അനുമതിയുണ്ടായിട്ടും ഡിഗ്രി സീറ്റുകൾ വർധിപ്പിക്കാത്തത് പ്രതിഷേധാർഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട്: സർക്കാർ അനുമതിയുണ്ടയായിട്ടും കോഴിക്കോട് ജില്ലയിലുൾപ്പെടെ സംസ്ഥാനത്തെ നിരവധി കോളേജുകൾ സീറ്റുകൾ വർധിപ്പിക്കാൻ തയ്യാറാകാത്തത് വിദ്യാർത്ഥികളോടുള്ള കടുത്ത അനീതിയും പ്രതിഷേധാർഹവുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

പ്ലസ് ടു കഴിഞ്ഞ ആയിരക്കണക്കിന് വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കുമ്പോഴാണ് സർക്കാർ കോളേജുകൾ സീറ്റ്‌ വർധിപ്പിക്കാൻ മടി കാണിക്കുന്നത്. പേരാമ്പ്ര സി. കെ. ജി കോളേജ്, കൊടുവള്ളി ഗവ. കോളേജ്, മീഞ്ചന്ത ആർട്സ് കോളേജ്, കുന്നമംഗലം ഗവ. കോളേജ് മടപ്പള്ളി കോളേജ് തുടങ്ങി ജില്ലയിലെ എട്ടോളം കോളേജുകളിലായി രണ്ടായിരത്തോളം സറ്റുകൾ വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.എന്നാൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ കോളേജ് അധികൃതർ സീറ്റ്‌ വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ഇതിനു കാരണമായി കോളേജ് അധികൃതർ പറയുന്നത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ കോളേജ് അധികാരികളുടെ ഭാഗത്തുനിന്നുള്ള സമീപനം തികച്ചും വഞ്ചനാപരമാണ്.

പുതിയ സീറ്റുകൾ വർധിപ്പിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കോളേജുകളിൽ ഒരുക്കാൻ സർക്കാർ സന്നദ്ധമാകണം. ഉടൻ തന്നെ അനുവദിച്ച മുഴുവൻ സീറ്റുകളിലും വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി ജില്ലയിൽ നിലനിൽക്കുന്ന കടുത്ത വിദ്യാഭ്യാസ പ്രതിസന്ധിക്ക് നേരിയ പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ, ജനറൽ സെക്രട്ടറിമാരായ ലബീബ് കായക്കൊടി, സജീർ ടി.സി,ആയിഷ മന്ന, ആയിഷ പി. പി എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment