വിഷ്വൽ മേഖലയിൽ സ്വന്തമായി പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഒരു സ്റ്റുഡിയോ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നതിനിടയിലാണ് ആകസ്മികമായി മരണം ജെഫിനെ തട്ടിയെടുത്തത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment