മരക്കാർ : മലയാള സിനിമയിൽ വീണ്ടും മണി കിലുക്കം (രഞ്ജിത് നായർ)

ലൂസിഫർ നൽകിയ മാസ് ഇല്ല, ദൃശ്യം നൽകിയ സസ്പെൻസ് ഇല്ല .. പക്ഷേ ഒരു ദൃശ്യ വിസ്മയം എന്ന നിലയിൽ മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഗംഭീര ചിത്രം തന്നെ മരക്കാർ. താര ആരാധനയോടെയല്ലാതെ, സിനിമ എന്ന കലാരൂപത്തെ സ്നേഹിക്കുന്നവർക്ക് തീർച്ചയായും മനസു നിറക്കുന്ന ചിത്രം തന്നെയാവും ഇത്. പടം എങ്ങനുണ്ട് ? കൊള്ളാമോ …സിനിമ കണ്ടു കഴിഞ്ഞാൽ ചോദിക്കാറുള്ള പതിവ് ചോദ്യം.. പക്ഷേ മരക്കാർ എന്ന സിനിമയെ ഒറ്റ വാക്കിൽ കൊള്ളാം എന്നോ കുഴപ്പമില്ല എന്നോ പറയുന്നത് ശരിയാവില്ല. ഗംഭീരം എന്ന് തന്നെ പറയാം.. റിസ്ക് എടുക്കുന്നവരെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു എന്ന് പറയാറുണ്ട്… ഈ റിസ്ക് കോറോണയെ മറി കടന്നു അവസാനം വിജയിച്ചിരിക്കുന്നു.. റിസർവേഷനിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കി മറികടന്ന വെല്ലുവിളി ജനാഭിപ്രായത്തിലും മുന്നേറും എന്ന് നിസംശയം പറയാം. ഒരു ചരിത്ര സിനിമയുടെ ആസ്വാദന നിലവാരം പ്രേക്ഷകരിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടാക്കിയാൽ പോലും, മരക്കാർ മലയാള സിനിമക്കു പൊൻതൂവൽ ആകും.

ദൃശ്യ ചാരുതയോടെ ഉത്സവം, ഒരു ചരിത്ര വീര പുരുഷനുള്ള ആദരം എന്നിങ്ങനെ ചിത്രത്തെ വിശേഷിപ്പിക്കാം. മോഹൻലാലിന്റെ വാണിജ്യപരമായ സാധ്യതകൾ ഉറപ്പാക്കി നിർമിച്ച ഒരു ചിത്രം സാമ്പത്തിക ലാഭത്തിനുമപ്പുറം, മദ്യവും ലോട്ടറിയും അല്ലാതെ അധികം വിജയകരമായ അധികം വ്യവസായങ്ങൾ ഒന്നും കണ്ടു ശീലിച്ചിട്ടില്ലാത്ത മലയാളിക്ക് ഒരു വിപണി സാധ്യത കൂടി തുറന്നു നൽകുന്നു മരക്കാർ. കൂടുതൽ ലോകോത്തര നിലവാരത്തിലുള്ള ചിത്രങ്ങൾ ഒരുക്കുവാൻ മലയാള സിനിമാ വ്യവസായത്തിനു ധൈര്യം പകരുന്ന ചിത്രം എന്ന് നിസംശയം പറയാം.

ബാഹുബലി പോലെയുള്ള ചിത്രങ്ങൾ കണ്ടു ശീലിച്ച പ്രേക്ഷകർക്ക് അതിനു മുകളിൽ പ്രതിഷ്ഠിക്കാൻ പറ്റില്ലെങ്കിലും മലയാള സിനിമയുടെ മൂല്യം ലോകത്തിനു മുൻപിൽ തുറന്നു കാണിക്കാൻ സഹായകരമാകും ഈ ചിത്രം. സിദ്ധാർഥ് പ്രിയദർശൻ അർഹിച്ച ദേശീയ അവാർഡ് തന്നെ എന്ന് സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ വിഷ്വൽ എഫ്ഫക്റ്റ് പ്രേക്ഷകർക്ക് കാണിച്ചു തരുന്നു. സിദ്ധാർഥ് തീർച്ചയായും ഇന്ത്യൻ സിനിമയിൽ വരവറിയിച്ച ചിത്രം കൂടിയാണ് മരക്കാർ. സിനിമയിലെ നടീനടന്മാരും മറ്റു സാങ്കേതിക പ്രവർത്തകരും സിനിമയിൽ കഴിവ് തെളിയിച്ചവരായതു കൊണ്ട്, ആ അനുഭവ പരിചയം സിനിമയിൽ ഗുണം ചെയ്തു എന്നതിനപ്പുറം പ്രത്യേകം പരാമർശ വിധേയം ആകേണ്ടതില്ല. എങ്കിലും പ്രിയനും ആന്റണിയും ലാലേട്ടനും ഉൾപ്പെട്ട ടീമിന് തങ്ങളുടെ ക്ലാസ് ഒരിക്കൽ കൂടി തെളിയിക്കാനായി എന്നതിൽ അഭിമാനിക്കാം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment