മലയാള സിനിമയിൽ സന്തോഷ് പണ്ഡിറ്റിന്റെ പേര് കുറേക്കാലം നിറഞ്ഞു നിന്നിരുന്നു. മലയാള സിനിമക്ക്മേൽപ്പടിയാൻ സമ്മാനിച്ച മുന്നേറ്റങ്ങളുടെ പേരിലല്ല, ഏറ്റവും മോശമായി എങ്ങിനെ സിനിമ പടച്ചു വിടാം എന്നതിന്റെ ക്രെഡിറ്റിലാണ് കുറേക്കാലം അയാൾ കളം നിറഞ്ഞാടിയിരുന്നത്. മുൻനിര നക്ഷത്രങ്ങളുടെ ആക്ഷേപങ്ങൾക്കും, ആരോപണങ്ങൾക്കും കുറിക്കു കൊള്ളുന്ന മറുപടികളുമായി സന്തോഷ് പണ്ഡിറ്റ് നട്ടെല്ല്നിവർത്തി നിന്നുകൊണ്ട് പ്രതികരിക്കുക വഴിയായിരിക്കണം, ഇപ്പോൾ അയാളെയും കൂട്ടിയിട്ടാണ് മുൻനിര സിനിമ പഴുത്തു ചീയുന്നത്.
മലയാള സിനിമക്ക് മാത്രമല്ല, സമകാലീന സാംസ്കാരിക രംഗത്തിനു തന്നെ അവമതിപ്പുണ്ടാക്കികൊണ്ട്, പുഴുത്തു നാറുന്ന ചിന്തകളും, പ്രവർത്തികളുമായി മുന്നേറുന്ന നക്ഷത്ര ചക്രവർത്തിമാരുടെ അമ്മത്തൊട്ടിലാണല്ലോ നമ്മുടെ ശിനിമാ രംഗം ?അതുകൊണ്ടാണല്ലോ അടച്ചിട്ട മുറിയിൽ ആരെടാ ചോദിക്കാൻ എന്ന ഭാവത്തോടെ ആക്രമണ തന്ത്രങ്ങൾ മെനയുന്നതും, ഒറ്റക്ക് പുറത്തിറങ്ങിയാൽ അണ്ടാവിക്കു തൊഴി കൊള്ളേണ്ടവന്മാരെ വരെ ചേർത്തു നിർത്തി അവർക്കു ചുറ്റും സംരക്ഷണ വലയം സൃഷ്ടിക്കുന്നതും ?
തന്റെ ഹംസ രഥത്തിനു വഴി മാറാഞ്ഞിട്ട് സ്വന്തം അമ്മയുടെ മുന്നിലിട്ട് മകനെ മർദ്ദിച്ച ഒരു മാടമ്പി തമ്പ്രാൻ. ഓടിപ്പിടഞ്ഞെത്തിയ അമ്മയെ തങ്ങളുടെ തറവാട്ടിൽ മാത്രം നിലവിലുള്ള ഒരു ആംഗ്യവും കാണിച്ചു മഹാൻ. ലോക കമ്യൂണിസത്തിന് തന്നെ നാണക്കേടുണ്ടാക്കിക്കൊണ്ട് ‘ഞങ്ങളാ ഭരിക്കുന്നത് ‘ എന്നൊരു വീര വാദവും. ‘അത് ഞമ്മളാ’ എന്ന് പറയുന്ന മറ്റൊരു സമകാലീന മമ്മൂഞ്ഞുകുട്ടി? ജനസേവനത്തിനായി എം.എൽ.എ കുപ്പായവും തുന്നിച്ചിട്ടിറങ്ങിയ ഒരു വ്യക്തിയിൽ നിന്നാണ് ഇതൊക്കെ ഉണ്ടായത് എന്നറിയുമ്പോൾ, മലയാളികൾ എന്ന നമ്മൾ പൊതു സമൂഹത്തിന്റെ ചാറൂറ്റി ജീവിക്കുന്ന മലഞ്ചാഴികളായി തീരുന്നുവോ എന്നൊരു സംശയം? അവസാനം ‘ലേലു അല്ലു, ലേലു അല്ലു’ പറഞ്ഞു തടി തപ്പിയെങ്കിലും ഇദ്ദേഹമാണ് മലയാള സിനിമയെ ഇനി നേർവഴിക്കു നയിക്കാൻ പോകുന്ന ഒരു തേരാളി.
വേറെയുമുണ്ട് കുറെ രാഷ്ട്രീയ സിനിമാക്കാർ. എം.പി. യുടെയും, എം.എൽ.എ യുടെയും ഒക്കെ കുപ്പായങ്ങളണിഞ്ഞ് ഡെൽഹീക്കും, തിരുവനന്തപുരത്തിനുമൊക്കെ വണ്ടി കയറിയതറിയാം. അവിടയോ, ഇവിടെയോ ‘കമാ’ ന്നൊരക്ഷരം പറഞ്ഞതായി ആരും കേട്ടിട്ടില്ല. പക്ഷെ, സിനിമയിൽ വലിയ നാവാണ്. ഇരയുടെ കൂടെയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് വേട്ടപ്പുലിയുടെ അണ്ട തഴുകിക്കൊണ്ടേയിരിക്കും.
ഇവന്മാരൊക്കെ കൂടിയാണ് നമ്മുടെ സിനിമാ രംഗം ഉദ്ദീപിപ്പിക്കാൻ പോകുന്നത്. സന്തോഷ് പണ്ഡിറ്റിനെ അന്ന്കുറ്റം പറഞ്ഞവർ ഇന്ന് പടച്ചു വിടുന്ന പ്രൊഡക്ടുകൾ ഒന്ന് കാണണം. ജീവിത യാഥാർഥ്യങ്ങൾ എന്നത് ഇന്നൊരു വിഷയമേയല്ല. മനുഷ്യാവസ്ഥ ഒരു മാനദണ്ഡവുമല്ല. അന്യഗ്രഹ ജീവികളെപ്പോലെ വട്ടു പിടിച്ച കുറേ കോലങ്ങൾ. അവരുടെ കാട്ടായവും, കോപ്രായവും കുത്തിനിറച്ച കുറെ സീനുകൾ. കാട്ടെലികളെപ്പോലെ ക്യാമറകൾ കരളുന്ന ശരീര ഭാഗങ്ങൾ എഛ്.ഡി. സാങ്കേതിക വിദ്യയിൽ കണ്ണിനു മുൻപിലെത്തിക്കുമ്പോൾ, സർക്കാർ ഔട്ട്ലെറ്റുകളില് നിന്നുള്ള ചാരായമടിച്ചു കിറുങ്ങിയിരിക്കുന്ന നമ്മുടെ ന്യൂജെൻ ആരാധകക്കുട്ടന്മാർക്ക് പരമ സുഖം. അവർ പണമെറിഞ്ഞു കൊള്ളും. എല്ലാവർക്കും കിട്ടും വീതം. അതാണ് നമ്മുടെ സിനിമാ ജീനിയസ്സുകളുടെ മഹത്തായ കലാസൃഷ്ടികൾ. ഇന്നത്തെ സിനിമ പറയുന്ന കാര്യങ്ങൾ, അവർ പേപ്പട്ടികളെപ്പോലെ കുരച്ചു തള്ളുന്ന പച്ചത്തെറികൾ, ഏതു നാട്ടിൽ, ഏതു കാട്ടിൽ ആണ് നടക്കുന്നത് എന്ന് അത് പടച്ചുണ്ടാക്കിയവർക്ക്പോലും നിശ്ചയമുണ്ടെന്ന് തോന്നുന്നില്ല.
ദശകങ്ങളിലേക്ക് നീണ്ടു നീണ്ട് കിടക്കുന്ന മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാല് മനുഷ്യ സാഹചര്യങ്ങളുടെ ഇരുൾക്കാടുകളിൽ വെളിച്ചമായി പരിണമിച്ച ചലച്ചിത്ര കാവ്യങ്ങൾ വളരെ വിരളമായേ സംഭവിച്ചുള്ളൂ എന്ന് കാണാവുന്നതാണ്. ആയിരക്കണക്കിന് സിനിമകൾ അനവരതം പിറന്നു വീണിട്ടും വിരലിലെണ്ണിത്തീർക്കാവുന്ന സിനിമകൾ മാത്രമാണ് മനുഷ്യാവസ്ഥക്ക് വെളിച്ചമായി പരിണമിച്ചത്? സൂകര പ്രസവം പോലെ ഇന്നും സിനിമകൾ പിറന്നു വീഴുന്നുണ്ടങ്കിലും ‘കലാരൂപങ്ങൾ ‘ എന്ന് പേരിട്ടുവിളിക്കാവുന്നവകൾ അവയിൽ ഒന്നെങ്കിലുമുണ്ടോ എന്ന് സംശയമാണ്.
ഏതൊരു കലാരൂപത്തിൽ നിന്നും ഒരു റവന്യൂ ഉദീരണം ചെയ്യേണ്ടതുണ്ട്. ആസ്വാദകന്റെ സംവേദന ക്ഷമതയിൽ ഇടിച്ചു കയറി നിന്ന് കൊണ്ട്, അവനും, അവൻ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഇന്നിനെക്കാൾ മെച്ചപ്പെട്ടനാളെയിലേക്കുള്ള പ്രയാണത്തിൽ വഴികാട്ടികളായി പരിണമിക്കേണ്ട ചൂണ്ടു പലകകളായിരിക്കണം ഈ റവന്യൂ. ഈ ലക്ഷ്യം സാധിച്ച സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട് എന്ന സത്യം അംഗീകരിക്കുമ്പോൾ തന്നെ ചാപിള്ളകളായി പിറന്നു വീണ് സമൂഹത്തെ മലീമസമാക്കിയ സിനിമകളുടെ മൃഗീയ ഭൂരിപക്ഷം കൊണ്ട് സമ്പന്നമാണ് മലയാളം എന്ന് കൂടി നമുക്ക് സമ്മതിക്കേണ്ടി വരും.
സിനിമ ഒരു വിനോദ ഉപാധിയാണ് എന്ന കാഴ്ചപ്പാട് സമൂഹത്തിന് സമ്മാനിച്ചത് ഏതു കുലദ്രോഹിയാണെന്ന്അറിയില്ലെങ്കിലും, ആ കാഴ്ചപ്പാടിൽ കുടുങ്ങിപ്പോയ ഉൽപ്പാദകരും, ഉപഭോക്താക്കളും കൂടിയാണ്കലാമൂല്യങ്ങളുടെ കഴുത്തറുത്ത് മലയാള സിനിമയെ വെറും ശവങ്ങളാക്കി മാറ്റിയതും, ആ ശവങ്ങളുടെ അളിഞ്ഞനാറ്റം ആസ്വദിച്ച് അത് കടിച്ചു കീറിത്തിന്നാൻ നമ്മുടെ സന്തോഷ് പണ്ഡിറ്റിന് പിന്നാലെ മലയാള സിനിമയിലെ മഹാരഥന്മാർ എന്ന് അവകാശപ്പെടുന്നവർ വരെ പാത്തും പതുങ്ങിയും എത്തിച്ചേർന്നു കൊണ്ടിരിക്കുന്നതും.
ഈ ശവങ്ങളിൽ നിന്ന് പുറത്തു വരുന്നത് നാറ്റം മാത്രമാണ്. ആ നാറ്റം ആവോളം ഏറ്റുവാങ്ങിയ മലയാളി സമൂഹമാണ് മനുഷ്യ മനസാക്ഷിയെ എക്കാലവും ഞെട്ടിച്ച കുലദ്രോഹികളായി പരിണമിച്ചതും, മദ്യ വാറ്റുകാരും, പണ്ടം പണയക്കാരും വൻകിട ബിസ്സിനസ്സ് ഗ്രൂപ്പുകളായി വളർന്നു പടർന്ന് കൊണ്ട്, സെക്സും, വയലൻസും വിലപേശി വിറ്റ്, കേരളീയ യുവത്വങ്ങളെ സെക്സ് ടൂറിസത്തിലേക്കും, കൊട്ടേഷൻ സംഘങ്ങളിലേക്കും, തീവ്രവാദ ഗ്രൂപ്പുകളിലേക്കും പ്രമോട്ട് ചെയ്തു കൊടുക്കുന്ന സാമൂഹ്യ ദുരവസ്ഥ സ്രുഷ്ടിച്ചെടുത്തതും.
സിനിമ ഒരു വിനോദ ഉപാധിയാണെന്ന് പറഞ്ഞു തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല. നമ്മുടെ കലാഭവൻ അച്ഛന്റെ മിമിക്രി ഇളിപ്പുകാർ സിനിമയിൽ കാലുറപ്പിച്ചു തുടങ്ങിയത് മുതലാണ് ഇത് വല്ലാതെ പറഞ്ഞു തുടങ്ങിയത് എന്ന് തോന്നുന്നു. പട്ടിയും, പൂച്ചയും കരയുന്നത് അനുകരിച്ചു കൊണ്ട് കടന്നു വന്ന മിമിക്രിക്കാരെകണ്ട് ആളുകൾ ചിരിച്ചു. ഈ ചിരി തങ്ങൾക്കുള്ള അംഗീകാരമാണെന്ന് ഇളിപ്പുകാർ കരുതി. കൂടുതൽ ഇളിപ്പിക്കാനായി കൂടുതൽ ഇളിപ്പൻ പരിപാടികളിലേക്ക് അവർ കടന്നു. രാഷ്ട്രീയക്കാരും, സിനിമാക്കാരും തികച്ചും ആക്ഷേപിക്കപ്പെട്ട് ഇളിപ്പൻമാരിലൂടെ പുനർജ്ജനിച്ചപ്പോൾ കരയാനാവാത്തതു കൊണ്ട് ജനം ചിരിച്ചു. പിന്നെപ്പിന്നെ ഈ വൈകൃതവൽക്കരണത്തിലൂടെ വ്യക്തികളെ തങ്ങൾ മഹത്വവൽക്കരിക്കുകയാണെന്ന് വരെ ഇളിപ്പൻമാർ പറഞ്ഞു നടന്നു. ഇവർക്ക് വേണ്ടി കൂടുതൽ ഇളിച്ചത് ഇവർ തന്നെയായിരുന്നു. പരസ്പ്പര സഹായസഹകരണ സംഘത്തിലൂടെയുള്ള ഒരു പുറം ചൊറിയൽ പരിപാടി. ആർക്കും നഷ്ടമില്ല. ഒരുത്തന്റെ പുറം ചൊറിഞ്ഞു കൊടുക്കുമ്പോൾത്തന്നെ സ്വന്തം പുറം ചൊറിഞ്ഞു കിട്ടുന്നതിന്റെ സുഖവും ഇവർ അനുഭവിക്കുന്നു.
നാടോടുമ്പോൾ നടുവേ ഓടേണ്ട നിസ്സഹായരായ പൊതുജനം ഇതെല്ലാം കണ്ടു നിന്നു. അവരുടെ മുഖത്ത് വലിഞ്ഞു മുറുകിയ മാംസ പേശികൾ വിരിയിച്ചെടുത്ത ഭാവം ചിരിയാണെന്ന് തല്പര കക്ഷികൾ പറഞ്ഞു പരത്തി. യാഥാർഥത്തിൽ ഇത് ചിരിയായിരുന്നില്ല. തങ്ങളുടെ മഹത്തായ കലാ- സാംസ്ക്കാരിക പാരമ്പര്യങ്ങളെ പേപ്പട്ടികളെപ്പോലെ കടിച്ചു കീറുന്ന കശ്മലന്മാരെ കൊല്ലാൻ കഴിയാത്തതിലുള്ള അമർഷം വലിഞ്ഞു മുറുകിയമുഖഭാവത്തെയാണ്, ചാനലുകാർ ഉൾപ്പടെയുള്ളവർ ചിരിയായി തെറ്റിദ്ധരിക്കപ്പെട്ടതും, തങ്ങളുടെ ഇടങ്ങൾ ഇളിപ്പൻമാർക്കു വേണ്ടി മലർക്കെ തുറന്നിട്ടതും.
ഇത്തരം ഇളിപ്പുകാർ സിനിമാ രംഗം കീഴടക്കിയതോടെ സിനിമയിൽ നിന്നുള്ള റവന്യൂ ഇളിപ്പു മാത്രമായി ചുരുങ്ങി. സിനിമ കണ്ടിറങ്ങിയ അപ്പൻ അമ്മയെ നോക്കി ഇളിച്ചു. അപ്പനും അമ്മയും കൂടി മക്കളെ നോക്കി ഇളിച്ചു. ആങ്ങള പെങ്ങളെ നോക്കി ഇളിച്ചു. പെങ്ങൾ അയൽക്കാരനെ നോക്കി ഇളിച്ചു. ആകെ ഇളിപ്പു മയം. ഇളിപ്പൻ കേരളം. കേരളത്തിലെ ജനങ്ങൾ ഇളിക്കാനായി ജനിക്കുന്നു; ഇളിച്ചു കൊണ്ടേ വളരുന്നു; ഇളിച്ചു കൊണ്ടേ തന്നെമരിക്കുന്നു. കേരളത്തിലെ ട്രോപ്പിക്കൽ കരിമണ്ണ് തരിശുകളായി പടരുന്നു, പൊതുസ്ഥലങ്ങളും, തെളിനീർ പുഴകളും അഴുക്കു മാലിന്യം പേറി നശിക്കുന്നു, ആർക്കും ഒന്നിനും നേരമില്ല, ടി.വി. യിലെ ഇളിപ്പൻ കോപ്രായം കണ്ട് മയങ്ങണം, അത്ര തന്നെ. മാലിന്യത്തിന്റെ കാര്യം പോകട്ടെ, അതിനല്ലേ ഞങ്ങൾ വോട്ടു കൊടുത്ത്ജയിപ്പിച്ച സർക്കാറുള്ളത് എന്നാണ് ചോദ്യം. സർക്കാർ അരി തന്നാൽ മാത്രം പോരാ, മുഖ്യമന്ത്രി നേരിട്ട് വന്ന് കഞ്ഞി വച്ച് തരണം – എന്നാലേ ഞങ്ങൾ കുടിക്കൂ എന്നാണു വാശി ! ജീവിതത്തിന്റെ സീരിയസ്നെസ്സ് കൈമോശം വന്ന ഒരു ജനതയ്ക്ക് ഭവിച്ച മഹാ ദുരന്തം !
ഇളിപ്പിന് സപ്പോർട്ടേകാൻ സിനിമയിൽ കുലുക്ക് വന്നു. ടീനേജ് യൗവനങ്ങൾ തങ്ങളുടെ മുഴുത്ത അവയവങ്ങൾ കുലുക്കിയാടി. തലയും, താടിയും നരച്ച നായകക്കിളവന്മാർ അവർക്കൊപ്പം അറിഞ്ഞാടി. ഈ ആട്ടത്തിനെ അതിന്റെ ഉപജ്ഞാതാക്കൾ സിനിമാറ്റിക് ഡാൻസ് എന്ന് വിളിച്ചു. ഭാഷാ പരിചയമുള്ളവർ ഇതിനെ ‘ലിംഗ സ്ഥാനചടുല ചലനം’ അഥവാ, അരയാട്ട് നൃത്തം എന്ന് വിളിച്ചു. അത്രക്ക് ലോക പരിചയമില്ലാത്ത നാട്ടിന്പുറത്തുകാർ എളുപ്പത്തിൽ ഇതിനെ ‘അണ്ടയാട്ട് ‘ എന്ന് വിളിക്കുന്നു. അറിയാതെ വിളിച്ചു പോയതാണെങ്കിലും ഇത്തരം നൃത്തത്തിൽ അണ്ടയാണല്ലോ അമിതമായി ആടുന്നത്.
മനഃസുഖം തേടി തീയറ്ററിലെത്തുന്ന ആസ്വാദകന്റെ ഉള്ള മനഃസുഖം കൂടി അവിടെ നഷ്ടമാവുന്നു. നീറുന്ന ജീവിത പ്രശ്നങ്ങളെ ധീരമായി നേരിടാനുള്ള പോർമുഖങ്ങളൊന്നും അവൻ തീയറ്ററിൽ കണ്ടെത്തുന്നില്ല. പിന്നെ പുറത്ത് ലഭ്യമാവുന്ന പോർമുഖം തന്നെ ശരണം. അത്തരം പോർമുഖങ്ങളാണല്ലോ നമ്മുടെ സർക്കാർ സ്വന്തം ഔട്ട്ലെറ്റുകളിലൂടെ മഹാ നഗരങ്ങൾ മുതൽ മഞ്ചാടിക്കുന്ന് വരെയുള്ള ഇടങ്ങളിൽ തലങ്ങും വിലങ്ങും വിറ്റുകൊണ്ടിരിക്കുന്നത്. ഈ അമൃത പാനീയം വാങ്ങാനാണല്ലോ ആഴ്വാരി തമ്പ്രാക്കളും അടിമപ്പുലയനും ഒരുമയോടെ ഒരേ ക്യൂവിൽ വൈരം മറന്ന് കാവൽ നിൽക്കുന്നതും, ആളും, തരവും, മതവും, രാഷ്ട്രീയവും മറന്ന് പരസ്പരം ‘അളിയാ’ എന്ന് വിളിച്ച് ആലിംഗനം ചെയ്യുന്നതും.
കലാരൂപങ്ങൾ മനുഷ്യന്റെ ജീവിത പ്രശ്നങ്ങളിലേക്ക് ഇറങ്ങണം. ജീവിത ഭാരത്തിന്റെ ചുമടും പേറി വരുന്നഅവന് ആശ്വാസത്തിന്റെ അത്താണിയാവണം. പ്രശ്നങ്ങളുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന അവന് കരയിലെത്താനുള്ള കൈത്താങ്ങാവണം. സർവോപരി, സമൂഹത്തെ നേർവഴിക്കു നയിക്കുവാനും, നടത്തുവാനുമുള്ള വിളക്കു മരങ്ങളാവണം.
രണ്ടാം ലോക മഹാ യുദ്ധത്തിൽ തകർന്നടിഞ്ഞ പടിഞ്ഞാറൻ നാടുകളെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതിൽ ഹെമിംഗ്വേയുടെ ‘കിഴവനും കടലും’ വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നു. തന്റെ ചൂണ്ടയിൽ കുടുങ്ങിയ വിലയേറിയ വലിയ മത്സ്യത്തെ കരയിലെത്തിക്കുവാൻ ഏകനായി പാട് പെടുന്ന കിഴവൻ സ്വപ്നങ്ങൾ വിടരുന്ന മനസ്സുമായി ജീവിക്കുന്ന മനുഷ്യന്റെ പ്രതീകമാണ്. മൂന്നു രാപ്പകലുകളിലായി നീളുന്ന കിഴവന്റെ സമരത്തിൽ അയാൾ നേരിടുന്ന യാതനകൾ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് അനാവരണം ചെയ്യുന്നത്. ചോരയുടെ മണം പിടിച്ചെത്തിയ കൂറ്റൻ സ്രാവുകൾ കിഴവന്റെ മൽസ്യത്തിൽ നിന്നും ഓരോ കടിയിലും കുറേ റാത്തലുകൾ അപഹരിക്കുകയാണ്. പങ്കായവും, ചൂണ്ടത്തണ്ടും, വിളക്കു കുറ്റിയും കൊണ്ട് കിഴവൻ സ്രാവുകളെ നേരിടുകയാണ്. സ്രാവുകൾ കുറെ കടിച്ചെടുത്താലും ബാക്കിയുള്ളത് വിറ്റ് തന്റെ ശിഷ്ടകാലം സുഖമായി ജീവിക്കാം എന്നതാണ് കിഴവന്റെ സ്വപ്നം.
നിരന്തരമായ സമരങ്ങൾക്കൊടുവിൽ ഒരു പ്രഭാതത്തിന്റെയോരത്ത് കിഴവൻ കരയിലെത്തുന്നു. വഞ്ചി വലിച്ചടുപ്പിച് അതിൽ ചേർത്തു കെട്ടി വച്ച തന്റെ വിലയേറിയ ‘മാർലിൻ’ മത്സ്യത്തെ കിഴവൻ നോക്കി. സ്രാവുകൾ തിന്നു തീർത്തതിന്റെ ബാക്കി ഒരു വലിയ മീൻമുള്ള് മാത്രം. ഒരു റാത്തൽ പോലുമവശേഷിപ്പിക്കാതെ മുഴുവൻ സ്രാവുകൾ കൊണ്ട് പോയിരിക്കുന്നു…
തന്റെ കുടിലിലേക്ക് ആടിയാടി നടക്കുന്നതിനിടയിൽ ഇനി മൽസ്യ വേട്ടയ്ക്കില്ലെന്ന് കിഴവൻ തീരുമാനമെടുത്തു. ആഫ്രിക്കൻ കാടുകളിൽ അലറി നടക്കുന്ന സിംഹങ്ങളെ വേട്ടയാടിപ്പിടിക്കലാവാം തന്റെ അടുത്ത തൊഴിൽ എന്നും കിഴവനുറച്ചു.
തന്റെ കുടിലിൽ, ഒരു കാലിറക്കി, മറു കാൽ കയറ്റി കമിഴ്ന്നു കിടന്ന് കിഴവനുറങ്ങുകയാണ്….അലറുന്ന ആഫ്രിക്കൻ സിംഹങ്ങളെ താൻ വേട്ടയാടിപ്പിടിക്കുന്നത് സ്വപ്നത്തിൽ കണ്ടു കൊണ്ട്…. സാഹചര്യങ്ങളുടെ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയായി കിഴവനെ ഇവിടെ ഹെമിംഗ് വേചിത്രീകരിക്കുന്നു!
ജന പഥങ്ങളെ ആവേശം കൊള്ളിക്കുന്ന ഇത്തരം കലാരൂപങ്ങൾ ലോകത്താകമാനം സംഭവിച്ചിട്ടുണ്ട്. ക്ലാസിക്കുകൾ എന്ന് തന്നെ വിളിച് കാലം അവകളെ ആദരിക്കുന്നു !
മനുഷ്യന്റെ ഉൾക്കാഴ്ചകളെ വികസ്വരമാക്കി അവനെ മുന്നോട്ടു നയിക്കുന്ന ഇത്തരം രചനാ വിസ്പോടനങ്ങൾ മലയാളത്തിലെ സിനിമയിലോ, സാഹിത്യത്തിൽ തന്നെയുമോ സംഭവിച്ചിട്ടുണ്ടന്ന് എനിക്ക് തോന്നുന്നില്ല. കുറേ ആഢ്യന്മാരും അവരുടെ ആശ്രിതന്മാരും അങ്ങിനെ പറഞ്ഞു കൊണ്ട് നടക്കുന്നുണ്ട് എന്നേയുള്ളു. ഒരു ‘ദുരവസ്ഥക്കും, വാഴക്കുലക്കും’ ശേഷം വന്ന ഒരേയൊരു മുന്നേറ്റം ഞാൻ കാണുന്നത് ‘വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനി’ ലും മാത്രമാണ്. ഇടക്ക് പിറന്നു വീണ പതിനായിരങ്ങൾ…ഒന്നിനും ഒരു ജീവനില്ല. കൊട്ടിഘോഷിക്കപ്പെടുന്ന ‘ചെമ്മീനി’ ൽ പോലും ഒരു സ്രാവും മൂന്നു മനുഷ്യരും ചത്തു മലച്ചു കരയ്ക്കടിയുന്നതേയുള്ളു… വെല്ലുവിളികൾ ഉയർത്തി ജീവിതം എന്ന കടൽ പിന്നെയും അലയടിക്കുന്നു.
സമീപകാല മലയാള സിനിമകളെപ്പറ്റി ഒന്നും പറയാനില്ല. അവയിലധികവും കലാരൂപങ്ങളേയല്ലാ, വെറും കശാപ്പുശാലകൾ മാത്രമാണ്. അവിടെ തൂക്കി വിൽക്കുന്ന അളിഞ്ഞ വസ്തുക്കളുടെ നാറ്റം ആസ്വദിച്ച് മലയാള പ്രേക്ഷകൻവളർന്നു മുറ്റുന്നതിന്റെ സമകാലീന നേർചിത്രങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്ന ആസുര ഭീകര സംഭവ പരമ്പരകൾ.
സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരന്മാരുടെ വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്നുള്ളതിലധികവും വെറും പൊങ്ങുതടികൾ മാത്രമാണ്. തങ്ങളിൽ നിക്ഷിപ്തമായ കഴിവുകളിൽ അവർ വിശ്വാസം അർപ്പിക്കുന്നില്ല, മറിച്ചു ഭാഗ്യം തേടിയാണ് അവരുടെ അലച്ചിൽ. അതിനായി ആരുടെ കാലും നക്കും, ആരുടെ അണ്ടയും താങ്ങും.
ഇതറിയുവാൻ നമ്മുടെ മുഖ്യധാരാ നക്ഷത്രങ്ങളുടെ വേഷ ഭൂഷാദികൾ ഒന്ന് ശ്രദ്ധിച്ചാൽ മതിയാവുന്നതാണ്. മിക്കവരുടെയും കഴുത്തിലും, കാതിലും, കൈയ്യിലുമൊക്കെ കുറെ എംബ്ലങ്ങൾ കെട്ടിത്തൂക്കിയിട്ടുണ്ടാവും; ഭാഗ്യം വന്നു ചേരാനായി അവയൊക്കെ ആരെങ്കിലും പൂജിക്കുകയോ, വെഞ്ചരിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ടാവും. പിന്നെ വിവിധ നിറങ്ങളിലുള്ള കുറെ ചരടുകൾ. മിക്ക അവയവങ്ങളിലും അതും ബന്ധിച്ചിട്ടുണ്ടാവും. ഏതോ അമ്മയോ, അപ്പനോ ജപിച്ചു കൊടുത്ത അതും കെട്ടി നടന്നാൽ തത്ര ഭവാന് വെച്ചടി വെച്ചടി കയറ്റമുണ്ടാവുംഎന്നാണ് വിശ്വാസം. വിശ്വാസം ആണല്ലോ എല്ലാം.
ഇത്തരക്കാരുടെ കൂട്ടായ്മയാണ് സിനിമ പടച്ചുണ്ടാക്കുന്നത്. ഈ സിനിമകളിൽ സംസ്ക്കാരത്തെഉൽഗ്രന്ഥിപ്പിക്കുന്ന ആത്മാവുണ്ടാവുകയില്ല. കണ്ണുണ്ടെങ്കിലും കാണാനാവാത്ത, കാതുണ്ടെങ്കിലും കേൾക്കാനാവാത്ത വെറും ശവങ്ങൾ.
ഈ ശവങ്ങൾ ഉണ്ടാക്കുന്ന നാറ്റം കഴുകന്മാരെ ആകർഷിക്കുന്നു. കഴുകന്മാർക്ക് വേണ്ടത് അളിഞ്ഞ ശവങ്ങളാണ്. ലക്ഷ്യബോധമോ, സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത പക്കാ ക്രിമിനലുകൾ നിയന്ത്രിക്കുന്ന മലയാള സിനിമാരംഗം വേണ്ടുവോളം അതുൽപ്പാദിപ്പിച്ചു വിടുന്നത് കൊത്തിത്തിന്നിട്ടാണ് നമ്മുടെ ജീവിത പരിസ്സരങ്ങളിൽ പോലും മനുഷ്യക്കഴുകന്മാർ ചോരക്കണ്ണുകളുമായി വട്ടമിട്ടു പറക്കുന്നത്.
സിനിമ ഉൾപ്പടെയുള്ള മലയാളത്തിലെ സാംസ്കാരിക രംഗത്തിന് ഒരു തിരിച്ചു നടത്തം അനിവാര്യമായിരിക്കുന്നുഎന്ന് എനിക്ക് തോന്നുന്നു. ” ജന സമൂഹങ്ങളിൽ പ്രവാചകന്റെ സ്ഥാനമാണ് എഴുത്തുകാരന് ( കലാകാരന് ) ഉള്ളത്. അവന്റെ ആശയങ്ങളെ കൂടി ഉൾക്കൊണ്ടു കൊണ്ട് ആയിരിക്കണം അധികാരികൾ ഭരണ നിർവഹണംനടത്തേണ്ടത്. ” എന്നെഴുതിയ ബഹുമാന്യനായ ശ്രീ നൈനാൻ മാത്തുള്ളയുടെ ഇവിടെ ഓർമ്മിക്കുന്നു. അങ്ങിനെചിന്തിക്കുമ്പോൾ, യദാർത്ഥ പ്രവാചക സാന്നിധ്യത്തിന്റെ അഭാവമായിരിക്കണം ഇന്നത്തെ സമൂഹത്തിന്റെ എല്ലാപ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം എന്ന് വിലയിരുത്തപ്പെടാവുന്നതാണ്.
‘ ഫലം കൊണ്ട് വൃക്ഷത്തെ അറിയണം ‘ എന്ന ചിന്ത ഇന്നും പ്രസക്തമാണ്. ‘വൃക്ഷങ്ങളുടെ ചുവടുകളിൽകോടാലി വച്ചിരിക്കുന്നു, നല്ല ഫലം കായ്ക്കാത്തവ വെട്ടി തീയിൽ ഇട്ടു ചുട്ടു കളയും ‘ എന്ന ബൈബിൾപ്രഖ്യാപനം ഇന്നും ഏവർക്കുമുള്ള ഒരു മുന്നറിയിപ്പാണ്. കാലത്തിന്റെ കോടാലിയും തോളിലേന്തി വെട്ടുകാരൻവരുന്നുണ്ട്. ഏതൊക്കെ വടവൃക്ഷങ്ങളാണ് ചുവട് മുറിഞ് തീയിൽ പതിക്കാൻ പോകുന്നതെന്ന് നമുക്ക് കാത്തിരിക്കാം…