മിഷിഗൺ ഹൈസ്‌കൂൾ വെടിവെപ്പ്: ഏഥന്‍ ക്രംബ്ലിയുടെ മാതാപിതാക്കള്‍ കസ്റ്റഡിയില്‍; മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

ഷിക്കാഗോ : മിഷിഗണിലെ ഓക്‌സ്‌ഫോർഡ് ഹൈസ്‌കൂളിലെ വെടിവെപ്പില്‍ നാല് വിദ്യാർത്ഥികളെ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വെടിവെപ്പ് നടത്തിയ 15 വയസ്സുകാരന്‍ ഏഥന്‍ ക്രംബ്ലിയുടെ മാതാപിതാക്കൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് നാല് കുറ്റങ്ങൾ ചുമത്തിയതായി ഓക്ക്‌ലാൻഡ് കൗണ്ടി പ്രോസിക്യൂട്ടർ പത്രസമ്മേളനത്തിൽ പറഞ്ഞു.

കുറ്റം തെളിഞ്ഞാൽ എഥൻ ക്രംബ്ലിയുടെ മാതാപിതാക്കളായ ജെന്നിഫറിനും ജെയിംസ് ക്രംബ്ലിക്കും 15 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.

“തോക്കുടമകൾക്ക് ഉത്തരവാദിത്തമുണ്ട്” എന്ന സന്ദേശമാണ് ഈ കുറ്റം ചുമത്തുന്നതില്‍ നൽകുന്നതെന്ന് ഓക്ക്ലാൻഡ് കൗണ്ടി പ്രോസിക്യൂട്ടർ കാരെൻ മക്ഡൊണാൾഡ് പറഞ്ഞു. “ആ ഉത്തരവാദിത്തം നിറവേടുന്നതില്‍ അവർ പരാജയപ്പെടുമ്പോൾ, ഗുരുതരമായതും ക്രിമിനൽ തുല്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും,” മക്ഡൊണാൾഡ് പത്രസമ്മേളനത്തിൽ പറഞ്ഞു.

വെടിവെച്ചയാൾ കൊല്ലാൻ ഉപയോഗിച്ച തോക്ക് പിതാവ് വാങ്ങിയതാണെന്നും മാതാപിതാക്കളുടെ കിടപ്പുമുറിയിലെ പൂട്ടാത്ത മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

ഡിട്രോയിറ്റിൽ നിന്ന് ഏകദേശം 35 മൈൽ വടക്കുള്ള ഓക്സ്ഫോർഡിലെ തന്റെ സ്കൂളിലെ സഹ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെയാണ് ചൊവ്വാഴ്ച ഏഥന്‍ ക്രംബ്ലി വെടിയുതിർത്തത്.

ടേറ്റ് മൈർ (16), മാഡിസിൻ ബാൾഡ്വിൻ (17), ഹന സെന്റ് ജൂലിയാന (14), ജസ്റ്റിൻ ഷില്ലിംഗ് (17) എന്നീ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.

ഏഥൻ ക്രംബ്ലിയ്‌ക്കെതിരെ ഒരു മുതിർന്ന വ്യക്തിയെന്ന നിലയിൽ കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ, ഒരു തീവ്രവാദ കുറ്റം, നാല് ഫസ്റ്റ്-ഡിഗ്രി കൊലപാതകം, ഏഴ് കൊലപാതകം എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണങ്ങൾ, 12 തോക്ക് കൈവശം വെച്ച കുറ്റങ്ങൾ എന്നിവയും ചുമത്തിയിട്ടുണ്ട്.

മിഷിഗണിലും മറ്റ് യുഎസ് സംസ്ഥാനങ്ങളിലും മാതാപിതാക്കൾ മനഃപൂർവമല്ലാത്ത നരഹത്യ അല്ലെങ്കിൽ അശ്രദ്ധമായി അപായപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട കേസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, മിക്ക പ്രായപൂർത്തിയാകാത്തവർക്കും മാതാപിതാക്കളുടെയോ ബന്ധുവിന്റെയോ വീട്ടിൽ നിന്ന് തോക്കുകൾ ലഭിക്കുന്നത് പോലെ, അമേരിക്കയിലെ മാതാപിതാക്കൾക്കെതിരെ തങ്ങളുടെ കുട്ടികൾ ഉൾപ്പെടുന്ന സ്‌കൂൾ വെടിവയ്പിൽ അപൂർവ്വമായി മാത്രമേ കേസെടുക്കൂ എന്ന് പ്രാദേശിക മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.

തോക്ക് ഉടമകൾ കുട്ടികളിൽ നിന്ന് ആയുധങ്ങൾ ഭദ്രമായി പൂട്ടിവെച്ച് സൂക്ഷിക്കണമെന്ന് മിഷിഗണിൽ നിയമമില്ല. ആ നിയമം മാറ്റണമെന്ന് മിഷിഗൺ അറ്റോർണി ജനറൽ ഡാന നെസെൽ ആവശ്യപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ ജെയിംസ് ക്രംബ്ലിയേയും ജെന്നിഫറിനേയും ഡിട്രോയിലെ ഒരു വെയര്‍ഹൗസ് ബേസ്‌മെന്റിൽ നിന്ന് മണിക്കൂറുകൾക്ക് ശേഷം അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു.

ജെയിംസ്-ജെന്നിഫർ ദമ്പതികളുടെ കാർ വെയര്‍ഹൗസിനു പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നതു കണ്ട ആരോ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇരുവരും നിരായുധരായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്ന് ദമ്പതികൾ വെള്ളിയാഴ്ച കോടതിയിൽ ഹാജരായില്ല. കസ്റ്റഡിയിലെടുത്ത ഇരുവരും കുറ്റം നിഷേധിച്ചു.

അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ ഇരുവരേയും കസ്റ്റഡിയിലെടുത്തതായി ഡിട്രോയിറ്റ് പോലീസ് മേധാവി ജെയിംസ് വൈറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആർട്ട് സ്റ്റുഡിയോ ആയി ഉപയോഗിച്ചിരുന്ന കെട്ടിടത്തില്‍ ഒളിച്ചിരിക്കാന്‍ അവരെ ആരോ സഹായിച്ചിട്ടുണ്ടെന്നും അവരെ സഹായിച്ച വ്യക്തിക്കെതിരെയും കുറ്റം ചുമത്താമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, യുഎസ് മാർഷൽസ്, അവരെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10,000 ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

“സ്വന്തം സുരക്ഷയ്ക്കായി” വെടിവയ്പ്പ് നടന്ന രാത്രി തന്നെ ദമ്പതികൾ നഗരം വിട്ടുപോയെന്നും പോലീസിൽ നിന്ന് രക്ഷപ്പെടാനല്ലെന്നും ക്രംബ്ലീസിന്റെ അഭിഭാഷകൻ പറഞ്ഞു.

ഡിട്രോയിറ്റിനടുത്തുള്ള റോച്ചസ്റ്റർ ഹിൽസിലെ എടിഎമ്മിൽ നിന്ന് ദമ്പതികൾ 4,000 ഡോളർ പിൻവലിച്ചതായും, മൊബൈൽ ഫോണുകൾ ഓഫാക്കിയതായും പോലീസിന് അറിയാമായിരുന്നുവെന്ന് യു എസ് മാര്‍ഷല്‍സ് ഓഫീസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment