ചിലന്തിവലയിൽ ഒരു ചിത്രശലഭം (നോവല്‍ ആരംഭിക്കുന്നു)

അദ്ധ്യായം 1: കാത്തിരിക്കുന്നവർ

മഴയുണ്ട്. ചെറിയ മിന്നലും മുരൾച്ചയുമുണ്ട്. ഭൂമിയാകെ തണുത്തു വിറച്ചിരിക്കുന്നു. കടുത്ത ഇരുട്ടിൽ, വീടിൻറെ ഏതോ കോണിൽ നിന്നും ചീവീടിൻറെ നിർത്താത്ത കരച്ചിൽ. പാവം; അതെങ്ങിനെയോ അകത്ത് പെട്ട് പോയതാണ്. എത്ര കരഞ്ഞാലും, അത് കേൾക്കാൻ വേറൊരു ചീവീട്, ആ വീട്ടിലില്ലെന്ന് അതിനറിയില്ലല്ലോ!

ആദം കയ്യിലെ കളിപ്പാട്ടത്തിൻറെ; ഒരു ദിനോസറിൻറെ തല പിടിച്ചു തിരിക്കുകയാണ്. ഹാളിലെ പുരാതനമായ വലിയ ക്ലോക്ക്, ഒൻപത് മണിയായെന്ന് അതി ഗംഭീരമായി വിളിച്ചു പറഞ്ഞു. സൂസൻ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും മെല്ലെ മുഖമുയർത്തി!

“ആദം….. ആ ഡോളിൻറെ തല! ഒരു സാധനവും കേടുവരുത്താതിരിക്കരുത്. ട്ടോ.”

ആദം ഒന്ന് ചിരിച്ചു. ഡോൾ അവിടെ ഇട്ടു. ചിണുങ്ങിക്കൊണ്ട് അവളുടെ അടുത്തേയ്ക്ക് വന്നു.

“മമ്മാ…. പപ്പായെന്തേ….?”

“വരുമെടാ….”

അവളൊന്നു പുഞ്ചിരിച്ചു. അവൻറെ കവിളിലൊന്ന് നുള്ളി.

“അത്രേം ദൂരേന്ന് വണ്ടിയോടിച്ച് വരണ്ടെ…? മഴയല്ലേ….? മോന് വിശക്കുന്നില്ലേ…? വ… എന്താ മോന് വേണ്ടത്…?”

ആദം ഇല്ലെന്ന് തല വെട്ടിച്ചു. മുഖം കൂർപ്പിച്ചാണ് നിൽക്കുന്നത്. ഒന്നും പറഞ്ഞില്ല. അവനെന്തോ ആലോചനയിലാണ്. അതല്ല, അവനു വേദനിച്ചുവോ?

അവളവനെ ചേർത്തു പിടിച്ചു. കവിളിൽ ഗാഢമായൊരു ചുംബനം. ആദം ആദ്യമൊന്ന് പുഞ്ചിരിച്ചു. പിന്നെ കൈവെള്ളകൊണ്ട് അവൾ ചുംബിച്ച കവിളിൽ ആഞ്ഞുതുടച്ചു. അതാണവൻറെ ശീലം!

അവൾ മൊബൈൽ ഫോൺ എടുത്തു. WhatsApp-ലൊരു ശബ്ദ സന്ദേശമിട്ടു.

“അതേയ്. ഒത്തിരി നേരമായി കാത്തിരിക്കുന്നു ട്ടൊ. ഇന്നലെ… ഒരു നല്ല ഞായറാഴ്ചയായിരുന്നു. അതങ്ങിനെ വരണ്ടുപോയി. ഇനി വയ്യ ട്ടൊ. ആദം പപ്പ വരാതെ ഇന്നുറങ്ങൂലെന്ന്. കഴിക്കുകേം ഇല്ല. അതുകൊണ്ട്…. മെല്ലെ… പതുക്കെ… സൂക്ഷിച്ച്… ഒന്ന് വേഗം വായെൻറെ ചക്കരേ. ഇവിടെ നല്ല മഴ. യ്യോ… ശ്രദ്ധിച്ച് വണ്ടിയോടിക്ക് ട്ടൊ. മഴയാണ്… love you ചക്കരെ. ഉമ്മ….. ഉമ്മ…..”

കുറച്ച് നേരം അവളാ മൊബൈലിലേക്ക് നോക്കി നിന്നു. ഇരുണ്ട രണ്ടു ശരി ചിഹ്നങ്ങൾ മാത്രം. ഫ്രെഡി വണ്ടിയോടിക്കുകയാവും. കാണുമ്പോൾ രണ്ടു ഹാർട്ടും നാലു ചുംബനവും ഇങ്ങോട്ടയച്ചോളും. അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.

അവൾ ആദമിനെ കൈനീട്ടി വിളിച്ചു: “ടാ… വാ…. നമുക്ക് കഴിക്കാം.“ അവൻറെ മുഖമപ്പോഴും പിണക്കഭാവത്തിൽ തന്നെ.

“നിക്ക് പപ്പാ വരട്ടെ…..”

“മമ്മയ്ക്ക് വിശക്കുന്നെടാ….”

“പപ്പാ വരട്ടെ…..”

“ഉം…. നീയും നിൻറെയൊരു പപ്പയും….”

ആദം കളിപ്പാട്ടത്തിൻറെ അരികിലേക്ക് തിരഞ്ഞു നടന്നു. അവൾ വീണ്ടും പുസ്തകത്തിലേക്ക് മുഖം തിരിച്ചു.

ഫ്രെഡെറിക്ക് ഔത കല്ലുവീട്ടിൽ! നാട്ടിലെ അറിയപ്പെടുന്ന ബിസിനസ് മാഗ്നറ്റും, ആഢ്യനും, ജനസമ്മതനുമാണ്. ഭാര്യ സൂസൻ, ഒരു പുരാതന കൃസ്ത്യൻ കുടുംബത്തിൽ നിന്നും. ഒരുപാട് വർഷങ്ങളുടെ കാത്തിരിപ്പിൻറെ ശേഷമുണ്ടായ, ഒരേ ഒരു മകൻ ആദം! മൂന്നര വയസ്സ്!

ഫ്രെഡിക്ക് നാട്ടിൽ പല ബിസിനസുകളും ഉണ്ട്. മാത്രമല്ല, പാരമ്പര്യമായി കിട്ടിയ തേയിലത്തോട്ടവും. അവിടെ ഒരു ചെറിയ തൊഴിൽ പ്രശ്നമുണ്ടായപ്പോൾ, അതൊന്ന് ഒത്തു തീർപ്പാക്കാൻ പോയതാണ്!

തോട്ടത്തിലേക്ക് പോകുമ്പോഴൊക്കെ അതൊരാഴ്ചത്തെ ട്രിപ്പായിരിക്കും. എന്നാലിത്തവണ രണ്ടാഴ്ചയായി. യൂണിയൻറെ ആളുകൾ ഒന്നും രണ്ടും പറഞ്ഞ് ഉടക്കിൽ തന്നെ ആയിരുന്നു. ലാഭമുണ്ടായിട്ടല്ല ഫ്രെഡി തേയില ഫാക്ടറി നടത്തുന്നത്. പാരമ്പര്യമായി കിട്ടിയതല്ലേ. അതുപേഷിക്കാൻ വയ്യല്ലോ?

എല്ലാ പ്രശ്നങ്ങളും രമ്യതയിൽ തീർത്ത് ഇന്ന് ഫ്രെഡി വരും. വൈകുന്നേരം അവിടന്ന് തിരിച്ചാൽ, ഒരു പന്ത്രണ്ട് മണിക്കെങ്കിലും ഇവിടെ എത്തും. പക്ഷെ ഇപ്പോൾ നല്ല മഴയാണ്. അതാണെന്ന് തോന്നുന്നു. നെഞ്ചിൽ പേരറിയാത്തൊരു ഭാരമുണ്ട്. എന്താണെന്നറിയില്ല. അടിവയറ്റിൽ നിന്നൊരു തണുത്ത വികാരം നെഞ്ചിലേക്ക് ഉരുണ്ടു കയറുന്നുണ്ട്!

ഫ്രെഡിക്ക് ഡ്രൈവിങ്ങ് ഒരു ക്രേയ്‌സാണ്. ഒരു ഡ്രൈവറെ പോലും നിയമിച്ചിട്ടില്ല. സ്വയം വാഹനമോടിക്കുന്നതാണ് ഇഷ്ടം.

ഇരുട്ടിലേക്ക് പ്രകാശം വന്മരങ്ങളുടെ ഇലകൾക്കിടയിലൂടെ ശൂലമുനകൾ പോലെ കുത്തിയിറങ്ങുന്നുണ്ടെങ്കിലും, കനത്ത കോടമഞ്ഞിലത് കാഴ്ചയെ തീരെ പരിപോഷിപ്പിക്കുന്നുണ്ടായിരുന്നില്ല. വിജനമായ നടപ്പാതയിൽ സൂസൻ, ഭയചകിതയായി പകച്ചു നിൽക്കുകയാണ്. ചുറ്റോടു ചുറ്റും നോക്കി.

ഇതേതാണ് സ്ഥലം? അറിയില്ല. തീരെ അപരിചിതമായൊരു സ്ഥലം! ഏതോ പേരറിയാത്തൊരു കിളിയുടെ ചിലെക്കൽ കേൾക്കാം. ആ ചിലെക്കലിന്നിടയിലൂടെ ഒരു നേർത്ത കാലടി ശബ്ദം അകന്നകന്ന് പോകുന്നു.

ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കിയപ്പോൾ, ദൂരെ ഒരാൾ നടന്നു പോകുന്നു. കോടമഞ്ഞിൽ ആളെ ഒട്ടും വ്യക്തമല്ലായിരുന്നെങ്കിലും ഉള്ളിൽ നിന്നൊരു ആന്തലുണ്ടായി.

അത്… അത് ഫ്രെഡിയല്ലേ…? അതെ… ഫ്രെഡി തന്നെ… അവളുടെ മനസ്സ് മന്ത്രിച്ചു.

“ഫ്രെഡീ…..”

അവൾ ഉറക്കെ വിളിച്ചു നോക്കി. പക്ഷെ ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല!

“ഫ്രെഡീ…. പ്ലീസ്. വെയിറ്റ് ഫോർ മീ….”

അയാൾ തിരിഞ്ഞു നോക്കാതെ നടന്നകന്നു. മെല്ലെമെല്ലെ കോടമഞ്ഞിലേക്ക് അലിഞ്ഞു ചേർന്നു. നേരത്തെ കേട്ട പക്ഷിയുടെ, ചിലക്കൽ ഇപ്പോൾ ഉച്ചസ്ഥായിൽ കേൾക്കാം. ഒരു ഞെട്ടലോടെ സൂസൻ സോഫയിൽ എഴുന്നേറ്റിരുന്നു.

ഹൊ… സ്വപ്നമായിരുന്നോ? ഞാനെപ്പൊഴാണുറങ്ങിയത്?

ക്ലോക്കിൻറെ ടിക്ക് ടിക്ക് ശബ്ദം മാത്രം കേൾക്കെ, അവൾ നോക്കി. സമയം പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു. ഫ്രെഡി ഇത് വരെ വന്നില്ലേ…?

അവൾ നോക്കുമ്പോൾ, ആദം ദിനോസർ ഡോൾ കെട്ടിപ്പിടിച്ച് സോഫയിൽ കിടന്നുറങ്ങുന്നു. ചെവിയിലേക്ക് തുളച്ചുകയറുന്നൊരു ശബ്ദം വീട്ടിലെങ്ങും മുഴങ്ങുന്നുണ്ട്. അതൊരു അലാറമായിരുന്നു. കാരണം, ഗേറ്റിലാരോ വന്നിരിക്കുന്നു. ശ്രദ്ധിച്ചാൽ ഒരു ഹോൺ മുഴങ്ങുന്നത് കേൾക്കാം.

അവൾ നേരെ മുൻവശത്തെ വാതിലിൻറെ അടുത്തേയ്ക്ക് ചെന്നു. അവിടെ സ്‌ക്രീനിൽ, ഗേറ്റിൻറെ മുൻപിലെ വാഹനം കാണാം. അതൊരു പോലീസ് ജീപ്പായിരുന്നു. രണ്ടു പോലീസുകാർ ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നുണ്ട്. അമ്പരപ്പോടെ, അവൾ സ്ക്രീനിലെ പച്ചബട്ടണിൽ വിരലമർത്തി പറഞ്ഞു. “ഓപ്പൺ ഇറ്റ്”

“Angel’s Nest” എന്ന, ആ വലിയ ബംഗ്ലവിൻറെ രാജകീയ ഗേറ്റിന് മുന്നിൽ നിർത്തിയ പോലീസ് ജീപ്പിൽ, അക്ഷമയായി ഇരിക്കുന്നത് ഒരു ലേഡി ഓഫീസർ ആണ്. ഡ്രൈവറും രണ്ടു കോൺസ്റ്റബിൾമാരും കൂടെയുണ്ട്.

കാവൽക്കാരെ ആരെയും കണ്ടില്ല. കാളിംഗ് ബെല്ലിൻറെ സ്വിച്ചും ഇല്ല. അതാണ് കോൺസ്റ്റബിൾമാർ ഗേറ്റ് തുറക്കാൻ ശ്രമിച്ചത്. പക്ഷെ, അവർക്കതിന് സാധിക്കുന്നില്ല. ഡ്രൈവർ ഹോണടിച്ചു കൊണ്ടേ ഇരുന്നു. എന്നിട്ടും ആരെയും ആ പരിസരത്തെങ്ങും കണ്ടില്ല.

പെട്ടെന്ന് അവരെ അമ്പരിപ്പിച്ചുകൊണ്ട് ഗേറ്റ് രണ്ടു വശത്തേയ്ക്കും തെന്നിമാറി. കോൺസ്റ്റബിൾമാർ വാഹനത്തിൽ കയറിയപ്പോൾ അത് ഗേറ്റ് കടന്ന് ഉള്ളിലേക്ക് പോയി. തങ്ങൾക്ക് പിറകിൽ ഗേറ്റ് സ്വയമടയുന്നത് കണ്ണാടിയിലൂടെ ഡ്രൈവർ കണ്ടു.

നന്നായി അലങ്കരിച്ച പൂന്തോട്ടത്തിന്നിടയിലൂടെ, കരിങ്കൽ കല്ലുകൾ പാകിയ മനോഹരമായി വഴിയിലൂടെ, ആ വാഹനം കമനീയമായ പ്രധാനവാതിലിൻറെ മുന്നിലെത്തി. ഓഫീസറും കോൺസ്റ്റബിൾമാരും വാഹനത്തിൽ നിന്നിറങ്ങി ചുറ്റിലും നോക്കി. ഒരു പോലീസുകാരൻ വേറൊരു പോലീസുകാരനോട് മെല്ലെ ചോദിച്ചു.

“പണ്ടാരടങ്ങാൻ ഇനി വല്ല നായ്ക്കളും വരുവോടേയ്….?”

അത് കേട്ട ഓഫീസർ അയാളെ രൂക്ഷമായി നോക്കി. ഇതെല്ലാം വാതിലിൻറെ പിറകിൽ ഉണ്ടായിരുന്ന സൂസൻ മുന്നിലെ സ്‌ക്രീനിൽ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. ആ സ്‌ക്രീനിൽ ഇങ്ങിനെ എഴുതിക്കാണിക്കുണ്ടായിരുന്നു.

Uniformed, but strangers. Armed! threaten!!

വീട്ടിലാകെ ഒരു ബീപ് ശബ്ദം കേൾക്കാം. അത് കേട്ടാണെന്ന് തോന്നുന്നു, വേലക്കാരി സോഫിയ കണ്ണുകൾ തിരുമ്മിക്കൊണ്ട് അങ്ങോട്ടു വന്നത്.

“ആരാ ചേച്ചീ….”

ഞെട്ടിത്തിരിഞ്ഞുനോക്കിയ സൂസൻ, പോലീസുകാരാണെന്ന് പറഞ്ഞപ്പോൾ അവളമ്പരന്നു. “പോലീസുകാരോ” എന്ന് ചോദിച്ചുകൊണ്ടവൾ സ്ക്രീനിലേക്ക് നോക്കി.

ആ ഓഫീസർ അമ്പരപ്പോടെ ചുറ്റിലും നോക്കുകയാണ്. ഇതെന്തൊരു വീടാണ്? കൊട്ടാരം പോലൊരു വീടുണ്ടായിട്ടും, ഒരു മനുഷ്യൻ വന്നാലറിയിക്കാൻ, ഒരു കാളിംഗ് ബെല്ല് പോലുമില്ല. ക്ഷമ നശിച്ചിട്ടാവണം, അവർ ഉറക്കെ വിളിച്ചു പറഞ്ഞു.

“സൂസൻ…. ഞങ്ങൾ ഹസ്സൻ സാർ പറഞ്ഞിട്ട് വരികയാണ്. പ്ലീസ് ഓപ്പൺ ദി ഡോർ.”

അതോടൊപ്പം, അവർ മൊബൈലിൽ ആർക്കോ വിളിക്കാൻ ശ്രമിച്ചു.

അപ്പോഴാണ് സൂസൻ വീണ്ടും സ്ക്രീനിലെ പച്ചബട്ടൻ അമർത്തി പറഞ്ഞത്. “ഓപ്പൺ ഇറ്റ്”.

തങ്ങൾക്ക് മുൻപിൽ ആ വലിയ വാതിൽ തുറക്കുന്നത് കണ്ടപ്പോൾ, അവർ മൊബൈലിൽ നിന്നും മുഖമുയർത്തി. സൂസൻ മെല്ലെ പുറത്തേയ്ക്കിറങ്ങി വന്നു. എന്താണ് എന്ന ഭാവത്തിൽ അവരെ നോക്കി.

“മാഡം സൂസൻ….?”

ഓഫീസർ ചോദ്യഭാവത്തിൽ നിർത്തി. അതെന്നവൾ തലയാട്ടിയപ്പോൾ, വളരെ പതുക്കെ അവർ പറഞ്ഞു.

“ഞങ്ങളെ ഹസ്സൻ സാർ അയച്ചതാണ്. മാഡത്തിൻറെ ഹസ്സ്… ഒരു ആക്സിഡന്റിൽ പെട്ടു. അതൊന്ന്…. അറിയിക്കാൻ വന്നതാണ്.”

“എന്ത്…..???”

സൂസൻറെ ശബ്ദം പരിധി വിട്ടുയർന്നിരുന്നു. പിന്നെ ഇടങ്കൈ കൊണ്ട് വായ പൊത്തിയുള്ള ഒരു അമർത്തിയ നിലവിളി. അവൾക്ക് കാഴ്ചകൾ മൂടൽ മഞ്ഞിലെന്നവണ്ണം മങ്ങിയതായി. ഒരു വശം ചെരിഞ്ഞു വീണ അവളെ താങ്ങാൻ കഴിയാതെ വേലക്കാരിയും വീണു.

ഓഫീസർ “മാഡം” എന്നുറക്കെ വിളിച്ചുകൊണ്ടോടിയെത്തി. അപ്പോഴേക്കും, ആ വീട്ടിലാകെ അസഹ്യമായൊരു ശബ്ദം ഉയരാൻ തുടങ്ങി. ആ വീടും പരിസരവും ആകെ പ്രകാശം കൊണ്ട് നിറഞ്ഞു.

സോഫയിൽ കിടന്നുറങ്ങുകയായിരുന്ന ആദം, ശബ്ദം കേട്ടുണർന്നു. അവനെഴുന്നേറ്റിരുന്ന് ഉറക്കെ കരയാൻ തുടങ്ങിയപ്പോൾ പോലീസുകാർ പരസ്പരം മുഖത്തോടു മുഖം നോക്കി നിൽക്കുകയായിരുന്നു.

(തുടരും)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News